ലോകോത്തര വിദ്യാഭ്യാസം, വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങൾ, മൂല്യവത്തായ ആഗോള നെറ്റ്‌വർക്കുകൾ വിദേശ പഠനം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് സാധ്യതകൾ നിരവധിയാണ്. ഏറ്റവും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കുക അതുവഴി അക്കാദമിക് ഭാവി സുരക്ഷിതമാക്കുക എന്നതും വിദേശപഠനത്തിന് തീരുമാനിക്കുമ്പോൾ പ്രധാനമാണ്. തൊഴിൽ സാധ്യത തന്നെയാണ് എല്ലാക്കാലത്തും വിദേശ പഠനത്തിൻ്റെ പ്രധാന ആകർഷണീയത. വിദേശത്തെ മികച്ച റാങ്കുള്ള സർവകലാശാലകളിൽ പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് അസാധാരണമായ തൊഴിലവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കഴിവും യോഗ്യതയുമുള്ള എല്ലാവർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവാണ് ഇതിൽ പ്രധാനകാരണം. വിദേശത്ത് പഠിക്കാനുള്ള പണം കണ്ടെത്താൻ പ്രധാനമായും രണ്ട് സാധ്യതകളാണ് പ്രധാനമായും വിദ്യാർത്ഥികൾക്ക് മുമ്പിലുള്ളത്. പഠനത്തിന് സഹായകമാകുന്ന സ്കോളർഷിപ്പുകളും ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളുമാണ് പലരും പൊതുവെ ആശ്രയിക്കുന്നത്. സ്കോളർഷിപ്പിനെക്കാൾ വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നത് ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളെയാണ്. ഇന്ത്യയിൽ, വിവിധ ബാങ്കുകൾ വിവിധ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണയായി ഏകദേശം 8.5% മുതൽ 16% വരെയാണ് പലിശനിരക്ക്
കോഴ്സ് ഫീസിന് പുറമെ താമസം, പുസ്തകങ്ങൾ, ഉപകരണങ്ങൾ യൂണിഫോം, കമ്പ്യൂട്ടറുകൾ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയാണ് വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക. പ്രത്യേക ഈട് ആവശ്യമില്ലാതെ വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം.
വിദേശത്ത് പഠിക്കാൻ എങ്ങനെ ഒരു വിദ്യാഭ്യാസ വായ്പ ലഭിക്കും
വിദേശത്ത് പഠിക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ വായ്പ ഉറപ്പാക്കുന്നതിന് മുമ്പ് പഠനകാലാവധി പൂർത്തിയാക്കാൻ എത്ര പണം ആവശ്യമുണ്ടെന്ന് തുടക്കത്തിലെ തന്നെ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന് ശേഷം വിവിധ ബാങ്കുകൾ മുന്നോട്ടുവെയ്ക്കുന്ന വ്യത്യസ്ത വായ്പാ പദ്ധതികൾ താരതമ്യം ചെയ്യുകയും ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുകയും വേണം. ഇതിന് ശേഷം വായ്പാ അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ ശേഖരിക്കുകയും ബാങ്കുകളിലോ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലോ (NBFCs) അപേക്ഷിക്കുകയും വേണം. രേഖകൾ പരിശോധിച്ച ശേഷം അർഹമെങ്കിൽ ബാങ്ക് വായ്പ അംഗീകരിച്ച് വിതരണം ചെയ്യും,
ലോണിന് എങ്ങനെ അപേക്ഷിക്കാം
വിദ്യാർത്ഥികൾക്ക് രണ്ട് തരത്തിൽ വായ്പയ്ക്ക് അപേക്ഷിക്കാം. അതിലൊന്ന് ഓൺലൈൻ അപേക്ഷയാണ്. വിദ്യാർത്ഥികൾക്ക് ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കാം. ഓഫ്‌ലൈൻ രീതിയാണ് മറ്റൊന്ന്. വായ്പയ്ക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് അവരുടെ അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കാവുന്നതാണ്. വായ്പ അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു പ്രോസസ്സിംഗ് ഫീസ് നൽകേണ്ടതുണ്ട്. ഇത് ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി ഇത് 10,000 രൂപ മുതൽ 20,000 രൂപ വരെ.
വിദേശ പഠനം: അടിസ്ഥാന രേഖകൾ ആവശ്യമാണ്
- ഐഡൻ്റിറ്റി പ്രൂഫ്
- വിലാസത്തിൻ്റെ തെളിവ്
- അക്കാദമിക് രേഖകൾ
- വരുമാന തെളിവ്
- ബാങ്ക് പ്രസ്താവനകൾ
- ഫോട്ടോഗ്രാഫുകൾ
- പാൻ കാർഡ്
- കൊളാറ്ററൽ രേഖകൾ (ആവശ്യമെങ്കിൽ)
- വിസ ഡോക്യുമെൻ്റേഷൻ
- സ്റ്റാൻഡേർഡ് ടെസ്റ്റ് സ്കോറുകൾ
- ഇംഗ്ലീഷ് പ്രാവീണ്യം പരീക്ഷ സ്കോറുകൾ
- ശുപാർശ കത്തുകൾ
- സ്റ്റേറ്റ്മെൻ്റ് ഓഫ് പർപ്പസ് (എസ്ഒപി)
- റെസ്യൂം/കറിക്കുലം വീറ്റ (CV)