ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ ഹോട്ടല്‍ പൂട്ടും

സംസ്ഥാനത്ത് മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കുമെന്നും എല്ലാത്തരം ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണെന്നും മന്ത്രി അറിയിച്ചു. 

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അനുശാസിച്ചിരിക്കുന്ന രീതിയിലുള്ള മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുമാണു വേണ്ടത്. റജിസ്റ്റേഡ് ഡോക്ടറില്‍നിന്നും ഹെല്‍ത്ത് കാര്‍ഡ് വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകര്‍ച്ചവ്യാധികള്‍, ചര്‍മരോഗങ്ങള്‍, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക. ആദ്യ രക്തപരിശോധനയില്‍ സംശയമുണ്ടായാല്‍ തുടര്‍പരിശോധനകള്‍ നിര്‍ദേശിക്കാം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍ ഉറപ്പാക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതും വ്യാജവുമായ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്സൈറ്റിലുണ്ട്. സര്‍ട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കല്‍ രക്തം ഉള്‍പ്പെടെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം.

തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകള്‍ക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും. സ്ഥാപനം നടത്തിപ്പുകാര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു 10 ദിവസത്തിനകം മൂവായിരത്തോളം സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുകയും വൃത്തിഹീനവും ലൈസന്‍സ് ഇല്ലാത്തതുമായ 112 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുകയും ചെയ്തു. 578 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കിയതായും മന്ത്രി അറിയിച്ചു.

Verified by MonsterInsights