തൊഴില്‍ അന്വേഷകര്‍ക്കായി തൊഴില്‍സഭ; ജില്ലാതല ഉദ്ഘാടനം നടന്നു

തൊഴില്‍ അന്വേഷകരെയും സംരംഭകരെയും സഹായിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രൂപീകരിച്ച തൊഴില്‍ സഭകളുടെ ജില്ലാതല ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വീഡിയോ സന്ദേശം നല്‍കി. ലോകത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു തൊഴില്‍ദായക സംരംഭകത്വ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തൊഴില്‍ അന്വേഷകരെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കുക, തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ ഇത് ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ സഭകള്‍ രൂപീകരിച്ചത്. തൊഴില്‍ തേടുന്നവര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭത്തിന് പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വമികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യവികസനം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് തൊഴില്‍ സഭകള്‍ നടത്തുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ജില്ലയില്‍ 70897 തൊഴില്‍ അന്വേഷകരുണ്ടെന്ന് കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ 250 ഉദ്യോഗാര്‍ത്ഥികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

പയ്യന്നൂര്‍ കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത, വൈസ് ചെയര്‍മാന്‍ ടി വി കുഞ്ഞപ്പന്‍, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി പി ഗോവിന്ദന്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി രത്‌നാകരന്‍, കില ആര്‍ പി ഡോ. രവി രാമന്തളി, പയ്യന്നൂര്‍ നഗരസഭ സൂപ്രണ്ട് കെ ഹരിദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Verified by MonsterInsights