വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് ഓടിയത് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്. അമിത പ്രകാശമുള്ള ലൈറ്റുകളും മ്യൂസിക് സിസ്റ്റവും അടക്കം നിരവധി നിയമലംഘനങ്ങളാണ് ബസ് നടത്തിയത് എന്നാണ് ഗതാഗതവകുപ്പ് പറയുന്നത്.
വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആൻഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരുന്നതിനെ തുടർന്ന് പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ പിഴ അടച്ചും റീ ടെസ്റ്റ് സമയത്ത് ലൈറ്റും മ്യൂസിക് സിസ്റ്റവും അഴിച്ചുവച്ചുമാണ് ടൂറിസ്റ്റ് ബസുകൾ നിയമലംഘനങ്ങൾ നടത്തിയിരുന്നു.
അപകടത്തിൽ പെട്ട ബസ് നേരത്തെ തന്നെ ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ മനോരമ ഓൺലൈനോടു വെളിപ്പെടുത്തിയിരുന്നു.
നിയമ ലംഘനങ്ങൾ പലവിധം
വാഹനത്തിന്റെ പ്ലാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ലാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ഡാൻസ് ചെയ്യും. ഡവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങൾക്കും ഇത്തരം ലൈറ്റുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതെങ്കിൽ പിന്നീട് പുറത്തും ലൈറ്റുകൾ ഉപയോഗിച്ചുതുടങ്ങി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയതാൽ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.
തീവ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കും എന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. കൂടാതെ വാഹനങ്ങളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും അപകടം ക്ഷണിച്ച് വരുത്തും.
ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുത്
ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുതെന്ന ഹൈക്കോടതി ഉത്തരിവ് വന്നത് കുറച്ചു കാലം മുമ്പാണ്. ടൂറിസ്റ്റ് ബസുകളിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവും ഉച്ചത്തിലുള്ള സംഗീതവും നിയന്ത്രിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ടൂറിസ്റ്റ് ബസിൽ ഡാൻസു കളിക്കണം എന്ന സങ്കൽപം തന്നെ അംഗീകരിക്കാവുന്നതല്ല. ഡവറുടെ ശ്രദ്ധ നഷ്ടപ്പെട്ട് അപകടത്തിലേക്കു നയിക്കുന്ന സാഹചര്യം പോലും ഉണ്ടാകാം.
ബസിലെ ആഡംബരത്തിന് 25 ലക്ഷം
ഒരു ടൂറിസ്റ്റ് ബസിൽ സാധാരണ മ്യൂസിക് സിസ്റ്റവും അനുബന്ധ ലൈറ്റുകളും സ്ഥാപിക്കാൻ ഒരു ലക്ഷം രൂപ മതിയാകും. ആ സ്ഥാനത്ത് 25 ലക്ഷം രൂപ മുടക്കി ടൂറിസ്റ്റു ബസ് നിരത്തിലിറക്കുന്നവരുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ടൂർ പോകാൻ ഈ ബസുകൾ മാത്രം മതിയാകും. ഈ ബസുകൾക്ക് ഒഴിവുള്ള സമയം നോക്കി മാത്രമാണ് വിദ്യാർഥികൾ ഇൻഡസ്ട്രിയൽ വിസിറ്റും വിനോദ യാത്രകളും നടത്തുന്നത്. ഇതിന്റെ അനന്തര ഫലം ഒരു സാധാരണ ടൂറിസ്റ്റ് ബസ് ഉടമയ്ക്ക് ഓട്ടം ലഭിക്കുന്നില്ല എന്നതാണ്. പ്രാദേശികമായി ടൂറിസ്റ്റു ബസ് ഓടിക്കുന്നവർ വെറുതെ കിടക്കുമ്പോൾ 200 കിലോമീറ്റർ വരെ ദൂരെ നിന്ന് ബസ് ഓട്ടം വിളിച്ചാണ് വിദ്യാർഥികളുടെ യാത്ര.