ഉത്തരവാദ വ്യവസായം : മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്ന് വ്യവസായ മന്ത്രി

പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി ഈ മേഖലയിൽ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി അംഗീകാരം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .ഇതിനുള്ള വിശദമായ മാർഗ്ഗരേഖ കെ എസ്  ഐ ഡി സി  തയ്യാറാക്കും. കെ എസ്  ഐ ഡി സി അറുപതാം  വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിക്കും .  ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ പരിപാടി തയ്യാറാക്കും . മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊർജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങൾ കേരളത്തിന് അനുകൂലമാണ് . ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക . മികച്ച വിപണിയും ഉറപ്പു വരുത്തും .

koottan villa

വ്യവസായ വളർച്ചയ്ക്ക് ഊന്നേണ്ട മേഖലകളിൽ സംരംഭകർക്ക് ആനുകൂല്യങ്ങളും നൽകും. മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാൻ കെഎസ്‌ഐഡിസിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു . സ്വകാര്യ സംരംഭകർക്ക് ആത്മവിശ്വാസം പകർന്ന നയമാണ്  1957 ലെ ആദ്യ സർക്കാർ തന്നെ സ്വീകരിച്ചത് . ഈ മാതൃകയിൽ പുതിയ സാഹചര്യങ്ങൾക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി  പി രാജീവ് പറഞ്ഞു .കെഎസ്‌ഐഡിസിയുടെ 60 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു . കോവിഡാനന്തര സമൂഹത്തിൽ വ്യവസായ വളർച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികൾ കെഎസ്‌ഐഡിസി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്‌ഐഡിസി മുന്നോട്ട് വെക്കുക എന്നും രാജമാണിക്യം പറഞ്ഞു . 

global ad1

അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ , കെ എസ്  ഐ ഡി സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ്  ഷംനാദ് , ജനറൽ മാനേജർമാരായ  ജി അശോക് ലാൽ,  ജി ഉണ്ണികൃഷ്ണൻ, ആർ പ്രശാന്ത്, മാനേജർ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

90+
Verified by MonsterInsights