വാട്ടർബോട്ടിൽ കൃത്യമായി കഴുകില്ലേ? എങ്കിൽ പണി പുറകെ വരുന്നുണ്ട്

നിങ്ങളുടെ കൈയിലെ വാട്ടർ ബോട്ടിൽ നിങ്ങൾ കൃത്യമായി എല്ലാ ദിവസവും കഴുകാറുണ്ടോ? ഇനി കഴുകിയിട്ടും ഒരു പ്രത്യേക നാറ്റം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ, ഇത് പുതിയ അസുഖങ്ങൾ വിളിച്ച് വരുത്താൻ സാധ്യതയുണ്ട്. സ്റ്റീൽ കുപ്പികൾ മുതൽ പ്ലാസ്റ്റിക് കുപ്പികൾ വരെ വാട്ടർ ബോട്ടിലായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്താണെന്ന് അറിഞ്ഞ് വേണം അവ വാങ്ങാൻ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗം. കുട്ടികൾക്ക് ഉൾപ്പടെ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊടുത്തുവിടുന്നത് സാധാരണയാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പികൾ തുടർച്ചയായി വെള്ളം കുടിക്കുന്നത് അപകടകരമാണ്. ഇൻസുലിൻ പ്രതിരോധം, എൻഡോക്രൈൻ തടസ്സം, പ്രത്യുൽപാദന ആരോഗ്യം, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിച്ചാൽ ഉണ്ടാകാം. ചൂടുള്ള വെള്ളവും ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികളിൽ ഒഴിച്ച് വെയ്ക്കാനോ കുടിക്കാനോ പാടില്ല.

പ്ലാസ്റ്റിക് കുപ്പികൾക്ക് മാത്രമാണ് പ്രശ്നമെന്ന് കരുതി സമാധാനിക്കാൻ വരട്ടെ. വെള്ള കുപ്പികൾ ഏതുമായിക്കൊള്ളട്ടെ കൃത്യമായി കഴുകിയില്ല എന്നുണ്ടെങ്കിലും പ്രശ്നമാണ്. വെള്ളം കൊണ്ടുപോവുന്ന കുപ്പിയല്ലേ അത്കൊണ്ട് വലിയ അഴുക്കുണ്ടാവില്ല എന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. ഗ്രേറ്റർ നോയിഡയിലെ യഥാർഥ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രശാന്ത് പറയുന്നതനുസരിച്ച്, വെള്ളക്കുപ്പി അധികനാൾ വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കാനും സാധ്യതയുണ്ട്.

 

സാൽമൊണല്ല, ഇ-കോളി തുടങ്ങിയ ബാക്റ്റീരിയകൾ വെള്ളകുപ്പികൾക്കുള്ളിൽ വളരാനുള്ള സാധ്യതകളും ഏറെയാണ്. അതിനാൽ ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതിനുപകരം, എല്ലാ ദിവസവും കുപ്പികൾ സോപ്പ് വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. വെള്ളമല്ലാതെ മറ്റേതെങ്കിലും പാനീയങ്ങൾ കുടിക്കാൻ ഈ കുപ്പികൾ ഉപയോഗിക്കുമ്പോൾ, അവ ഓരോ തവണയും ഉപയോഗ ശേഷം കഴുകുന്നുവെന്ന് ഉറപ്പാക്കുക. സാധ്യമെങ്കിൽ, കുപ്പികൾ ഫലപ്രദമായി അണുവിമുക്തമാക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ഓട്ടോക്ലേവ് മെഷീൻ ഉപയോഗിക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ ആണെങ്കിലും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ തുടങ്ങിയ രാസവസ്തുക്കളുമായി പ്രവർത്തിക്കാനുള്ള സാധ്യത സ്റ്റൈൻലെസ്സ് സ്റ്റീലിനുമുണ്ട്. ഇതും നിങ്ങളുടെ പാത്രത്തിൻ്റെ ഉള്ളിൽ കേടുവരുത്തും. അതിനാൽ നിങ്ങളുടെ വാട്ടർ ബോട്ടിലുകൾ ഏറെ ശ്രദ്ധയോടെ, നിർമ്മിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ച് മാത്രം വൃത്തിയാക്കുക.

 
 
Verified by MonsterInsights