Month: June 2021
കേരളത്തിന്‍റെ വാക്സിന്‍ ലഭ്യതക്കുറവ് വെല്ലുവിളി
ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 18 ലക്ഷത്തോളം ഡോസ് വാക്സിനാണ്.
ജൂലൈ 15നകം സംസ്ഥാനത്ത് നാൽപ്പത് വയസ്സിന് മുകലിലുള്ള മുഴുവൻ പേർക്കും ആദ്യഡോസ് വാക്സിനെങ്കിലും നൽകാൻമുഖ്യമന്ത്രി നിർദേശിച്ചത് ജൂൺ 5നായിരുന്നു. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രധാന ഒരുക്കമായിരുന്നു ഇത്. മുന്നിലുണ്ടായിരുന്ന നാൽപ്പത് ദിവസത്തിൽ 20 ദിവസം കഴിഞ്ഞുപോയി. ലക്ഷ്യം പ്രഖ്യാപിച്ച ജൂൺ 5ന് 45ന് മുകളിലുള്ള 57 ശതമാനം പേരാണ് ആദ്യഡോസ് വാക്സിനെടുത്തിരുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 66 ശതമാനമായി. പുതുതായി വാക്സിൻ നൽകാനായത് 9 ശതമാനം പേർക്ക്. 20 ദിവസത്തിനിടെ ഈ വിഭാഗത്തിൽ നൽകാനായത് 10 ലക്ഷത്തിലധികം പേർക്ക്. 45ന് മുകലിലുള്ളവരിൽ ആദ്യഡോസ് ലാഭിക്കാത്തവർ ഇനിയും 39 ലക്ഷത്തോളമാണ്.
40ന് മുകളിലുള്ളവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് അരക്കോടിയിലധികം വരുമെന്നാണ് കണക്ക്. 38 ലക്ഷം ഡോസ് വാക്സിൻ ഈ മാസം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് വന്നത് 18 ലക്ഷത്തോളം ഡോസാണ്. 18നും 44നും ഇടയിലുള്ളവർക്ക് ഇതിനേക്കാൾ പതുക്കെയാണ് വാക്സിനേഷൻ. ഒന്നരക്കോടി പേരിൽ പതിനാറര ലക്ഷം പേേർക്കാണ് ആദ്യഡോസ് കിട്ടിയത്. രണ്ടാം ഡോസ് കിട്ടിയത് 7261 പേർക്ക്. 45 വയസ്സിന് മുകലിലുള്ള ഒരുകോടി പതിമൂന്ന് ലക്ഷത്തിലധികം പേരിൽ 20 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും കിട്ടിയത്.
നിലവലുള്ള വേഗതയിൽ പോയാൽ പ്രക്യാപിത ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചുരുക്കം. കണക്കുകൾ ഇങ്ങനെയിരിക്കെയാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകൾ തുടങ്ങാൻ സംസ്താനം ആലോചിക്കുന്നത്. രണ്ടര ലക്ഷം ഡോസ് വരെ വാക്സിൻ പ്രതിദിനം നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് വാക്സിൻ ലഭ്യതക്കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വീണ്ടും ജാഗ്രത നിർദ്ദേശിച്ച് കേന്ദ്രം
കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു.
രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭഏദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു.
ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ്.
പെട്രോൾ-ഡീസൽ വില ഇന്നും കൂടി
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വർഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.
കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ
2020 മാർച്ച് 71 രൂപ
2020 ജൂൺ 72 രൂപ
2020 ജൂലൈ 80 രൂപ
2020 ഡിസംബർ 84 രൂപ
2021 ഫെബ്രുവരി 86 രൂപ
2021 മാർച്ച് 91 രൂപ
2020 ജൂൺ 100 രൂപ
പെൻഷൻ:സാക്ഷ്യപത്രം നൽകണം.
അൻപത് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/വിധവ പെൻഷൻ ലഭിയ്ക്കുന്ന ഗുണഭോക്താക്കൾ വിവാഹിത/പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജൂലൈ അഞ്ചിനകം തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാക്കണം. പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം ജൂലൈ 15 നകം അപ്‌ലോഡ് ചെയ്യണം.
സ്‌മൈൽ സ്വയംതൊഴിൽ പദ്ധതിയിൽ അപേക്ഷിക്കാം
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സ്‌മൈൽ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴിൽ ഉപജീവനമാക്കിയ കുടുംബവരുമാനദായകൻ അംഗമായ ഒ.ബി.സി കുടുംബത്തിന് അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭിക്കും. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങൾക്കാണ് അർഹത. മരണപ്പെട്ട തൊഴിലാളി 60 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം, 20 ശതമാനം വരെ പരമാവധി ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. ആറ് ശതമാനമാണ് പലിശനിരക്ക്. അഞ്ച് വർഷംകൊണ്ട് തിരിച്ചടയ്ക്കണം.
അർഹരായ ആശ്രിതർ ജൂൺ 29 നകം www.handicrafts.kerala.gov.in ലെ അപേക്ഷ ഫോം പൂരിപ്പിച്ച് hdckerala@gmail.com ലോ കോർപ്പറേഷന്റെ കേന്ദ്രകാര്യാലയത്തിലേക്ക് നേരിട്ടോ അയക്കണം.
അധ്യാപക നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള ഒരു തസ്തികയിൽ അതിഥി അദ്ധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
അർജന്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് മെസി
അർജൻ്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കോപ്പ അമേരിക്ക നടക്കുന്നതിനിടെയാണ് തൻ്റെ മുറിയിൽ വച്ച് സഹതാരങ്ങളുമായി മെസി ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷത്തിൻ്റെ വിഡിയോ മെസി തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുൻപ് ബാഴ്സലോണയിൽ ഒപ്പം കളിച്ച ലൂയിസ് സുവാരസ്, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ് തുടങ്ങിയവരും മെസിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. താരത്തിൻ്റെ 34ആം ജന്മദിനമായിരുന്നു ഇന്നലെ ആഘോഷിച്ചത്.
75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യമായി, വി-യുടെ സൗജന്യപദ്ധതി
താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ വി-യുടെ സൗജന്യപദ്ധതി. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കള്‍ക്ക് വിവിധ കാരണങ്ങളാല്‍ റീചാര്‍ജ് അസാധ്യമായിരുന്നു. ഇങ്ങനെ താഴ്ന്ന വരുമാനത്തില്‍ പെട്ടവരെ വീണ്ടും കൂടെ നിര്‍ത്തുകയെന്നതാണ് വി-യുടെ ഉദ്ദേശം. 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയുമാണ് സൗജന്യമായി ലഭ്യമാക്കുക. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.
താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള *444*75 എന്ന യുഎസ്എസ്ഡി കോഡ് വി നമ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അര്‍ഹത പരിശോധിക്കുന്നതിനും ഓഫര്‍ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങള്‍ക്കു സഹായം ലഭിക്കും.
നൂറുകണക്കിന് പേര്‍ക്ക് ‘വാക്സിന്‍’ നല്‍കി വ്യാജ വാക്സിനേഷന്‍ ക്യാംപുകള്‍; ‘വാക്സിനെടുത്തവരില്‍’ എംപിയും.!
കൊല്‍ക്കത്ത: നൂറുകണക്കിന് പേര്‍ക്ക് കുത്തിവയ്പ്പ് നടത്തിയ വ്യാജ വാക്സിനേഷന്‍ ക്യാംപ് തട്ടിപ്പ് പൊളിച്ച് കൊല്‍ക്കത്ത പൊലീസ്. കൊല്‍ക്കത്ത നഗരത്തില്‍ അരങ്ങേറിയ ഈ വാക്സിന്‍ കുത്തിവയ്പ്പ് തട്ടിപ്പിന് നടിയും എംപിയുമായ മിമി ചക്രബര്‍ത്തിയും ഇരയായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ ദേബന്‍ജന്‍ ദേബ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 28 വയസുള്ള ഇയാള്‍ ഐഎഎസ് ഓഫീസറായി നടിച്ചാണ് വ്യാജ വാക്സിനേഷന്‍ ക്യാംപ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ഇത്തരത്തില്‍ നടത്തിയ ഒരു ക്യാംപിലേക്കാണ് ബംഗാളിലെ ജാദ്വപൂരിലെ എംപിയായ മിമി ചക്രബര്‍ത്തി ക്ഷണിക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ കസബയില്‍ നടന്ന ഈ ക്യാമ്പിലെ ആദ്യത്തെ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത ശേഷവും വാക്സിന്‍ എടുത്തു എന്ന സന്ദേശമോ, സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ഇതോടെ സംശയം തോന്നിയ മിമി ക്യാമ്പ് അധികൃതരോട് കാര്യം തിരക്കി. ഇപ്പോഴാണ് നാല് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്ന മറുപടി ലഭിച്ചത്.
ഇതില്‍ സംശയം തോന്നിയ എംപി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നലിംഗക്കാര്‍ക്കും, വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ക്യാമ്പാണ് എന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചതെന്നും, എന്നാല്‍ അവരുടെ ചില കാര്യങ്ങള്‍ പ്രശ്നമാണെന്ന് മനസിലായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു, മിമി പിന്നീട് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
ആറ് ദിവസത്തില്‍ കസബയിലെ ക്യാമ്പില്‍ നിന്നും 250 പേര്‍ക്ക് വ്യാജ വാക്സിന്‍ കുത്തിവയ്പ്പ് നല്‍കിയെന്നാണ് കൊല്‍ക്കത്ത പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ദേബ് ഇത്തരം വ്യാജ വാക്സിനേഷന്‍ ക്യാമ്പുകള്‍ വടക്കന്‍ കൊല്‍ക്കത്തയിലും, സെന്‍ട്രല്‍ കൊല്‍ക്കത്തയിലും നടത്തിയതായി തെളിഞ്ഞു. ഇയാള്‍ ജൂണ്‍ 3ന് സോനാര്‍പൂരിലും ഒരു വ്യാജ വാക്സിനേഷന്‍ പരിപാടി നടത്തി.
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വണ്ടിയില്‍ അവര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയിലാണ് ഇയാള്‍ വാക്സിനേഷന്‍ പരിപാടി നടത്തിയത്. അതേ സമയം ഇയാള്‍ വാക്സിനേഷന്‍ എന്ന് പറഞ്ഞ് കുത്തിവച്ചത് എന്താണെന്ന് സംബന്ധിച്ച് പരിശോധിക്കാന്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. അതേ സമയം താന്‍ നല്‍കുന്നത് യഥാര്‍ത്ഥ വാക്സിന്‍ തന്നെയാണ് എന്നാണ് ഇയാള്‍ പൊലീസിനോട് അവകാശപ്പെടുന്നത്. കൊല്‍ക്കത്ത ബാക്രി മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ വാക്സിന്‍ വാങ്ങിയത് എന്നാണ് പറയുന്നത്.
അതേ സമയം കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ ക്യാന്പില്‍ നിന്നും വാക്സിനെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചാരണ ബോര്‍ഡുകളും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ വാക്സിനേഷന്‍ എന്നത് കോര്‍പ്പറേഷന്‍ ഗൗരവമായി കാണുന്നുണ്ടെന്നാണ് കെഎംസി അധികൃതര്‍ പ്രതികരിച്ചത്.
അതേ സമയം ക്യാന്പ് സംഘടിപ്പിച്ചതിന് ഇപ്പോള്‍ പിടിയിലായ ദേബ്, കുറേക്കാലമായി ഐഎഎസ് എഴുതിയെടുക്കാന്‍ ശ്രമിക്കുന്നയാളാണ് എന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഐഎഎസ് ഓഫീസറുടെതെന്ന് പറഞ്ഞ് ഉപയോഗിച്ച കാര്‍ ഇവരുടെ വീട്ടിലെ തന്നെയാണ്. അതേ സമയം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ഇയാള്‍ നടത്തുന്നതായി വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. അതേ സമയം ദേബിന്‍റെ വ്യാജ ക്യാമ്പ് കണ്ടെത്താന്‍ സാധിക്കാതിരുന്നത് വലിയ പിഴവാണ് എന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. അതേ സമയം എന്തിനാണ് ഇത്തരം ഒരു ക്യാമ്പ് നടത്തിയത് എന്നതിന് വ്യക്തമായ ഉത്തരം ദേബ് നല്‍കിയിട്ടില്ല. തന്‍റെ എന്‍ജിഒയുടെ പേരിന് വേണ്ടിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. പക്ഷെ അത്തരം ഒരു എന്‍ജിഇ ഇയാള്‍ റജിസ്ട്രര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ വാക്സിന്‍ വാങ്ങിയെന്ന് പറയുന്നയിടത്ത് ഇയാളെയും കൂട്ടി തെളിവെടുപ്പിലേക്ക് നീങ്ങുകയാണ് കൊല്‍ക്കത്ത പൊലീസ് ഇപ്പോള്‍.