ജൂലൈ 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകളാണ് യോഗ്യത നേടിയത്. ഇതിൽ രണ്ട് റിലേയും രണ്ട് ഹോക്കി ടീമുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടോക്കിയോ ഓളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈ 23 ന് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലുള്‍പ്പെട്ട 119 അത്ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേർ വനിതകളുമാണ്. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ 117 ഇന്ത്യന്‍ അത്ലറ്റുകളാണ് മാറ്റുരച്ചത്. ഇതില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ, ഉദ്യോഗസ്ഥരടക്കം 228 അംഗ സംഘത്തെ അയക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരീന്ദർ ബാത്ര പറഞ്ഞു.
അതിനിടെ ടോക്കിയോ ഒളിമ്പിക്സ് വില്ലേജിലെ ചിലര്‍ക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ടോക്കിയോ നഗരത്തില്‍ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒളിമ്പിക്സിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ ഒരു ഒളിമ്പിക്സ് മത്സരം നടക്കുക.