വാഹനരേഖകളും ഡ്രൈവിങ് ലൈസൻസുകളും പിഴകൂടാതെ പുതുക്കാൻ ഡിസംബർ 31 വരെ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് വ്യാപനം കാരണം രേഖകൾ പുതുക്കാൻ കഴിയാത്തവർക്കു വേണ്ടിയാണ് ഇളവ് നീട്ടിയത്.
നിലവിലുള്ള സാവകാശം ഈ മാസം 31-ന് അവസാനിക്കും. മോട്ടോർവാഹന വകുപ്പിന്റെ ‘വാഹൻ’ വൈബ്സൈറ്റ് കഴിഞ്ഞദിവസങ്ങളിൽ പ്രവർത്തനരഹിതമായത് അപേക്ഷകരെ വലച്ചിരുന്നു. പലർക്കും അപേക്ഷ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഫീസ് അടയ്ക്കുന്നതും തടസ്സപ്പെട്ടിരുന്നു.
അടച്ചിടൽ സമയത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങിയതിനാൽ ഒട്ടേറെപ്പേർ ലൈസൻസ് എടുക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സാരഥി, വാഹൻ സോഫ്റ്റ്വേറുകളിൽ ആവശ്യമായ മാറ്റംവരുത്താൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.