വിദേശ സർവകലാശാലകളിൽ എംബിബിഎസ് പഠിക്കാൻ പുതുതായി ചേരുന്നവർ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു വർഷം ഇന്റേൺഷിപ് നിർബന്ധമായി ചെയ്യണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗരേഖ. ഇവർ ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ഇവിടെയും പഠനപരിശീലനം നടത്തണം. ഫലത്തിൽ 2 വർഷമാകും ഇവർക്ക് ഇന്റേൺഷിപ് ഈ നിർദേശങ്ങൾ പഠനം പൂർത്തിയാക്കിയവർക്കും നിലവിൽ പഠിക്കുന്നവർക്കും ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ് പഠിക്കുന്നവർക്ക് അവിടെ ഇന്റേൺഷിപ് പൂർത്തിയാക്കാതെ ഇന്ത്യയിൽ മടങ്ങിയ ശേഷം പഠനപരിശീലനം നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച് ഇതു സാധിക്കില്ല.
എംബിബിഎസ് പഠനത്തിനു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർ ഇന്ത്യയിൽ പെർമനന്റ് റജിസ്ട്രേഷൻ നടത്തണമെങ്കിൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കണമെന്നാണു കമ്മിഷൻ വിശദീകരിക്കുന്നത്.
* പഠന കാലാവധി കുറഞ്ഞത് 54 മാസമായിരിക്കണം (4.5 വർഷം)
* ഇംഗ്ലിഷിലായിരിക്കണം പഠനം.
* പഠിക്കുന്ന സ്ഥാപനത്തിൽ കുറഞ്ഞതു 12 മാസത്തെ ഇന്റേൺഷിപ് പൂർത്തിയാക്കണം.
* പഠനം നടത്തുന്ന രാജ്യത്തെ അംഗീകൃത റഗുലേറ്ററി കേന്ദ്രം നൽകുന്ന ബിരുദ യോഗ്യത.
* ഇന്ത്യയിൽ ദേശീയ മെഡിക്കൽ കമ്മിഷനിൽ റജിസ്റ്റർ ചെയ്ത ശേഷം 12 മാസത്തെ ഇന്റേൺഷിപ്
* കമ്മിഷൻ അനുശാസിക്കുന്ന യോഗ്യതാ പരീക്ഷ (നാഷനൽ എക്സിറ്റ് ടെസ്റ്റ് പാസാകണം.