ടൂത്ത് പേസ്റ്റ് ട്യൂബിന്റെ അടിവശത്ത് കാണുന്ന ചതുരത്തിലുളള പച്ച, ചുവപ്പ്, നീല, കറുപ്പ് നിറങ്ങള്‍ നോക്കി അതില്‍ എന്തെല്ലാം തരത്തിലുളള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതായത് നിങ്ങളുടെ ടൂത്ത്‌പേസ്റ്റ് ട്യൂബില്‍ പച്ച നിറത്തിലുളള അടയാളമാണ് ഉളളതെങ്കില്‍ അത് പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് മാത്രം നിര്‍മ്മിച്ചതാണെന്നും, നീല നിറമാണെങ്കില്‍ അതില്‍ പ്രകൃതിദത്ത ചേരുവകളുടെയും ചില മരുന്നുകളുടെയും മിശ്രിതം അടങ്ങിയിരിക്കുന്നു എന്നും ചുവന്ന അടയാളമാണെങ്കില്‍ പ്രകൃതിദത്ത ചേരുവകളോടൊപ്പം രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു എന്നും ഇനി കറുത്ത ചതുര അടയാളമാണ് ഉള്ളതെങ്കില്‍ അതില്‍ രാസ ഘടകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുണ്ടാവൂ എന്നുമാണ് പലപ്പോഴും നമ്മൾ കേട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് ഒരുകൂട്ടം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ടൂത്ത്‌പേസ്റ്റ് ട്യൂബില്‍ രേഖപ്പെടുത്തിയിട്ടുളള ഐ മാര്‍ക്ക് അല്ലെങ്കില്‍ കളര്‍ മാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന നിറമുള്ള ഈ ചതുരബാറുകള്‍ ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ പായ്‌ക്കേജ്, കട്ടിംഗ് ആവശ്യങ്ങള്‍ക്കായിട്ടുള്ള അടയാളമായി നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്നവയാണെന്നാണ് വാദം. പകരം പേസ്റ്റിലെ കവറിലുളള ചേരുവകള്‍ നോക്കി ആ പേസ്റ്റില്‍ എന്ത് തരത്തിലുള്ള ചേരുവകളാണ് അടങ്ങിയിരിക്കുന്നത്, പല്ലിന്റെ ഏതൊക്കെ കാര്യങ്ങള്‍ക്കാണ് അവ ഉപയോഗിക്കുന്നത് എന്നെല്ലാം അറിയാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടൂത്ത്‌പേസ്റ്റിലെ പ്രധാന ചേരുവകള്‍
ടൂത്ത് പേസ്റ്റ് ഉണങ്ങുന്നത് തടയാനുളള ഹ്യുമിക്ടന്റ്‌സ് (ഗ്ലിസറിന്‍, സോര്‍ബിറ്റോള്‍ എന്നിവയാണ് ഹ്യുമിക്ടന്റ്‌സുകളായി ഉപയോഗിക്കുന്നത്), പല്ലിലെ പ്ലാക്ക് നീക്കം ചെയ്യുന്നതിനും കറകള്‍ കളയാനുമുള്ള അബ്രസീവുകള്‍ (ഗ്ലിസറിന്‍, സോര്‍ബിറ്റോള്‍ മുതലായവ), ടൂത്ത് പേസ്റ്റിന്റെ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താനുള്ള ബിന്‍ഡേഴ്‌സ് (സ്‌കാന്തന്‍ ഗം, കാരജീനന്‍) പോലുളളവ, പല്ലിന് കേടുവരുത്താത്ത, ടൂത്ത് പേസ്റ്റിന് രുചി നല്‍കാനുള്ള സ്വീറ്റിനേഴ്‌സ് (സാക്രിന്‍, സെലിറ്റോള്‍)പോലുള്ളവ, പേസ്റ്റിന് എന്തെങ്കിലും ഒരു ഫ്ളേവർ നല്‍കുന്ന ഫ്‌ളേവറിങ് ഏജന്റുകള്‍, പല്ല് വൃത്തിയാക്കാന്‍ സഹായിക്കുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പോലുളള ഡിറ്റര്‍ജന്റുകള്‍. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും, പോടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന സോഡിയം ഫ്‌ളൂറൈഡുകള്‍. പ്ലാക്കുകള്‍ നീക്കാനും മോണരോഗം തടയാനും ഉപയോഗിക്കുന്ന ട്രൈക്ലോസന്‍, സിങ്ക് സിട്രേറ്റ് പോലുള്ള ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ എന്നിവയാണ് ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവകൾ.
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും പല്ല് വൃത്തിയാക്കാനും പല്ല് നശിക്കുന്നത് തടയാനും വായുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നവയാണ്. ടൂത്ത് പേസ്റ്റിന്റെ ബ്രാന്‍ഡും പേസ്റ്റിന്റെ ഉദ്ദേശ്യവും അനുസരിച്ച് ഇതിലടങ്ങിയിരിക്കുന്ന ഫോര്‍മുലകള്‍ വ്യത്യാസപ്പെട്ടിരിക്കും.