ദുബായ്: യാത്രയ്ക്കിടെ വിമാനത്തിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് രക്ഷപെടുത്തി. യുനുസ് റായന്‍റോത് എന്നയാളാണ് ഉടനടി ചികിത്സ ലഭിച്ചതോടെ രക്ഷപെട്ടത്. കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തില്‍ വച്ചാണ് യൂനുസ് റായന്റോതിന് ഹൃദയാഘാതമുണ്ടായത്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യുനുസ് ക്യാബിൻ ക്രൂവിനെ സഹായത്തിനായി വിളിച്ചു. എന്നാൽ അവർ ഓടിയെത്തിയപ്പോഴേക്കും യുനുസ് അബോധാവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇയാൾക്ക് പൾസും ശ്വാസോച്ഛാസവും ഇല്ലായിരുന്നു. ഉടനടി യുനുസിനെ നിലത്തുകിടത്തി ജീവനക്കാർ സിപിആർ നൽകി. ഇതു കണ്ടുകൊണ്ടാണ് വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഷബാർ അഹ്മദ് എത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ഡോക്ടർ നേതൃത്വം നൽകിയതോടെയാണ് യൂനുസ് ബോധം വീണ്ടെടുത്തു. തുടർന്ന് വിമാനത്തിൽ ലഭ്യമായിരുന്ന ചില അവശ്യ മരുന്നുകൾ നൽകുകയും ചെയ്തു. ദുബായിൽ എത്തിയ ഉടൻ തന്നെ യുനുസിനെ വീൽ ചെയറിൽ പുറത്തേക്ക് കൊണ്ടുപോകുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി എയർലൈൻ കമ്പനി വ്യക്തമാക്കി.
അതേസമയം യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ അവസരോചിതമായി പ്രവർത്തിച്ച ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ലൈന്‍ ക്യാഷ് അവാര്‍ഡ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനും പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടര്‍ക്കും എയർലൈൻ കമ്പനി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ പാസുകളാണ് ഇവർക്കായി എയർലൈൻ കമ്പനി നല്‍കിയത്.