വെള്ളം കിട്ടാക്കനിയാകും, അന്നം മുട്ടും!; ലോകത്തിനാകെ മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്

ലോകത്താകമാനം കുറഞ്ഞുവരുന്ന ശുദ്ധജല ലഭ്യതയെക്കുറിച്ച് കൂടുതൽ ഗുരുതര കണ്ടെത്തലുകളും മുന്നറിയിപ്പുകളുമായി ‘ഗ്ലോബൽ കമ്മീഷൻ ഓൺ ദി എക്കണോമിക്സ് ഓഫ് വാട്ടർ’ റിപ്പോർട്ട്. നിലവിലെ ഈ ജലപ്രതിസന്ധി ലോകത്തെ ഭക്ഷ്യ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നും 2050ഓടെ പല രാജ്യങ്ങളുടെയും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിൽ വരെ ഇടിവുണ്ടാകുമെന്നും ഈ റിപ്പോർട്ടിലുണ്ട്.

നിരവധി ലോകനേതാക്കളും വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഈ പഠനം നടത്തിയത്. 2050ഓടെ ഈ കുടിവെള്ള, ഭക്ഷ്യ പ്രതിസന്ധി ലോകരാജ്യങ്ങളുടെ ശരാശരി ജിഡിപി എട്ട് ശതമാനത്തോളം ഇടിവ് വരുത്തുമെന്നും, ദരിദ്ര രാജ്യങ്ങളിൽ ഈ ഇടിവ് 15 ശതമാനം വരെയാകാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഗുണകരമല്ലാത്ത സാമ്പത്തിക നയങ്ങൾ, ഭൂമി ഉപയോഗത്തിലെ കൃത്യതയില്ലായ്മ, വെള്ളത്തിന്റെ ദുർവിനിയോഗം, ഇവയ്‌ക്കൊപ്പം കാലാവസ്ഥ വ്യതിയാനവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.

 

മൂന്ന് ബില്യൺ ആളുകളും, ലോക ഭക്ഷ്യ ഉത്പാദനത്തിൻ്റെ പകുതിയിലേറെയും ഇത്തരത്തിൽ രൂക്ഷമായ ജലപ്രതിസന്ധി നേരിടുന്ന ഭാഗങ്ങളിലാണ്. ഭൂജല ലഭ്യത ഏറെക്കുറെ ഇല്ലാതായതുമൂലം നിരവധി നഗരങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

‘മനുഷ്യചരിത്രത്തിൽ ആദ്യമായി നമ്മൾ നമ്മുടെ ലഭ്യമായ ജലവിഭവങ്ങളെ ഔട്ട് ഓഫ് ബാലൻസിലേക്ക് കൊണ്ടുപോകുകയാണ്. എല്ലാകാലവും മനുഷ്യന്റെ ജലലഭ്യതയ്ക്ക് വേണ്ടി ഇനി മഴയെ ആശ്രയിക്കാൻ കഴിയില്ല, പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ’; നിലവിലെ അവസ്ഥയുടെ ഭീകരത വിവരിച്ചുകൊണ്ട് പഠനം നടത്തിയ സമിതിയിലെ അംഗങ്ങളിലൊരാളായ ജോഹാൻ റോക്ക്സ്ട്രോം പറഞ്ഞു

ജലലഭ്യത ഉറപ്പാക്കാനും, ഭൂജല സംരക്ഷണം ലക്ഷ്യമാക്കിയും നടപ്പാക്കിയ നിരവധി പദ്ധതികളിൽ ഒന്നും ലക്ഷ്യം കണ്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വെള്ളം കൂടുതൽ വേണ്ടിവരുന്ന, കൽക്കരി ശാലകൾ പോലുള്ള വ്യവസായങ്ങൾ ലോകമെങ്ങും വർധിച്ചതും ജലലഭ്യതയെ ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. കൃത്യമായ വിലനിർണയം, സബ്‌സിഡി ഏർപ്പെടുത്തൽ തുടങ്ങിയ നിരവധി പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ മാത്രമേ, എല്ലാ ജനങ്ങൾക്കും കൃത്യമായി വെള്ളം ഉറപ്പാക്കാൻ പറ്റുകയുള്ളു എന്നും റിപ്പോർട്ട് പറയുന്നു. പുഴകൾ, കായലുകൾ പോലുള്ള ജലസ്രോതസുകളിൽ മാത്രം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാതെ, മണ്ണിലും സസ്യജാലങ്ങളിലും ഉള്ള, അന്തരീക്ഷ ഊഷ്മാവിനെയും മഴയെയും സ്വാധീനിക്കുന്ന ‘ഗ്രീൻ വാട്ടറിലും’ അതീവ ശ്രദ്ധ വേണമെന്നും റിപ്പോർട്ടിലുണ്ട്.

Verified by MonsterInsights