വേനലവധി ക്ലാസുകള്‍ക്ക് വിലക്ക്: ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ബാലവകാശ കമ്മീഷന്‍.

മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍.സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി മ്രകപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ ചെയര്‍മാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Verified by MonsterInsights