ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള വാഹന നിർമാതാക്കളാണ് സ്കോഡ (Skoda). സാധാരണക്കാർക്ക് മോഹിക്കാവുന്നതിലും അപ്പുറമാണെന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിലും കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയും (Slavia) ഈ തിരക്കഥ കമ്പനി മാറ്റി എഴുതുകയും ചെയ്‌തു. എന്നാൽ 15 ലക്ഷമൊന്നും പുതിയൊരു വണ്ടിക്കായി മുടക്കാനില്ലാത്തവർക്കും സന്തോഷ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ. കുറഞ്ഞ വിലയുള്ള കോംപാക്‌ട് എസ്‌യുവിയെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നുവെന്ന വാക്കാണ് ഇപ്പോൾ പാലിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചില ടീസർ വീഡിയോയും ചിത്രങ്ങളും മുമ്പ് ബ്രാൻഡ് പുറത്തുവിടുകയും ചെയ്‌തിരുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരുമായി ഏറ്റമുട്ടാൻ പോവുന്ന സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി ഈ വർഷം ഉത്സവ സീസണോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്നാണ് വിവരം. ഇതിനു മുന്നോടിയായി മോഡലിന്റെ പേര് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.
വരുന്ന 2024 ഓഗസ്റ്റ് 21-ന് സ്കോഡ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തും. രാജ്യത്ത് കടുത്ത മത്സരമുള്ള സബ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഇതാദ്യമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കടന്നുവരുന്നത്. കുഷാഖ് പോലുള്ള മോഡലുകൾക്കൊപ്പം അവതരിപ്പിച്ച അതേ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവിയും പണികഴിപ്പിക്കുന്നത്. വാഹനം പൂർണമായും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നത് ഇന്ത്യയിലാണ്.പുതിയ കോംപാക്‌ട് എസ്‌യുവിക്കായി ഉത്പാദന ശേഷി 30 ശതമാനം വർധിപ്പിക്കുമെന്നും സ്കോഡ അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിൽക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഏകദേശം 8 ലക്ഷം മുതൽ വില തുടങ്ങിയാൽ അതിലും വേഗത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നതാണ് സത്യം. വരാനിരിക്കുന്ന എസ്‌യുവിക്ക് പേര് നിർദ്ദേശിക്കാൻ സോഷ്യൽ മീഡിയയിൽ കമ്പനി ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
തുടർന്ന് ആയിരക്കണക്കിന് ആരാധകരിൽ നിന്നും ലഭിച്ച സാധ്യമായ 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്കോഡ പറഞ്ഞു. കൈലാക്ക്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാർമിക് എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ. പ്രഖ്യാപന വേളയിൽ ഈ 10 പേരുകളിൽ അഞ്ചെണ്ണം തന്നെ സ്കോഡ നിർദ്ദേശിച്ചിരുന്നു.വരാനിരിക്കുന്ന എസ്‌യുവി എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്ന രേഖാചിത്രങ്ങളും സ്‌കോഡ മുമ്പേ വെളിപ്പെടുത്തിയിരുന്നു. കുഷാഖിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് എസ്‌യുവിക്കുണ്ടാവുക. വലിപ്പത്തിൽ ഏതാണ്ട് ബേബി കുഷാഖായിരിക്കും ഇത്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും അതിന് മുകളിലുള്ള എൽഇഡി ഡിആർഎൽ സ്ട്രിപ്പുകളുമെല്ലാം ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നത് പോലെ എസ്‌യുവിയുടെ ഗ്രില്ലിന് പരമ്പരാഗത ബട്ടർഫ്ലൈ ഡിസൈൻ ലഭിക്കാൻ സാധ്യതയുണ്ട്. പിൻഭാഗത്ത് ഷാർപ്പ് എൽഇഡി ടെയിൽലൈറ്റ് യൂണിറ്റും പിന്നിൽ കട്ടിയുള്ള ബമ്പറും കുഷാഖിനോട് സാമ്യമുള്ളതാണ്. വരാനിരിക്കുന്ന സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് പ്രത്യേകമായി തയാറാക്കിയ റൂഫ് റെയിലുകളും അലോയ് വീലുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയർ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയായിരിക്കും ബ്രാൻഡ് ഒരുക്കുക. എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയാവും പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യുക. TSI പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വന്നേക്കും.