യു.എ.ഇ.യിൽ മൂന്നുദിവസത്തിനകം രേഖപ്പെടുത്തിയത് റെക്കോഡ് മഴ. ദുബായ് അൽ ഖുദ്ര പ്രദേശത്ത് ലഭിച്ചത് 141.8 മില്ലീമീറ്റർ മഴയാണ്. വർഷത്തിൽ ശരാശരി 100 മില്ലീമീറ്റർ മഴ ലഭിക്കുന്നിടത്താണ് റെക്കോഡിട്ട് മഴ പെയ്തത്. വെറും മൂന്നുദിവസത്തിനകം യു.എ.ഇ.യിൽ ഏതാണ്ട് 18 മാസത്തിന് തുല്യമായ മഴപെയ്തു. ഡിസംബർ 30 മുതൽ അൽ ഖുദ്ര, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ബാബ് അൽ ഷാംസ് ഡേസേർട്ട് റിസോർട്ട് ആൻഡ് സ്പാ എന്നീ ഭാഗങ്ങളിൽ 141.8 മില്ലീമീറ്ററും അൽ ഐൻ സ്വീഹാനിൽ 70 മില്ലീമീറ്ററും അൽ ഷുവൈബിൽ 68 മില്ലീമീറ്ററും മഴപെയ്തു. ദുബായ് നഗരത്തിന് തെക്ക് ലഹ് ബാബിൽ 66.1 മില്ലീമീറ്ററും റാസൽഖൈമ ഷൗകയിൽ 64.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. സാദിയാത്ത് ദ്വീപിൽ 35.6 മില്ലീമീറ്ററും ജുമൈര 49.5 മില്ലീമീറ്ററും മഴ പെയ്തു.
കാറ്റും മഴയും ഇനിയും തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മൂടിക്കെട്ടിയ അവസ്ഥയിലായിരിക്കും. വിവിധഭാഗങ്ങളിൽ മഴയുടെ തോത് വ്യത്യാസപ്പെടാം. അബുദാബി, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലായിരിക്കും മഴ ശക്തമാവുകയെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. അൽഐനിൽ ചൊവ്വാഴ്ച മഴ ശക്തിപ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അസ്ഥിരകാലാവസ്ഥയ്ക്ക് ശമനമുണ്ടാവുമെങ്കിലും ചില തീരപ്രദേശങ്ങളിലും വടക്കൻപ്രദേശങ്ങളിലും നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
കനത്ത മഴ പെയ്ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിട്ടു. ശനിയാഴ്ച രാത്രിയാണ് ഷാർജ പോലീസ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ പ്രദേശത്തുനിന്ന് കൽബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേക്കുള്ള റോഡുകളാണ് അടച്ചത്. വാദിയിൽനിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാർജ-അൽ ദൈത് റോഡോ അല്ലെങ്കിൽ ഖോർഫക്കാൻ റോഡോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യു.എ.ഇ.യിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പ്രധാന വിനോദസഞ്ചാരമേഖലയായ ജബൽ ജെയ്സിലെ സിപ്ലൈൻ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം ഗ്ലോബൽ വില്ലേജ് അടച്ചു. ഗ്ലോബൽ വില്ലേജ് പാർക്ക് മാനേജ്മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രവുമായി ഏകോപിച്ചാണ് തീരുമാനമെന്ന് പാർക്ക് മാനേജ്മെന്റ് അറിയിച്ചു. ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വാദികൾ പോലുള്ള വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.