സിയോള്‍: ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. ഹ്വാസോംഗ്-17 എന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തെപ്പറ്റി നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്.
ഞായറാഴ്ചയ്ക്ക് ശേഷം നടക്കുന്ന ഉത്തരകൊറിയയുടെ മൂന്നാമത്തെ ശക്തിപ്രകടനമായിരുന്നു ഇത്. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും രാഷ്ട്രത്തലവന്മാര് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന ശത്രുക്കള്‍ക്ക് ഉള്ള ശക്തമായ മുന്നറിയിപ്പാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
”കിഴക്കന്‍ കൊറിയയുടെ തീരങ്ങളില്‍ നേരത്തെ നിശ്ചയിച്ച പ്രദേശത്ത് കൃത്യമായി ഇറങ്ങുന്നതിന് മുമ്പ് മിസൈല്‍ പരമാവധി 6,000 കിലോമീറ്റര്‍ (3,700 മൈല്‍) ഉയരത്തില്‍ സഞ്ചരിക്കുകയും 1,000 കിലോമീറ്റര്‍ (620 മൈല്‍) പറക്കുകയും ചെയ്തിട്ടുണ്ട്,’ എന്നാണ് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം.
അതേസമയം വര്‍ധിച്ചുവരുന്ന ആണവായുധ-സൈനിക ഭീഷണികളുടെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയയും അമേരിക്കയും പ്രതിരോധ സഹകരണം വര്‍ധിപ്പിച്ചിട്ടുണ്ട്.
യുഎസ്-ദക്ഷിണകൊറിയ സൈനിക അഭ്യാസങ്ങള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഫ്രീഡം ഷീല്‍ഡ് എന്നറിയപ്പെടുന്ന ഈ ഡ്രില്ലുകള്‍ തിങ്കളാഴ്ച തുടങ്ങി 10 ദിവസത്തേക്കാണ് പ്രവര്‍ത്തിക്കുക.
ഉത്തരകൊറിയ മൂലം മാറിവരുന്ന സുരക്ഷാ അന്തരീക്ഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫ്രീഡം ഷീല്‍ഡ് അഭ്യാസങ്ങളുടെ ലക്ഷ്യമെന്ന് സഖ്യകക്ഷികള്‍ പറഞ്ഞു.
ഇത്തരം സൈനികാഭ്യാസങ്ങളെല്ലാം അധിനിവേശത്തിനുള്ള ഒരു പരിശീലമായിട്ടാണ് കാണുന്നതെന്നും അതിശക്തമായ നടപടിയെടുക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.