ഐഫോണിന്റെ ഓരോ ലോഞ്ചും ആളുകൾ ഏറെ ആകാംഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. പ്രീ ബുക്കിങ് തുടങ്ങുമ്പോഴേക്കും ഒരുപാട് പേർ ബുക്ക് ചെയ്തിരിക്കും. നീണ്ട വരിയാകും ആദ്യ ദിവസങ്ങളിൽത്തന്നെ ഐഫോൺ വാങ്ങാനായി ഉണ്ടാകുക. ഇത്തരത്തിൽ പുതിയ മോഡലായ ഐഫോൺ 16ന് വേണ്ടിയും വലിയ കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.
പുതിയ ഐഫോൺ മോഡൽ സെപ്റ്റംബർ 9നാണ് പുറത്തിറങ്ങുക. അവയുടെ വിലവിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
എന്നാൽ ഐഫോൺ 16,16 പ്ലസ് മോഡലുകൾക്ക് ഐഫോൺ 15നേക്കാൾ കാര്യമായ വിലവ്യത്യാസമുണ്ടാകില്ല എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ല എന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. എന്നാൽ 16 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് വില കൂടും. ക്യാമറ, ബാറ്ററി, ചിപ്പ് ഡിസൈൻ, ഡിസ്പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളിൽ മാറ്റമുള്ളതിനാലാണിത്.