വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതൽ പാർപ്പിടവും വിനോദ, സാംസ്കാരിക കേന്ദ്രങ്ങളും വരെ ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കാമെന്ന് ജി.സി.ഡി.എ നിർദേശിച്ചത്. ജി.സി.ഡി.എ ചെയർമാന് കെ. ചന്ദ്രന്‍പിള്ളയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് അതോറിറ്റി ആസ്ഥാനത്തെത്തിയ ചീഫ് സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്കാണ് പദ്ധതികൾ സംബന്ധിച്ച അവതരണം നടത്തിയത്. മേയർ എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട് മിഷന് സി.ഇ.ഒ എസ്. ഷാനവാസ്, സബ് കളക്ടർ പി. വിഷ്ണുരാജ് എന്നിവരും വിവിധ വകുപ്പുകളുടെയും കൊച്ചി മെട്രോ റെയിലിന്റെയും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജി.സി.ഡി.എയുടെ തനത് പദ്ധതികൾക്ക് പുറമെ കൊച്ചി കോർപ്പറേഷന്, സർക്കാർ വകുപ്പുകൾ, കൊച്ചി സ്മാർട്ട് മിഷന്, കൊച്ചി മെട്രോ എന്നിവയുമായി ചേർന്ന് നടപ്പാക്കാവുന്ന പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. കൊച്ചിയുടെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനം ലക്ഷ്യമിടുന്നവയാണ് ഈ പദ്ധതികളെന്ന് ജി.സി.ഡി.എ ചെയർമാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. കൊച്ചി സ്മാർട് മിഷന് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പാക്കാവുന്ന എട്ട് പദ്ധതികളുടെ വിശദ പദ്ധതി രേഖ തയാറായിട്ടുണ്ട്. 47 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതികൾക്ക് ആദ്യഘട്ടമായി 13.32 കോടി രൂപയ്ക്ക് സി.എസ്.എം.എൽ അംഗീകാരം നൽകി. മറൈന്‍ഡ്രൈവിന്റെയും രാജേന്ദ്രമൈതാനത്തിന്റെയും നവീകരണം ഇതിൽ ഉൾപ്പെടുന്നു. ചങ്ങമ്പുഴ പാർക്ക് വികസനം, ഏഴ് കേന്ദ്രങ്ങളിൽ ടോയിലറ്റ് കോംപ്ലക്സുകള്‍, പ്രാദേശിക പാർക്കുകളുടെ നവീകരണം, ലൈഫ് മിഷനുള്ള സഹായം എന്നിവയ്ക്കും സി.എസ്.എം.എൽ അംഗീകാരം നൽകിയിട്ടുണ്ട്. മുണ്ടംവേലിയിൽ സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കലൂർ മാർക്കറ്റ് നവീകരണം, വിമന്‍ ഫിറ്റ്നസ് സെന്റർ, സ്പോര്‍ട്സ് അരീന എന്നിവ പരിഗണനയിലാണ്.കൊച്ചി ഇക്കോണമിക് സിറ്റി, ഫിലിം സിറ്റി
കടല്‍ നിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് സാമ്പത്തിക- സാമൂഹ്യമേഖലകള്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളിലേക്ക് കാലക്രമേണ മാറ്റണം. അതിനായി നിലവിലുള്ള നഗരപരിധിക്ക് പുറത്ത് അഞ്ചോളം പ്രത്യേക സാമ്പത്തിക മേഖലകളാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതിക്കായി 2500 ഏക്കറോളം ഭൂമി വേണ്ടി വരും. ഫിലിം സിറ്റി, ദേശീയ – സംസ്ഥാന പാതകളിലേക്ക് റോഡുകള്‍ എന്നിവയും ഇതിന്റെ ഭാഗമാണ്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ലാന്‍ഡ് പൂളിംഗ് മാതൃകയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയ്ക്ക് 70,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ക്ക് ഭവനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അതേസമയം സർക്കാർ ഭവന പദ്ധതികളുടെ പരിധിയിൽ വരാത്തവരുമായ വിഭാഗങ്ങൾക്കുമായി 50 ശതമാനം പലിശ സബ്സിഡിയോടെ നടപ്പാക്കാവുന്ന പദ്ധതിയാണ് ജി.സി.ഡി.എ വിഭാവനം ചെയ്യുന്നത്. പതിനായിരം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാക്കനാട് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 1.4 ഏക്കർ സ്ഥലത്ത് പൈലറ്റ് പദ്ധതി നടപ്പാക്കും. മുണ്ടംവേലിയിൽ പി ആന്റ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം സെപ്തംബറിൽ പൂര്‍ത്തിയാകും. ലൈബ്രറി, റീഡിംഗ് റൂം, മെഡിക്കല്‍ റൂം, നഴ്സറി, കമ്യൂണിറ്റി ഹാള്‍ എന്നിവയോടെയാണ് സമുച്ചയം ഒരുങ്ങുന്നത്. നഗര പുനരുജ്ജീവനം
പനമ്പിള്ളിനഗർ ഭവനപദ്ധതി പ്രദേശത്ത് നാശോന്മുഖമായ വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ നവീകരണത്തിന് നൂറു കോടി രൂപയുടെ പദ്ധതി. ബഹുനില പാർപ്പിട സമുച്ചയങ്ങളിലേക്കുള്ള പുനരധിവാസം, സാമൂഹ്യ – സാമ്പത്തിക വികസന പരിപാടികൾ എന്നിവ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകും. കായിക രംഗം
കായിക രംഗത്ത് കൊച്ചിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യാന്തര സ്റ്റേഡിയം നവീകരണം, അംബേദ്കർ സ്റ്റേഡിയം കേന്ദ്രീകരിച്ച് അംബേദ്കർ സ്പോർട്സ് സൊസൈറ്റി, ജി.സി.ഡി.എയുടെ ഏകോപനത്തിൽ സ്വകാര്യ ഏജന്‍സികളെ സഹകരിപ്പിച്ച് കൊച്ചി സ്പോർട്സ് സിറ്റി, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് കായികമേഖലയ്ക്കായി ജി.സി.ഡി.എ മുന്നോട്ടു വച്ചത്. കല, സംസ്കാരം
ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന കൊച്ചിയിൽ ഈ മേഖലയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് പ്രധാന ലക്ഷ്യം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഗാന്ധിനഗറിൽ ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്നത് പരിഗണനയിലാണ്. പെർഫോമിംഗ് ആർട്സ് സെന്റർ, അകാലത്തിൽ വിട പറഞ്ഞ ബാല ചിത്രകാരന് ക്ലിന്റിന്റെ സ്മരണ നിലനിർത്തുന്നതിനുള്ള ആർട് ഗ്യാലറി തുടങ്ങിയവയും ഈ പട്ടികയിലുണ്ട്. കലൂരിൽ കൺവന്ഷന് സെന്റര്‍, എക്സിബിഷന് ഗ്യാലറി, മള്‍ട്ടിപ്ലെക്സ് എന്നിവയോടെയാണ് സാംസ്കാരിക കേന്ദ്രം വിഭാവനം ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്ക് കേന്ദ്രം
കളമശേരി മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി താമസകേന്ദ്രം. വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ നിധിയിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് സ്വാശ്രയ രീതിയിലാണ് ഈ കേന്ദ്രം സ്ഥാപിക്കുക. മുണ്ടംവേലി പരിസ്ഥിതി ടൂറിസം പദ്ധതി
മുണ്ടംവേലിയിലെ ജി.സി.ഡി.എ മത്സ്യക്കൃഷി കേന്ദ്രം വികസിപ്പിച്ച് വാക് വേ, പാർക്ക്, കാരവന് പാർക്ക്, കണ്ടൽ വനപ്പാത, പഠനകേന്ദ്രം എന്നിവ സജ്ജമാക്കുന്നതിനുള്ള പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്.സ്റ്റേഡിയം, മറൈന്‍ഡ്രൈവ്
ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്തിന്റെ നവീകരണം, മറൈന്ഡ്രൈവിനായി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് പ്ലാന്‍, ബഹുതല പാർക്കിംഗ് കേന്ദ്രം നാഷണൽ അർബന്‍ കോണ്‍ക്ലേവ്
മികച്ച നഗരവികസന മാതൃകകളെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് ലക്ഷ്യമിട്ട് നാഷണൽ അര്‍ബന്‍ കോണ്‍ക്ലേവ് വാര്‍ഷികാടിസ്ഥാനത്തിൽ കൊച്ചിയില്‍ സംഘടിപ്പിക്കും. ആദ്യ പതിപ്പിന്റെ ഉദ്ഘാടനം സെപ്തംബറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.