വരുംദിവസങ്ങളില്‍ വടക്കൻ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് യെൽലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ഏപ്രില്‍ 17, 21 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഏപ്രില്‍ 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേസമയം, ഏപ്രില്‍ 17, 18 തീയതികളില്‍ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്കിയിരിക്കുന്നു. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരേയും തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരേയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരേയും മലപ്പുറം ജില്ലയില്‍ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് 36 ഡിഗ്രി സെല്‍ഷ്യസ് വരേയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.