വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്.

യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധർമ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തിൽ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാൻഡ് ലഗേജിൽ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാർ പ്രതീക്ഷിക്കാത്ത പല സാധനങ്ങൾക്കും വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേരം. വിമാനയാത്രക്കിടെ ഭർത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്സ് പോസ്റ്റിന് വിമാന കമ്പനിയായ ഇൻഡിഗോ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തീപ്പിടിക്കാൻ സാധ്യതയേറെയുള്ള വസ്തുവാണ് ഉണക്ക തേങ്ങ. അതുകൊണ്ടാണ് ചെക്കിൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത് എന്നാണ് ഇൻഡിഗോ മറുപടി നൽകിയത്. തേങ്ങയിൽ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യത കൂടുതലാണ്.

തേങ്ങ വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നത് വിമാന കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നുണ്ട്.

നിസ്സാരക്കാരനല്ല തേങ്ങ

അയാട്ടയുടെ ( ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങൾ വിമാനത്തിൽ അനുവദനീയമാണ്.

Verified by MonsterInsights