വരൂ..പ്രേതങ്ങളുമായി കൂട്ടുകൂടാം; ‘കോണ്‍ജറിങ്’ വീട്ടില്‍ താമസിക്കാം; ക്യാംപിങിന് ക്ഷണിച്ച് ഉടമസ്ഥര്‍

പ്രേതങ്ങളെയും അസാധാരണ സംഭവങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ‘കോണ്‍ജറിങ്’ വീട് തുറക്കുകയാണ്. പാരാനോര്‍മല്‍ ക്യാംപിങ് ധൈര്യശാലികള്‍ക്കായി ഒരുക്കുന്നുവെന്നാണ് വാര്‍ത്ത പുറത്ത് വിട്ട് ഉടമസ്ഥര്‍ വെളിപ്പെടുത്തിയത്. അമേരിക്കയിലെ മസാച്യൂസെറ്റ്സിനടുത്തുള്ള ബറില്‍വിലിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഗ്ഹാംപിങ് (GHamping) എന്നാണ് വീട്ടുടമസ്ഥര്‍ ഈ സാഹസിക ക്യാംപിങിന് പേരിട്ടിരിക്കുന്നത്. അസാധാരണ സംഭവങ്ങള്‍ പലകാലങ്ങളിലായി ഈ വീട്ടില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നടത്തുന്ന ഗ്ഹാംപിങില്‍ 20 സീറ്റുകള്‍ മാത്രമാണ് ഇനി ഒഴിവുള്ളതെന്നാണ് പരസ്യത്തില്‍ പറയുന്നത്. 3–4 പേരെ ഉള്‍ക്കൊള്ളുന്ന ടെന്റിലായിരിക്കും താമസമെന്നും വീടും ഫാം ഹൗസും വിശദമായി പരിചയപ്പെടാനുള്ള സൗകര്യം ഒരുക്കുമെന്നും വീട്ടുടമസ്ഥര്‍ പറയുന്നു. അസാധാരണ സംഭവങ്ങളെ നേരിടാനുള്ള അതിഥികളുടെ കരുത്ത് പരീക്ഷിക്കപ്പെടുമെന്നും അതിനുള്ള ‘ഉപകരണങ്ങള്‍’ കയ്യില്‍ കരുതണമെന്ന മുന്നറിയിപ്പുമുണ്ട്. 

24000 രൂപ മുതല്‍ 33,000 രൂപ വരെയാണ് കോണ്‍ജറിങ് വീട്ടിലെ ടെന്റില്‍ താമസിക്കുന്നതിനുള്ള ദിവസ വാടക. എട്ടര ഏക്കറില്‍ താമസിക്കാനെത്തുന്നവര്‍ക്കായി സഹായിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ഹാംപിങിനെത്താന്‍ താല്‍പര്യമുള്ള കൗമാരക്കാര്‍ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കൂട്ടിക്കൊണ്ട് വരണമെന്നും നിബന്ധനയില്‍ പറയുന്നു. 14 മുറികളുള്ള ഫാം ഹൗസ് 2013 ലാണ്  എഡിന്റേയും ലോറന്റെയും പ്രേതാനുഭവങ്ങള്‍ക്കും അസാധാരണ സംഭവങ്ങള്‍ക്കും സാക്ഷിയായി സിനിമയിലെത്തിയത്. ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാല്‍പെരുമാറ്റങ്ങളും രാത്രിയില്‍ കേട്ടിട്ടുണ്ടെന്നും വാതിലുകള്‍ താനേ തുറക്കാറുണ്ടെന്നും ഈ വീട് വാങ്ങിയ ദമ്പതികളും വെളിപ്പെടുത്തിയിരുന്നു. 

Verified by MonsterInsights