Month: May 2022
കാലവര്‍ഷം രണ്ടുദിവസത്തിനകം.
തിരുവനന്തപുരം: കേരളത്തില്‍ രണ്ടുദിവസത്തിനകം കാലവര്‍ഷം എത്താന്‍ അനുകൂല സാഹചര്യങ്ങളൊരുങ്ങിയെന്ന് കാലാവസ്ഥാവകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന് ശക്തി കൂടിയെങ്കിലും കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാന്‍ തക്കവണ്ണം ആയിട്ടില്ല.
ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം.
തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ നല്‍കും ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും. ഏകീകൃത കളര്‍കോഡിങ് നടത്താത്ത ബോട്ടുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ അടിയന്തരമായി കളര്‍കോഡിങ് നടത്തണം.
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം.
ദുബായ്: യാത്രയ്ക്കിടെ വിമാനത്തിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് രക്ഷപെടുത്തി. യുനുസ് റായന്‍റോത് എന്നയാളാണ് ഉടനടി ചികിത്സ ലഭിച്ചതോടെ രക്ഷപെട്ടത്. കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തില്‍ വച്ചാണ് യൂനുസ് റായന്റോതിന് ഹൃദയാഘാതമുണ്ടായത്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യുനുസ് ക്യാബിൻ ക്രൂവിനെ സഹായത്തിനായി വിളിച്ചു. എന്നാൽ അവർ ഓടിയെത്തിയപ്പോഴേക്കും യുനുസ് അബോധാവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇയാൾക്ക് പൾസും ശ്വാസോച്ഛാസവും ഇല്ലായിരുന്നു. ഉടനടി യുനുസിനെ നിലത്തുകിടത്തി ജീവനക്കാർ സിപിആർ നൽകി. ഇതു കണ്ടുകൊണ്ടാണ് വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഷബാർ അഹ്മദ് എത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ഡോക്ടർ നേതൃത്വം നൽകിയതോടെയാണ് യൂനുസ് ബോധം വീണ്ടെടുത്തു. തുടർന്ന് വിമാനത്തിൽ ലഭ്യമായിരുന്ന ചില അവശ്യ മരുന്നുകൾ നൽകുകയും ചെയ്തു. ദുബായിൽ എത്തിയ ഉടൻ തന്നെ യുനുസിനെ വീൽ ചെയറിൽ പുറത്തേക്ക് കൊണ്ടുപോകുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി എയർലൈൻ കമ്പനി വ്യക്തമാക്കി.
അതേസമയം യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ അവസരോചിതമായി പ്രവർത്തിച്ച ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ലൈന്‍ ക്യാഷ് അവാര്‍ഡ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനും പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടര്‍ക്കും എയർലൈൻ കമ്പനി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ പാസുകളാണ് ഇവർക്കായി എയർലൈൻ കമ്പനി നല്‍കിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഇനിയും ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുമന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ത്രീപക്ഷ നവകേരളം എന്നത് ചിലർ പറയുന്നത് പോലെ കേവലം വാചകമടിയിലൂടെയല്ല യാഥാർത്ഥ്യമാവുന്നതെന്നും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കിയാണ് അത് സാധിതമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബശ്രീയൊരുക്കുന്ന അഭയകേന്ദ്രമായ സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്‌ക് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും ഊർജ്ജിതപ്പെടുത്തും. ഹെൽപ്ഡെസ്‌ക് 14 ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കുന്ന കാര്യത്തിൽ, സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് തുടക്കമായതോടെ കൂടുതൽ കരുത്തും വേഗവും കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന അഭയകേന്ദ്രം എന്നതിനപ്പുറം അവർക്ക് ശാരീരികവും മാനസികവും നിയമപരവുമായ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ ഉന്നതമായ പിന്തുണാസംവിധാനങ്ങളും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിനൊപ്പം ഉൾച്ചേർത്തിട്ടുണ്ട്. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും, കൂടാതെ മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമ ആരോഗ്യ പരിരക്ഷയും നൽകുന്നുണ്ട്. 24 മണിക്കുറും ലഭ്യമാകുന്ന ടെലി കൗൺസിലിങ്ങ് സേവനവും നിരവധി പേർക്ക് ഉപകാരപ്പെടുന്നുണ്ട്. സ്നേഹിതയിൽ എത്തുന്ന നിർധനരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനു വേണ്ടി 14 ജില്ലകളിലും ലീഗൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് അഭിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. നിയമസംവിധാനങ്ങളെ കുറിച്ച് അറിവില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുന്നുണ്ട്. 2016 മുതൽ 2022 മാർച്ച് വരെ 35344 പേർ കേസുകൾ സ്നേഹിതയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ സ്നേഹിതയിലൂടെ ലഭ്യമാക്കി. കൂടാതെ 6326 പേർക്ക് താത്കാലിക അഭയവും ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.
സ്നേഹിതയുടെ പ്രവർത്തനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി കോളേജുകൾ, വിവിധ ജില്ലാ ജയിലുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്നേഹിതാ എക്സ്റ്റൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികളെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങളും ആശങ്കകളും തുറന്നു പറയുന്നതിനുള്ള വേദിയൊരുക്കാനും ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കാനും ‘സ്നേഹിതാ അറ്റ് സ്‌കൂൾ’പദ്ധതി സംസ്ഥാനത്തെ 56 സ്‌കൂളുകളിൽ നടപ്പാക്കി വരുന്നുണ്ട്. ഗ്രാമ, തീരദേശ, ട്രൈബൽ മേഖലകളിലെ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാദേശികമായി സ്ത്രീകളുടെ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡുതലത്തിൽ 19117 വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇവ ഉപകാരപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനായി തദ്ദേശ സ്ഥാപനതലത്തിൽ 729 ജെൻഡർ റിസോഴ്സ് സെന്ററുകൾ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനുമാണ് ഇവ ഊന്നൽ നൽകുന്നത്. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന ഏതൊരു സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പിന്തുണാ സംവിധാനമായ കമ്മ്യൂണിറ്റി കൗൺസലിങ്ങിന് വേണ്ടി 360 കമ്മ്യൂണിറ്റി കൗൺസിലർമാർ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ഷീലോഡ്ജുകൾ പോലുള്ള സംവിധാനങ്ങൾ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സി.ഡി.എസ്തലത്തിൽ 1064 ജെൻഡർ റിസോഴ്സ് പേഴ്സൺമാരും കൂടാതെ 178 ജെൻഡർ റിസോഴ്സ് പേഴ്സൺസ് കോർ ടീമും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള വേദികളെ ശക്തിപ്പെടുത്തി സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരുള്ളതെന്നും ഇത്തരം വസ്തുതകളെ മറച്ചുവെച്ച് തെറ്റായപ്രചരണങ്ങൾ നടത്തുന്നവർ സ്ത്രീവിരുദ്ധത മനസ്സിൽ പേറുന്നവരാണെന്നും മന്ത്രി കൂട്ടിചേർത്തു.
എല്‍.പി സ്‌കൂള്‍ ടീച്ചര്‍ നിയമനം.
കോട്ടയം : പേരൂര്‍ ഗവണ്‍മെന്റ് ജെ.ബി.എല്‍.പി സ്‌കൂളില്‍ ടീച്ചര്‍ തസ്തികയിലെ രണ്ട് ഒഴിവുകളില്‍ നിയമനത്തിന് മെയ് 31 ന് രാവിലെ 11 മണിയ്ക്ക് അഭിമുഖം നടത്തും. ടി.ടി.സി/ഡിഎഡ്, കെടെറ്റ് യോഗ്യതയൂള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വേഗം സ്വയം നിയന്ത്രിക്കും,സ്റ്റോപ്പുകളില്‍ തനിയെ നില്‍ക്കും; സില്‍വര്‍ലൈനില്‍ യൂറോപ്യന്‍ സിസ്റ്റം.
കണ്ണൂര്‍: സില്‍വര്‍ലൈനിലെ ഓരോ സെക്ഷനിലും ആവശ്യമായ വേഗം തീവണ്ടികള്‍ സ്വയം നിയന്ത്രിക്കുമെന്ന് കെ.ആര്‍.ഡി.സി.എല്‍. സ്റ്റോപ്പില്‍ വണ്ടി താനേ നില്‍ക്കും. സ്റ്റേഷനില്‍ എത്തുമ്പോള്‍ വാതിലുകള്‍ തുറക്കും. മുഴുവന്‍ അടഞ്ഞുകഴിഞ്ഞാല്‍ മാത്രമേ വണ്ടി നീങ്ങൂ. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.ആര്‍.ഡി.സി.എല്‍.) ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്. സിഗ്നല്‍ നല്‍കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനും യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഇ.ആര്‍.ടി.എം.എസ്.) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇ.ടി.സി.എസ്.) ആണ് ഉപയോഗിക്കുന്നത്.
ബട്ടണമര്‍ത്തി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ വണ്ടിയുടെ വേഗം എന്‍ജിന്‍ ഡ്രൈവര്‍ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലുമൊക്കെ സ്വയം നിയന്ത്രിച്ച് വണ്ടി മുന്നോട്ടുപോകും. ഡ്രൈവര്‍ക്ക് അശ്രദ്ധ സംഭവിച്ചാല്‍പോലും എമര്‍ജന്‍സി സ്റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കുംവണ്ടികളുടെ സ്ഥാനം, വേഗം, ആക്‌സിലറേഷന്‍, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങള്‍ എന്നിവ അറിയാനുള്ള ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ ഓവര്‍ ഇ.ടി.സി.എസ്. -ലെവല് രണ്ട് ഉപയോഗിക്കുന്നു.
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്.
ലണ്ടന്‍: 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്.വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓര്‍മ്മകളുമായി ജീവിക്കുന്ന നോവലിലെ കേന്ദ്രകഥാപാത്രം പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ കഥാതന്തു.
ബുര്‍ജ് ഖലീഫയുടെ രണ്ട് മടങ്ങ് വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുന്നു.
ഭൂമിയ്ക്ക് അപകടം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്ന് പോവുകയാണ്. 7335 അഥവാ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുര്‍ജ് ഖലീഫയുടെ രണ്ട് മടങ്ങ് വലിപ്പമുണ്ട്. 1.8 മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 48,280 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്ത് ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. ഇക്കാരണം കൊണ്ടു തന്നെ ഓരോ തവണയും സൗരയൂഥ പരിധിയിലേക്ക് കടന്നുവരുന്ന ഛിന്നഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്.
അരി കയറ്റുമതിയും ഇന്ത്യ നിയന്ത്രിച്ചേക്കും.
മുംബൈ: ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവരുന്നതു പരിഗണിച്ച് ഇന്ത്യ. ആഭ്യന്തര വിപണിയില്‍ അരിലഭ്യത ഉറപ്പാക്കാനും വില ക്രമംവിട്ടുയരുന്നതു തടയാനും ഇതുവഴി ലക്ഷ്യമിടുന്നു. ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരപ്രാധാന്യമുള്ള ഓരോ ഉത്പന്നത്തിന്റെയും ലഭ്യതയും വിപണിവിലയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി പരിശോധിക്കുന്നുണ്ട്. അരിയും ഗോതമ്പും പഞ്ചസാരയും ഉള്‍പ്പെടെ അഞ്ചുത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണമാണ് പരിഗണനയിലുള്ളതെന്നാണ് വിവരം പഞ്ചസാരയുടെയും കയറ്റുമതിനിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു.