വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയാസീഡ്‌സ്; അറിയാം ഗുണവും ദോഷവും

ചിയാസീഡ്‌സിന്റെ ഗുണഗണങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും ഉണ്ടാവില്ല. ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ചിയാസീഡ്‌സ് ഉപയോഗിക്കാറുമുണ്ട്. ഇതില്‍ വലിയ തോതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ ചിയാസീഡില്‍ 10 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നിങ്ങളുടെ കലോറി ഉപയോഗം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തില്‍ ഇന്‍സുലിന്‍ അളവ് കൂടുന്നത് തടയുന്നു. ചിയാസീഡില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ചിയാ വിത്തുകള്‍ ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും വയറ് ചാടുന്നത് കുറയ്ക്കുകയും ചെയ്യും. ഇതില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 

ചിയാ സീഡ്‌സ് ഉപയോഗിക്കേണ്ടത് എങ്ങനെ

സ്മൂത്തിയുണ്ടാക്കുമ്പോളും ജ്യൂസ് ഉണ്ടാക്കുമ്പോഴുമൊക്കെ ചിയാ വിത്തുകള്‍ അതില്‍ ചേര്‍ത്ത് കഴിച്ചാല്‍ അത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ചിയാസീഡ് 15-20 മിനിറ്റ് ഇട്ട് വച്ച ശേഷം വെറുംവയറ്റില്‍ കഴിക്കാം. ഇത് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യും

ദോഷ വശങ്ങള്‍

ചിയാസീഡില്‍ വളരെ പോഷക ഗുണമുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നാരുകള്‍ കൂടുതലുളള ചിയാ വിത്തുകള്‍ വയറുവേദന, ഗ്യാസ്, തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വെള്ളം ആഗീരണം ചെയ്യാനുള്ള അവയുടെ കഴിവ് കൊണ്ട് അവ വീര്‍ക്കുകയും അന്നനാളത്തില്‍ വികസിക്കുന്നത് കൊണ്ട് ശ്വാസം മുട്ടലിന് കാരണമാവുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ- 3 ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ചിയാസീഡ്‌സ് അമിതമായി ഉപയോഗിച്ചാല്‍ രക്തം നേര്‍ത്തതാകാന്‍ കാരണമാകുന്നു.ചില ആളുകള്‍ക്ക് ചിയാസീഡ്‌സിനോട് അലര്‍ജി ഉണ്ടാവും. ഇത് ചര്‍മ്മത്തില്‍ തിണര്‍പ്പുകളും ദഹന അസ്വസ്ഥതകളും ഉണ്ടാകാന്‍ കാരണമാകുന്നു.

Verified by MonsterInsights