എല്ലാ വർഷവും ഫോബ്‌സ് മാസിക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിടാറുണ്ട്. എന്നാൽ ഇത്തവണ ലോകത്തിന്റെ ശ്രദ്ധ പോകുന്നത് ഒരു 19 കാരനിലേക്കാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ക്ലെമെന്റ് ഡെൽ വെച്ചിയോ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിർമ്മാതാക്കളായ എസ്സിലോർ ലക്‌സോട്ടിക്കയുടെ മുൻ ചെയർമാനും ഇറ്റാലിയൻ കോടീശ്വരനുമായ ലിയനാർഡോ ഡെൽ വെച്ചിയോ ആണ് ക്ലെമെന്റിന്റെ പിതാവ്.
കഴിഞ്ഞ വർഷം ജൂണിൽ 87-ാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചതോടെ ലിയനാർഡോയുടെ 25.5 ബില്യൺ ഡോളറിന്റെ ആസ്ഥി ഭാര്യക്കും ആറ് മക്കൾക്കും പാരമ്പര്യമായി ലഭിച്ചു. അങ്ങനെ തന്റെ 18-ാമത്തെ വയസിൽ ക്ലെമെന്റ് കോടീശ്വരനായി. ലക്സംബർഗ് ആസ്ഥാനമായുള്ള പിതാവിന്റെ ഹോൾഡിംഗ് കമ്പനിയായായ ഡെൽഫിനിൽ 12.5 ശതമാനം ഓഹരിയാണ് ക്ലെമെന്റിന് പാരമ്പര്യമായി ലഭിച്ചത്. ഫോർബ്‌സ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിൽ 4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്ഥി..
എന്നാൽ തന്റെ പഠനത്തിലും വ്യക്തിപരമായ താൽപ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ക്ലെമെന്റ് ഡെൽ വെച്ചിയോയ്‌ക്ക് താൽപര്യം. സൺഗ്ലാസ് ഹട്ട്, റേ-ബാൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വലിയ കുടുംബ സമ്പത്ത് ക്ലെമെന്റിന് ഉണ്ടായിട്ടും. ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്തുകയാണ് ചെയുന്നത്. കൂടാതെ പിതാവിന്റെ ബിസിനസുകളിൽ നേരിട്ട് ഏർപ്പെടുന്നില്ലെന്നും റിപ്പോർട്ടുണ്ട്.