ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 2020-21 കാലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണം 4.14 കോടിയായെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് നാല് കോടിയിലധികം പേര്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നത്. ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (AISHE) റിപ്പോര്‍ട്ട് 2020-21 ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2011 മുതലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ പരിധിയില്‍പ്പെടുന്നു. ഓരോ സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനം, അധ്യാപക അനുപാതം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിനായി ശേഖരിച്ചിട്ടുണ്ട്.ഇതാദ്യമായിട്ടാണ് AISHE ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ചത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുത്ത വെബ് ഡാറ്റ ക്യാപ്ചര്‍ ഫോര്‍മാറ്റ് (DCF) വഴിയാണ് ഇത്തവണ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിച്ചത്.