യാത്രയ്ക്കിടെ യുവതി ബസിൽ അബോധാവസ്ഥയിലായി; KSRTC സൂപ്പർ ഫാസ്റ്റ് ‘ആംബുലൻസ്’ ആയി ചീറിപ്പാഞ്ഞു

എറണാകുളം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ആംബുലൻസായി ചീറിപ്പാഞ്ഞുപ്പോൾ തിരിച്ചുപിടിച്ചത് ഒരു ജീവൻ. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസാണ് ആംബുലൻസായി ചീറിപ്പാഞ്ഞത്. മല്ലപ്പള്ളിയിൽനിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസിൽ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രസാദ്, കണ്ടക്ടർ ജുബിൻ എന്നിവർ ചേർന്ന് യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആദ്യം അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല. ഇതോടെ ബസ് ഒരു പെട്രോൾ പമ്പിൽ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയെയും കൊണ്ട് കെഎസ്ആർടിസി ബസ് ചീറിപ്പാഞ്ഞ് ആശുപത്രിയിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കെഎസ്ആർടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാനും തുടർചിത്സ നൽകുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്ന അവിടുത്തെ ജീവനക്കാരോടും മാനേജ്മെന്റിനോടു അവശതയിൽ ആയ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഒരേ മനസ്സ് കാണിച്ച ബസിലെ യാത്രക്കാർക്കും നന്ദി അറിയിക്കുന്നതായും കെഎസ്ആർടിസി വ്യക്തമാക്കി.

Verified by MonsterInsights