തോളിൽ കയ്യിടാൻ വന്നപ്പോൾ കംഫർട്ടബിളായിരുന്നില്ല; കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തി;’ അപര്‍ണ ബാലമുരളി

കൊച്ചി ∙എറണാകുളം ലോ കോളേജിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു അപർണയുടെ പ്രതികരണം.

‘തോളിൽ കയ്യിടാൻ വന്നപ്പോൾ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാർഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെനിന്നു വരുമ്പോൾ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. കോളജിനെയും ഞാൻ ബഹുമാനിക്കുന്നു.’– അപർണ പറഞ്ഞു.

കോളേജ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും അടക്കമുള്ളവർ കോളേജിൽ എത്തിയത്. സംഭവത്തിൽ, കോളേജ് യൂണിയൻ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. നടിക്കു പൂ നൽകി സ്വീകരിക്കാൻ വേദിയിൽ കയറിയ വിദ്യാർഥി നടിയുടെ കയ്യിൽ പിടിച്ച് തോളിൽ കയ്യിടാനും സെൽഫിയെടുക്കാനും ശ്രമിച്ചിരുന്നു.

വേദിയിൽ അപമര്യാദയായി പെരുമാറിയ എറണാകുളം ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥി വിഷ്ണുദാസിനെ 7 ദിവസത്തേക്കു സസ്പെൻ‍ഡ് ചെയ്തു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞിരുന്നു. സംഭവത്തിൽ കോളജ് യൂണിയനും ഖേദം പ്രകടിപ്പിച്ചു.

Verified by MonsterInsights