നിങ്ങള്‍ വോഡഫോൺ-ഐഡിയ യൂസറാണോ; നെറ്റ്‌ഫ്ലിക്‌സ് സൗജന്യമായി, പുത്തന്‍ റീച്ചാര്‍ജ് പദ്ധതികള്‍.

സൗജന്യമായി നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് നല്‍കുന്ന പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് വോഡഫോൺ-ഐഡിയ (വി). രണ്ട് റീച്ചാര്‍ജ് പാക്കേജുകളിലാണ് ഈ ഓഫര്‍ വോഡഫോൺ-ഐഡിയ ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ചില സവിശേഷതകളും ‘വി’യുടെ പുതിയ ഓഫറുകള്‍ക്കുണ്ട്. 

സൗജന്യ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊരാളായ വോഡഫോൺ-ഐഡിയ. 998, 1399 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റയും ബേസിക് നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗും ഓഫര്‍ ചെയ്യുന്നു. ഈ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവി സ്ക്രീനിലും നെറ്റ്‌ഫ്ലിക്‌സ് കണക്ട് ചെയ്യാം. പോസ്റ്റ്‌പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പവും ഒടിടി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് വോഡഫോൺ-ഐഡിയ ആലോചിക്കുന്നുണ്ട്. ഈ പ്ലാനുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചു.

998 രൂപയുടെ പ്ലാന്‍

998 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അണ്‍ലിമിറ്റഡ് ഫോണ്‍കോളുകളും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ദിവസവും 1.5 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റയും ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഇതിന് പുറമെയാണ് നെറ്റ്‌ഫ്ലിക്സിന്‍റെ അടിസ്ഥാന സബ്‌സ്‌ക്രിപ്ഷന്‍ കമ്പനി നല്‍കുന്നത്.  

1399 രൂപയുടെ പ്ലാന്‍

1399 രൂപയുടെ റീച്ചാര്‍ജ് പദ്ധതിക്ക് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 2.5 ജിബി മൊബൈല്‍ ഡാറ്റ ഇതിനൊപ്പം കിട്ടും. അണ്‍ലിമിറ്റഡ് കോളുകളും ദിവസവും സൗജന്യ 100 എസ്എംഎസുകളും ഈ റീച്ചാര്‍ജ് പദ്ധതിയിലും വൊഡാഫോണ്‍-ഐഡിയ നല്‍കുന്നുണ്ട്. വിക്കറ്റ് ഡാറ്റ റോള്‍-ഓവറാണ് ഈ റീച്ചാര്‍ജിന്‍റെ മറ്റൊരു സവിശേഷത. യോഗ്യരായ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം 130 ജിബി അധിക ഡാറ്റ ലഭിക്കുന്ന വി ഗ്യാരണ്ടി പോഗ്രാം കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

സ്വന്തം വാഹനത്തില്‍ ഡ്രൈവിംഗ് പഠിക്കാം, ടെസ്‌റ്റെടുക്കാം; സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളെത്തി.

ഡ്രൈവിംഗ് ടെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പരിഷ്‌കരങ്ങള്‍ വരുത്തി ഉത്തരവിറക്കി. ടെസ്റ്റുകളുടെ എണ്ണം, അപേക്ഷകരെ പരിഗണിക്കേണ്ടവിധം തുടങ്ങിയ പല കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ട്.

18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാം. റോഡ് സുരക്ഷ മുന്‍നിറുത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി ഇനിയും തുടരാം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സ്വന്തമായി പഠിക്കാം

സ്വന്തമായി വാഹനം ഓടിച്ചു പഠിക്കാനും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനം ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരാകാനും അവസരമുണ്ടാകും. സ്വന്തം വാഹനത്തില്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നേരത്തെയുള്ളതാണെങ്കിലും സ്വന്തമായി ഡ്രൈവിംഗ് പഠനത്തിനുള്ള അനുമതി മുന്‍പുണ്ടായിരുന്നില്ല.

ലേണേഴ്‌സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിംഗ് പരിശീലിക്കാം. ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി ടെസ്റ്റിനെത്തുമ്പോള്‍ അംഗീകൃത പരിശീലകന്‍ ഒപ്പമുണ്ടാകണമെന്ന നിബന്ധനയും കര്‍ശനമാക്കിയിട്ടുണ്ട്.

എന്നാല്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ലെന്നതാണ് കാരണം. ഇതു സംബന്ധിച്ച് 29ന് സംസ്ഥാനകമ്മിറ്റി ചേര്‍ന്ന് തുടര്‍പരിപാടികള്‍ തീരുമാനക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു.

ടെസ്റ്റുകളുടെ എണ്ണം

രണ്ട് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറുകളുള്ള ഓഫീസുകളില്‍ 80 ടെസ്റ്റുകളേ ഒരു ദിവസം പാടുള്ളു. അതായത് ഒരു ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റുകള്‍ ഒരു ദിവസം നടത്തണം.

ഓരോ ദിവസവും 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, പഠനാവശ്യം ഉള്‍പ്പെടെ വിദേശത്ത് പോകേണ്ടവരോ വിദേശത്ത് നിന്ന് ലീവിന് വന്ന് മടങ്ങിപോകേണ്ടവരോ ആയ 5 പേര്‍ എന്നിങ്ങനെയാണ് ടെസ്റ്റിന് അവസരം നല്‍കേണ്ടത്. വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നല്‍കും.

അധിക ടെസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കും 

ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷ്ണര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് പാസായ 2.24 ലക്ഷം പേരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താന്‍ റീജിണല്‍ ആര്‍.ടി.ഒമാര്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് പുതിയ മാതൃക തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഒരു മാസത്തിനകം ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്താനും ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പാകാനൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നുത്.

2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി: വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.

സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് ഇന്ന് പൂർത്തിയായത്. എയ്ഡഡ് അൺ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളിൽ പഠിക്കുന്ന 45 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തുടർച്ചയായി നാലു വർഷവും പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വകുപ്പിനൊപ്പം ചേർന്നു പ്രവർത്തിക്കാനായതാണ് കുടുംബശ്രീയുടെ നേട്ടം.

വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിങ്ങ് സൊസൈറ്റി(കെ.ബി.പി.എസ്)യുമായും സഹകരിച്ചു കൊണ്ട് ഏപ്രിൽ ആദ്യവാരത്തോടെയാണ് പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. പുസ്തക വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഹബ്ബുകളിലേക്ക് മുന്നൂറ്റി അമ്പതോളം കുടുംബശ്രീ വനിതകളെ തിരഞ്ഞെടുത്തിരുന്നു.

പുസ്തകങ്ങൾ അച്ചടിച്ച് ഓരോ ജില്ലകളിലുമുള്ള ഹബ്ബുകളിൽ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്നും നൽകുന്ന എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങൾ തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലികളാണ് കുടുംബശ്രീ അംഗങ്ങൾ പൂർത്തിയാക്കിയത്. ഈ പുസ്തകങ്ങൾ പിന്നീട് കെ.ബി.പി.എസിന്റെ നേതൃത്വത്തിൽ ഹബ്ബുകൾക്ക് കീഴിലുള്ള 3302 സൊസൈറ്റികൾക്ക് നൽകും. തുടർന്ന് ഇവിടെ നിന്നും ഓരോ വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങൾ എത്തിക്കുകയായിരുന്നു. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പർവൈസർമാർ മുഖേനയാണ് ഹബ്ബിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചത്.

പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കിയത്  വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും  ഏറെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു കൊണ്ട് സംസ്ഥാനത്തെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് ജീവനക്കാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും അക്ഷീണ പരിശ്രമങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ സഹായിച്ചത്.

അധ്യാപക ഒഴിവ്.

തലയോലപ്പറമ്പ് : എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജൂനിയർ ഹിന്ദി (യു.പി.), ഫിസിക്കൽ എജുക്കേഷൻ(ഹൈസ്‌കൂൾ) ഒഴുവുകളിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടഫിക്കറ്റുകളുമായി ഒന്നിന് 11.30-ന് സ്‌കൂൾ ഓഫീസിൽ എത്തണം.

ഉഴവൂർ : സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽ എയ്ഡഡ് വിഭാഗം സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. www.ststephens.net.in ജൂൺ അഞ്ചിന് മുമ്പ് നേരിട്ടോ ഇ-മെയിലായോ (info@ststephens.net.in) അയയ്ക്കണം. 9446540127.

കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! ഈ ആഴ്ച 2 ദിവസം സമ്പൂർണ ഡ്രൈ ഡേ, ബിവറേജും ബാറും തുറക്കില്ല.

കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം തുള്ളി മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.

മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാം; ഡയറ്റില്‍ ശ്രദ്ധിക്കാം.

കാലാവസ്ഥ മാറിയതോടെ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടി. മഴക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ജലദോഷവും ചുമയും  തുമ്മലുമെല്ലാം സര്‍വ്വസാധാരണമാകുന്ന സമയം കൂടിയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം സംരംക്ഷിക്കുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷ്യവസ്തുക്കളെ അറിഞ്ഞിരിക്കാം. 

മഴക്കാലത്ത് വെളുത്തുള്ളി ചേര്‍ത്തുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഏലയ്ക്കയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇഞ്ചി കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതിനുണ്ട്. ഇഞ്ചിയിലെ ജിഞ്ചറോളാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന രാസവസ്തുവും ശരീരത്തിന് നല്ലതാണ്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്‌ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

കുരുമുളകിന്‍ വിറ്റാമിന്‍ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ജലദോഷവും തുമ്മലുമൊക്കെ കുറയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും.ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് നല്ലതാണ്. 

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും; കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അല‍ർട്ട്.

കേരളത്തിൽ കാലവർഷം എത്തിയതിന് പിന്നാലെ ചക്രവാതചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

അടുത്ത ദിവസങ്ങളിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ  മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

31-05-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
03-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (31-05-2024) രാത്രി 11.30 വരെ 1.4 മുതൽ 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 24 cm നും 72 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ ഇന്ന് (31-05-2024) രാത്രി 11.30 വരെ 0.5 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 81 cm നും 97 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. 

 

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലയെന്നും, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

01-06-2024 വരെ: കേരള തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

01-06-2024 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മെയ് 31, സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ.

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.

സാമ്പത്തിക പ്രതിസന്ധിക്കിടെ ആനൂകൂല്യത്തിനും പണം കണ്ടെത്തണം

പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. വിവിധ വകുപ്പുകളിൽ നിന്ന് ഇന്ന് പിരിയുന്നത് 16000 ത്തോളം ജീവനക്കാരാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടതാണ് പ്രശ്നം.

ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്. പലരും ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറേയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്. കെ എസ് ആർ ടി സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ച‍മാരും ചേർന്ന് 700 ഓളം പേർ വിരമിക്കും. ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ എസ് ഇ ബിയിൽ നിന്ന് വിരമിക്കുക 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകും. പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തിൽ നടക്കില്ല. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ട്. ചില വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് പുനസംഘടന നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്.

30 മിനിറ്റില്‍ ഓര്‍ഡറുകള്‍ എത്തിക്കാന്‍ ജിയോ മാര്‍ട്ട്; ലക്ഷ്യം വിപണി പിടിക്കല്‍.

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ജിയോ മാര്‍ട്ട് പ്രവര്‍ത്തനം അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ഇ-കൊമേഴ്‌സ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ മുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച് 30 മിനിറ്റിനുള്ളില്‍ ഇവ എത്തിച്ചു നല്‍കാനാണ് നീക്കം.  തുടക്കത്തില്‍ ഏഴോ എട്ടോ നഗരങ്ങളില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം.

മറ്റ് ഇ-കൊമേഴ്‌സ് കമ്പനികള്‍ അതിവേഗ ഓര്‍ഡറുകളുമായി രംഗത്തുള്ളതാണ് ജിയോമാര്‍ട്ടിനെയും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് ജിയോമാര്‍ട്ട് എക്‌സ്പ്രസ് എന്നപേരില്‍ 90 മിനിറ്റില്‍ ഓര്‍ഡറുകള്‍ വേഗത്തില്‍ എത്തിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ജിയോമാര്‍ട്ട് എക്‌സ്പ്രസ് സ്‌കീം ഒഴിവാക്കിയിരുന്നു.

ലക്ഷ്യം വിപണി ആധിപത്യം

ജിയോമാര്‍ട്ടിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത് ശതകോടികളുടെ ഇ-കൊമേഴ്‌സ് വിപണിയാണ്.  2019ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ജിയോമാര്‍ട്ടിന് വലിയതോതില്‍ വിപണി പിടിക്കാന്‍ സാധിച്ചിട്ടില്ല.  2013ല്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ബ്ലിന്‍കിറ്റ് (blinkit) ആണ് പെട്ടെന്നുള്ള ഓര്‍ഡര്‍ വിതരണത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. ഈ സെക്ടറില്‍ 40-45 ശതമാനം വിപണിവിഹിതം അവര്‍ക്കാണ്.  ഫ്‌ളിപ്പ്കാര്‍ട്ടും വേഗത്തിലുള്ള സര്‍വീസിലേക്ക് കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

വേഗത്തിലുള്ള വിതരണത്തിന് ജിയോമാര്‍ട്ടിനെ സംബന്ധിച്ച് ചില അനുകൂലഘടകങ്ങളുണ്ട്.  രാജ്യമെങ്ങും വ്യാപിച്ചു കിടക്കുന്ന 18,000ത്തോളം റിലയന്‍സ് റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ അവരുടെ പുതിയ ലക്ഷ്യം എളുപ്പമാക്കുന്നു. വലിയ ഗോഡൗണുകളില്‍ നിന്ന് ഉപയോക്താവിലേക്ക് ഓര്‍ഡറുകള്‍ എത്തിക്കുന്നതിന് പകരം റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴി ഓര്‍ഡറുകള്‍ എത്തിച്ച് വിപണി പിടിക്കാന്‍ ജിയോമാര്‍ട്ടിന് സാധിക്കും. 

ചുവന്ന ചീര കഴിച്ചാൽ ലഭിക്കുന്ന ​ആറ് ​ഗുണങ്ങളിതാ.

ചുവന്ന ചീര മിക്കവരും പതിവായി കഴിക്കുന്നവരാകും. എന്നാൽ ചുവന്ന ചീരയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന അധികം ആർക്കും അറിയില്ല. ചുവന്ന ചീര ശരീരത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയിൽ അടങ്ങിയിരിക്കുന്നു.

ഒന്ന്

ചുവപ്പ് നിറത്തിലെ ചീരയിൽ ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്

ചുവന്ന ചീരയിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം നൈട്രേറ്റ് ഉള്ളടക്കം ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മൂന്ന്

 

കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആയതിനാൽ ചീര രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികൾക്ക് ചീര ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

നാല്

 

ചുവന്ന ചീരയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സാന്നിധ്യം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും സംരക്ഷിക്കുന്നതിലൂടെ കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.


അഞ്ച്

ചീരയിൽ, എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ്‌ ചീരയിൽ, 250 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.

ആറ്

ചീരയിൽ അടങ്ങിയ പൊട്ടാസ്യവും ശരീരത്തിലെ സോഡിയത്തിൻറെ ഫലങ്ങൾ കുറച്ച്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഇരുമ്പിൻറെ അംശവും ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. വിളർച്ചയുള്ളവർ ചീര പതിവായി കഴിക്കുക.

ചുവന്ന ചീരയിലെ വിറ്റാമിനുകൾ എ, സി എന്നിവയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തെ അണുബാധകളെയും രോഗങ്ങളെയും തടയുന്നു.

Verified by MonsterInsights