ടിപിആര്‍ ഉയര്‍ന്നുതന്നെ; നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരും, ടിപിആര്‍ 18 ന് മേല്‍ 80 പ്രദേശങ്ങള്‍

ടിപിആര്‍ കുറയാത്തത് ​ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.165 പ്രദേശങ്ങളിലാണ് ടിപിആ‍ർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാ​ഗം. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാ​ഗത്തിൽ 473 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാ​ഗത്തിലുണ്ട്. 80 ഇടത്ത് ടിപിആ‍ർ 18 (ഡി വിഭാഗം) ശതമാനത്തിന് മുകളിലാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. 

hill monk ad

കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നി‍ർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാ‍ർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ,​ ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ​ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാ​ഗത്തിലെ മുൻ​ഗണനാപട്ടികയിലേക്ക് മാറ്റും.

ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും.

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് ഇരുപത്തിയേഴ് വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നൽകി വരുന്നവർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് പ്രശസ്ത എഴുത്ത്കാരി ബി.എം. സുഹറയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജയും അർഹരായി.

 

പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാർഡുമാണ് രണ്ടു പുരസ്കാരങ്ങൾക്കും നൽകുന്നത്. ഭരത് ഭവൻ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും മായ പ്രമോദ് പയ്യന്നൂർ ചെയർമാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാൻ, ബി.ഉണ്ണികൃഷ്ണൻ , സാഹിത്യകാരൻമാരായ കെ.വി. മോഹൻ കുമാർ, കിളിരൂർ രാധാകൃഷ്ണൻ , മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, എം. സരിത മോഹനവർമ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ എന്നാവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവി ഡ് മഹാമാരി കുറയുന്നതോടു കൂടി പുരസ്കാരങ്ങൾ തലയോലപ്പറമ്പിൽ വച്ച് നൽകുമെന്ന് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബുവും ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ.എസ്. ലാലി മോളും അറിയിച്ചു.

achayan ad

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തിൽ  (www.kudumbashree.org/careers)  ലഭ്യമാണ്.

ഫോട്ടോ ജേർണലിസം കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത.
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിളിക്കേണ്ട നമ്പർ: 0484 2422275, 9447225524.

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്,  പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

ആറാം വയസിൽ വീട്ടുപണിക്കിറങ്ങിയ കുട്ടി, ബാലവേലകളിൽ നിന്നും ഇതുവരെ രക്ഷിച്ചത് 9000 കുട്ടികളെ

ആറാമത്തെ വയസിലാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള അനുരാധ ഭോസ്ലെ അമ്മയ്ക്കൊപ്പം വിവിധ വീടുകളില്‍ അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. വീട്ടിലെ അവസ്ഥ അതായിരുന്നു. അത്യാവശ്യം ഭക്ഷണം കഴിക്കാനുള്ള വക അമ്മയും അച്ഛനും സമ്പാദിച്ചുവെങ്കിലും മറ്റെന്തിനെങ്കിലുമുള്ള പണം കിട്ടിയിരുന്നില്ല. വീട്ടുജോലിക്ക് പോകുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകുന്നത് അവള്‍ വേദനയോടെ നോക്കിനിന്നു. ജീവിതം തന്നോട് മാത്രം എന്താണിങ്ങനെ എന്ന് അവളപ്പോള്‍ ചിന്തിച്ചിരുന്നു. 

 

ഒരിക്കല്‍ അവള്‍ ധൈര്യം സംഭരിച്ച് അവള്‍ക്കും സ്കൂളില്‍ പോകാനാശയുണ്ട് എന്ന് ആ വീട്ടുകാരനോട് പറഞ്ഞു. അദ്ദേഹം അവളെ പഠിപ്പിക്കാമെന്നും പഠനം സ്പോണ്‍സര്‍ ചെയ്യാമെന്നും സമ്മതിച്ചു. വിദ്യാഭ്യാസമാണ് അനുരാധയുടെ ജീവിതം മാറ്റിമറിച്ചത്. അതിന് പലരും അവളെ സഹായിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങാനായി അവള്‍ കഠിനപ്രയത്നം തന്നെ നടത്തി. മകളുടെ പഠനത്തിലെ മിടുക്ക് കണ്ടപ്പോഴാണ് വിവാഹത്തിനും അപ്പുറം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലെന്തെങ്കിലും ചെയ്യാനുണ്ട് എന്ന് അവളുടെ അമ്മ തിരിച്ചറിയുന്നത് പോലും. 

sap1

1984 -ല്‍ അവളുടെ ബോര്‍ഡ് എക്സാം നടക്കുന്ന സമയം. ഫീസടക്കാനുള്ള 45 രൂപ നല്‍കുന്നത് ഒരു കര്‍ഷകനാണ്. അത്രയും വലിയ തുക തിരിച്ച് നല്‍കാനില്ലാതെ അവള്‍ പാടത്ത് പണിയെടുത്തു. ആറാം ദിവസം അവളുടെ അധ്വാനവും സമര്‍പ്പണവും തിരിച്ചറിഞ്ഞ കര്‍ഷകന്‍ മുഴുവന്‍ തുകയും നല്‍കി കരാര്‍ സമയം കഴിയുന്നതിന് മുമ്പ് തന്നെ പോവാനനുവദിച്ചു. 

സോഷ്യല്‍ വര്‍ക്കിലാണ് അവര്‍ ബിരുദാനന്തരബിരുദം നേടിയത്. 1990 -കളിൽ ബജാജ് ഓട്ടോ കമ്പനിയുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിൽ ജോലി ആരംഭിച്ചു. തുടർന്ന് വെരാല ഡവലപ്മെന്റ് സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ 24 വർഷമായി, ബാലവേല, സ്ത്രീ ശിശുഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെ പോരാടുന്ന അവാനി എന്ന എൻ‌ജി‌ഒയിൽ പ്രവർത്തിക്കുന്നു അനുരാധ.

കുട്ടികളെ ബാലവേലയില്‍ നിന്നും കടത്തില്‍ നിന്നും രക്ഷിക്കുന്നത് കൂടാതെ അവയ്ക്കെതിരെ അവബോധം വളര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. 1995 -ൽ ഒരു ഇഷ്ടികക്കളത്തിലായിരുന്നു അവളുടെ ആദ്യത്തെ രക്ഷാപ്രവർത്തനം. ഏഴിനും 15 -നും ഇടയിൽ പ്രായമുള്ള 11 കുട്ടികളെ അന്ന് രക്ഷപ്പെടുത്തി. കുട്ടികൾ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുകയും തലയിൽ ഇഷ്ടികകൾ ചുമക്കുകയും ചെയ്യുകയായിരുന്നു അവിടെ. പിന്നീടും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളായായി. അനവധി കുട്ടികളെ രക്ഷപ്പെടുത്തി. അവരെ ഒന്നുകിൽ അവനിയുടെ അഭയകേന്ദ്രങ്ങളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്തോ എത്തിച്ചു. പലവീട്ടിലെയും ദാരിദ്ര്യം കാരണം കുഞ്ഞുങ്ങൾ വീണ്ടും പണിക്കിറങ്ങി. 

എന്നാൽ, ആ കുട്ടികളുടെ വിദ്യാഭ്യാസം കൂടി അവരുറപ്പാക്കി. പല കുട്ടികളും പഠിച്ച് വിവിധ ജോലികളിൽ പ്രവേശിച്ചു. ഇന്ന് ഈ മഹാമാരിയുടെ പുതുകാലത്ത് കുട്ടികൾക്ക് ഡിജിറ്റലായിട്ടുള്ള പഠനസൗകര്യം ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് അനുരാധ. 

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ‘മരക്കാര്‍’; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച ‘ഫ്രീ-റണ്‍’

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. 

മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി.

hill monk ad

“മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്‍റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്‍റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്‍ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല”, ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ പറയുന്നു.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.
ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ്  സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
‘വ്യവസായ ഭദ്രത’ സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.
സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും.  അർഹരായ യൂണിറ്റുകൾക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും  മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്‌സിഡി 30 ലക്ഷം  എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ – പട്ടികജാതി പട്ടികവർഗ്ഗ – എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.

pa2

മുൻഗണനാ വ്യവസായ സംരംഭങ്ങളായ റബർ, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉല്പാദനം, ഉപകരണ നിർമ്മാണം, ബയോ ടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകൾ, ജൈവ – കീടനാശിനി നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്‌സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തിൽ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകർക്കും 45 ശതമാനം സബ്‌സിഡിയായി നൽകും.
നാനോ യൂണിറ്റുകൾക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകുന്നത്. 600 യൂണിറ്റുകൾക്ക് വരെ പ്രയോജനം ലഭ്യമാക്കും.
നാനോ യൂണിറ്റുകളിൽ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കാണ് നിലവിൽ പലിശ സബ്‌സിഡി ലഭിച്ചിരുന്നത്. എന്നാൽ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്ക് ലഭിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത തുക  ലോക്ഡൗൺ സാഹചര്യത്തിൽ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല.  179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴ പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക്  ഒഴിവാക്കി നൽകും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകർക്കായി അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും.  150 സംരംഭങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ, തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ച് ശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ പ്രത്യേക ലോൺ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.  അഞ്ച് ശതമാനം പലിശയിലായിരിക്കും സംരംഭകർക്ക് ലോൺ ലഭ്യമാക്കുക.
സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടക കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഒഴിവാക്കി.
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തെ കോമൺ ഫസിലിറ്റി ചാർജും ഒഴിവാക്കി.
ലോണുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി നൽകും. ഇതിന്റെ ഡൗൺ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നൽകിയാൽ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിന് പലിശ ഈടാക്കില്ല.
കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി.
കിൻഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാർജുകളും ഒഴിവാക്കി.
കിൻഫ്രയുടെ കീഴിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നില നിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 ശതമാനം ഡൗൺപേമെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കുന്നതല്ല.
ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് കിൻഫ്രയുടെ നേതൃത്വത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുവദിക്കും.
സഹായ പദ്ധതി ചെറുകിട വ്യവസായ മേഖലയ്ക്ക് ഉണർവ് പകരുമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഖാലിദ് പറഞ്ഞു. പദ്ധതിയിലെ ഇളവുകൾ സംരംഭകർക്ക് ആശ്വാസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായലോകം കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് ഫിക്കി കേരള കോ-ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും വെബിനാറിൽ സംസാരിച്ചു.

ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍

യൂറോ കപ്പ് ക്വാർട്ടറിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ടൂർണമെന്‍റിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും. രാത്രി 12.30നാണ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊമേലു ലുക്കാക്കുവും നേർക്കുനേർ വരുന്ന മത്സരമാണിത്. 

റെക്കോർഡ് കാത്ത് റോണോ

ചരിത്രം തിരുത്തുന്ന മത്സരമാണ് ബെൽജിയത്തിന്‍റെയും പോർച്ചുഗലിന്‍റേയും ആരാധകർ ഒരേസമയം കാത്തിരിക്കുന്നത്. ബെൽജിയം ജയിച്ചാൽ 32 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. പോർച്ചുഗലിനെതിരെ മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന് നേടുന്ന ജയം. പോർച്ചുഗൽ ആരാധകർ ജയത്തിനൊപ്പം ആഗ്രഹിക്കുന്നത് റൊണാൾഡോയുടെ ഒരു ഗോൾ കൂടിയാണ്. അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ ഒറ്റയ്ക്ക് മുന്നിലെത്താൻ റോണോയ്ക്ക് ഒരു ഗോൾ കൂടി വേണം. 

യൂറോയ്ക്ക് മുൻപൊരു സൗഹൃദ മത്സരത്തിലാണ് ഇരുടീമും അവസാനം നേർക്കുനേർ വന്നത്. ഗോളടിക്കാൻ മറന്ന് പോയൊരു സമനിലയായിരുന്നു ഫലം. 2020ലെ യുവേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ അപരാജിത കുതിപ്പാണ് ബെൽജിയം നടത്തുന്നത്. തോൽവിയറിയാതെ 12 മത്സരങ്ങൾ. അതിൽ പത്തിലും ജയം. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലിയെയും നെതർലന്‍ഡിനെയും പോലെ എല്ലാ മത്സരവും ജയിച്ച് കയറി. 

 

അതേസമയം മരണഗ്രൂപ്പിൽ ഫ്രാൻസിനോട് സമനില പിടിച്ചതോടെ അടുത്ത റൗണ്ടിലേക്ക് ജീവൻ നീട്ടിയെടുക്കുകയായിരുന്നു പോർച്ചുഗൽ. സ്ഥിരതയില്ലായ്മ പ്രശ്നമാണ്. അവസാന അഞ്ച് കളികളിൽ രണ്ടിൽ മാത്രമാണ് പോർച്ചുഗലിന് ജയിക്കാനായത്. 

പോരാട്ടം കരുത്തർ തമ്മില്‍

റഷ്യയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ബെൽജിയം ഫുൾ ബാക്ക് തിമോത്തി കാസ്റ്റിഗ്നേ ഇന്നും കളിക്കില്ല. കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാർഡിനെയും റോബർട്ടോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇറക്കിയേക്കും. 

മറുവശത്ത് അവസരം മുതലാക്കാനാകാതെ പോയ ജാവോ മൂട്ടിനോയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസിനെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് തിരികെ കൊണ്ടുവരാനാണ് സാധ്യത. കായികക്ഷമത വീണ്ടെടുത്താൽ ലെഫ്റ്റ് ബാക് നൂനോ മെൻഡിസിനെയും പോർച്ചുഗീസ് നിരയിൽ കാണാം. 

യൂറോയിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിന് ചെക്ക് റിപ്പബ്ലിക് ആണ് എതിരാളികൾ. രാത്രി 9.30നാണ് മത്സരം.

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6 മുതൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6, 7, 8 തീയതികളിൽ  നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
  6ന് ജില്ലാപഞ്ചായത്ത്, 7ന് മുൻസിപ്പാലിറ്റി, 8ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും. ജില്ലാ കളക്ടറാണ് വരണാധികാരി.
ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും മറ്റു 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുൻസിപ്പാലിറ്റി കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്.  
    ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനും ചുമതലയുള്ള ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ രൂപീകരണം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ട്.  
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വരണാധികാരികൾക്ക് നിർദ്ദേശം നൽകി.

oetposter2
Verified by MonsterInsights