വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിൽ അന്താരാഷ്ട്ര നയതന്ത്ര സഖ്യം യോഗത്തിലാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം.

വരും ദിവസങ്ങളിൽ വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വരും മാസങ്ങളിൽ താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അറിയിച്ചു.

മാർച്ച് 3 ,4 തീയ്യതികളിൽ വിശാഖപട്ട‌ണത്ത് അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടി നടത്തും. എല്ലാവരും എത്തിച്ചേരണമെന്നും തന്റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് നേരിട്ടു കാണണമെന്നും ജഗൻ മോഹൻ അഭ്യർത്ഥിച്ചു.

നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനം. 2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തു. വിശാഖപട്ടണം (നിർവാഹക തലസ്ഥാനം), അമരാവതി (നിയമനിർമ്മാണ തലസ്ഥാനം), കർണൂൽ (ജുഡീഷ്യൽ തലസ്ഥാനം) എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നത്.

Verified by MonsterInsights