ആഞ്ഞിലിപ്പഴം മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന പഴമാണ്. ഒരു കാലത്ത് സുലഭമായി വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന പഴങ്ങൾ വില്പനയ്ക്കായി നിരത്തുകളിൽ നിറയുകയാണ്. ഞാവൽപ്പഴം, മാമ്പഴം, ചക്കയ്ക്കുമൊപ്പമാണ് വില്പനയിൽ ആഞ്ഞിലിപ്പഴത്തിന്റെ സ്ഥാനം. ആവശ്യക്കാരും ഏറെയാണ്.നാവിൻ തുമ്പിൽ ഒരു കാലത്ത് മധുരത്തിന്റെ തേൻ കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏറ്റെടുക്കുത്തിരിക്കുകയാണ്. പഴ വിപണിയിൽ വൻ ഡിമാന്റായതോടെ ആഞ്ഞിലി ചക്ക അന്വേഷിച്ച് നാട്ടിൻ പുറങ്ങളിലേയ്ക്കും ആളെത്തി തുടങ്ങി.
പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തി കഴിഞ്ഞു.കാക്ക കൊത്തി താഴെയിട്ടും ആർക്കും വേണ്ടാതെ തറയിൽവീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോൾ എന്തുവിലകൊടുത്തായാലും വാങ്ങാൻ ആളുണ്ട്.
കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴ വർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം. നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 150 രൂപ മുതൽ 250 വരെയാണു വില.മരത്തിൽ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വർദ്ധിച്ച കൂലി ചെലവാണ് വില വർദ്ധനവിന് കാരണം.ആഞ്ഞിലിച്ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു. സ്വാദിഷ്ടമായ പഴം എന്നതിനുപുറമേ ഔഷധമായും ആഞ്ഞിലിചക്ക ഉപയോഗിക്കാം. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു കഴിക്കുന്നത് ആസ്തമയ്ക്കു നല്ല ഔഷധമാണ്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.