കുമരകം: വേമ്പനാട്ടുകായലിലെ പോള സഞ്ചാരികൾക്കു ദുരിതമാകുന്നു. ലോക വിനോദസഞ്ചാര ദിനമായിരുന്ന ഇന്നലെ ഹൗസ് ബോട്ടിൽ വേമ്പനാട്ടു കായൽ സവാരിക്കെത്തിയ ടൂറിസ്റ്റുകൾ ഏഴു മണിക്കൂറിലേറെ പോളയിൽ കുരുങ്ങി.പോളയിൽ ബോട്ടിന്റെ പ്രൊപ്രേലർ കുടുങ്ങി പോകാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. വിനോദ സഞ്ചാരദിനമായിരുന്ന ഇന്നലെ രാവിലെ 10നു കവണാറ്റിൻകരയിൽ യാത്രതിരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ 11 അംഗ കുടുംബമാണ് മാലിക്കായലിനു സമീപം പോളയും പുല്ലും നിറഞ്ഞ കായലിൽ അകപ്പെട്ടത്.
കാറ്റടിച്ചു തിങ്ങിക്കൂടിയ പോള കാരണം രക്ഷാപ്രവർത്തനം വൈകുന്നേരം ആറിനാണ് സാധ്യമായത്. പോള കുമരകത്തെ വിനോദ സഞ്ചാര മേഖലയ്ക്കു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിനോദ സഞ്ചാര ദിനമായിരുന്ന ഇന്നലെ കാറ്റും മഴയും അതോടൊപ്പം ഹർത്താലും ആയിരുന്നിട്ടു കൂടി ഏതാനും ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും ഓട്ടം ലഭിച്ചിരുന്നു. ഇവയ്ക്കാണ് പോള വില്ലനായത്.
കഴിഞ്ഞവർഷം തണ്ണീർമുക്കം ബണ്ടു തുറക്കാൻ വൈകിയതാണ് പോളശല്യം രൂക്ഷമാകൻ കാരണമെന്ന് ആക്ഷേപമുണ്ട്. ജെട്ടിത്തോടിന്റെ മുഖവാരത്തെ പോള നീക്കാൻ ഇറിഗേഷൻ വകുപ്പ് 3,20,000 രൂപാ അനുവദിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. കായലിൽ കക്കാ വാരാൻ
പോയ തൊഴിലാളികൾ രണ്ടാഴ്ച മുമ്പ് ഒരു പകൽ മുഴുവൻ പോളയിൽ കുരുങ്ങി കായലിൽ അകപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി വി.എൻ. വാസവൻ എത്തി പോള നീക്കം ചെയ്യാൻ നടപടികൾ വീകരിക്കണമെന്ന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിരുന്നു.