വീട്ടുവളപ്പിലും പുരയിടങ്ങളിലും ചക്ക സുലഭമായിരുന്ന കാലം ഓർമയാണെങ്കിലും ചക്കയുടെ പ്രിയം കുറഞ്ഞിട്ടില്ല. ഇക്കുറി ചക്കയും മാങ്ങയും കുറഞ്ഞതിന്റെ നിരാശയിലാണ് പഴമക്കാർ. പുതിയ തലമുറ ചക്കയ്ക്കു മുന്നിൽ മുഖം തിരിക്കുമ്പോഴും ഭവനങ്ങളിലെ മുതിർന്ന അഗംങ്ങൾ ചക്കയ്ക്കും മാങ്ങയ്ക്കും കാത്തിരിപ്പാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ചക്കകൾ വാഹനങ്ങളിൽ സംഭരിച്ച് ഇവിടത്തെ റോഡരികിലും ഒപ്പം തമിഴ്നാട്ടിലെത്തിച്ചും വിൽപന നടത്തുന്നു. തിരക്കേറിയ കവലകളിൽ വരിക്ക ഇനം ചക്കയ്ക്ക് പ്രിയമേറെയാണ്. വില പേശലില്ലാതെയാണ് വാഹന യാത്രക്കാർ നല്ലിനം ചക്ക വാങ്ങുന്നത്. നല്ല തൂക്കമുള്ള വരിക്ക ചക്കയ്ക്ക് 500 രൂപ വരെയാണ് കച്ചവടക്കാർ വിലയിടുന്നത്. എന്നാൽ ചക്ക ഒന്നിന് 50 മുതൽ 100 രൂപ വരെ വില നൽകിയാണ് പ്ലാവിലെ മുഴുവൻ ചക്കകളും കച്ചവടക്കാർ വീടുകളിൽ എത്തി വില പറഞ്ഞ് എടുക്കാറുള്ളത്. ഇക്കുറി വിപണി അത്ര ശക്തമല്ല. കാലാവസ്ഥ വ്യത്യാനം കാരണമാണ് ഇക്കുറി പ്ലാവുകളിൽ കായ്ഫലം കുറഞ്ഞത്. ഡിസംബറോടെ തളിരിട്ട് കായ്ഫലം നിറയേണ്ട മാവിലും പ്ലാവിലും വേണ്ട കായ്ഫലമില്ല. കാലം തെറ്റി കായ്ഫലം ഉണ്ടായാൽ ഗുണവും രുചിയും കുറവായിരിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ഇനിയൊരു മഴ കൂടി വന്നാൽ ഉള്ളതും നഷ്ടമാകും.

മികച്ച ആന്റി ഓക്സിഡന്റായ ചക്ക പണ്ട് കാലത്ത് നാട്ടിൻ പുറങ്ങളിൽ പ്രധാന വിഭവമായിരുന്നു. ചക്കയിൽ നിന്ന് ഒട്ടേറെ മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്ന് കൊട്ടി ഘോഷിക്കുമ്പോഴും നാട്ടിൻ പുറങ്ങളിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുമില്ല. പറമ്പിൽ പരിപാലമനില്ലാതെ ഫലം നിറഞ്ഞ് നിന്നിരുന്ന പരമ്പരാഗത ഇനങ്ങൾ അന്യമായിക്കൊണ്ടിരിക്കുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് കായ്ഫലം നിറയുന്ന ഹൈബ്രിഡ് ഇനം പ്ലാവിൻ തൈകൾ മുറ്റത്ത് അലങ്കാരം കൂടിയാകുന്നു.
