ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഒരിക്കലും വാട്സാപ്പിലൂടെ അയക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്മെന്റ് ലിങ്കോ വാട്സാപ്പിൽ അയക്കില്ലെന്നും മോട്ടോർ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
നിയമലംഘനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പരിവാഹൻ പോർട്ടലിൽനിന്ന് രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വരികയുള്ളൂ. വാഹനമ്പർ സഹിതമായിരിക്കും ഇത്തരം അറിയിപ്പുകളെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചെന്നും ഇതിന് പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സൈബർ തട്ടിപ്പുസംഘങ്ങൾ വാട്സാപ്പ് വഴി വ്യാജസന്ദേശങ്ങൾ അയക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
എം.വി.ഡി.യുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-
“അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ വാട്സാപ്പിൽ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.
ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.
ഇത്തരം മെസേജുകൾ ഓപ്പൺ ചെയ്യാതിരിക്കുക. സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”.