ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേ എസി 3-ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ചു

ന്യൂഡൽഹി: എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കും. കുറഞ്ഞ ചെലവില്‍ എസി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് എസി- ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍ റെയില്‍വേ ആരംഭിച്ചത്.

എസി- ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതല്‍ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാല്‍ കഴിഞ്ഞവര്‍ഷം എസി- ത്രീ ടയര്‍ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്‌കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. നിരക്ക് കുറച്ചെങ്കിലും നേരത്തെ പോലെ കിടക്കവിരി ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

എസി- ത്രീ ടയര്‍ കോച്ചില്‍ 72 ബെര്‍ത്തുകള്‍ ആണ് ഉണ്ടാവുക. 80 ബെര്‍ത്തുകളാണ് എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വര്‍ഷം 231 കോടിയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്.