കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച് ഉൽപന്ന വില നാലക്കത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക് ചുവടുവെച്ചത് സംസ്ഥാനത്തെ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി. ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതാണ് വില ഉയർത്തി ചരക്ക് സംഭരിക്കാൻ ചോക്ലറ്റ് നിർമാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്.
ചോക്ലറ്റ് നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക് എന്തു വിലക്കും കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ ആഗോളതലത്തിൽ വില ഉയർത്തി ചരക്ക് സംഭരിക്കുകയാണ്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുത്തനെ കുറഞ്ഞതിനാൽ ആറുമാസം കൊണ്ട് നിരക്ക് ടണ്ണിന് 4000 ഡോളറിൽനിന്ന് 12,000 ഡോളർവരെ ചുവടുവെച്ചു.

കേരളത്തിൽ നിരക്ക് 220 രൂപയിൽനിന്നുള്ള കുതിച്ചു ചാട്ടത്തിൽ ഇതിനകം 1020 രൂപവരെ ഉയർന്ന് ഇടപാടുകൾ നടന്നു. അടുത്ത മാസം ഹൈറേഞ്ചിൽ പുതിയ കൊക്കോ വിൽപനക്ക് സജ്ജമാകുന്നതോടെ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. വിപണിയിൽ ലഭ്യത ഉയർന്നാൽ 900-840 റേഞ്ചിൽ ഉൽപന്നത്തിന് താങ്ങ് പ്രതീക്ഷിക്കാം. തമിഴ്‌നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ കൊക്കോ വിളയുന്നുണ്ടെങ്കിലും ഹൈറേഞ്ച് കൊക്കോക്കാണ് ഏറ്റവും ഉയർന്ന വില.
റബറിന് തിരിച്ചടി
ഏറെ പ്രതീക്ഷകളോടെയാണ് റബർ ഉൽപാദകർ ഏപ്രിലിൽ വിപണിയിലെ ഓരോ ചലനങ്ങളെയും നിരീക്ഷിച്ചത്. മാർച്ച് അവസാനം കിലോ 190 രൂപ വരെ ഉയർന്ന നാലാം ഗ്രേഡ് റബർ വില 200ലേക്ക് ചുവടുവെക്കുമെന്ന് കണക്ക് കൂട്ടലിൽ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും ചരക്ക് പിടിച്ചെങ്കിലും ടയർ ലോബിയുടെ സംഘടിത നീക്കം മൂലം നിരക്ക് 179ലേക്ക് ഇടിഞ്ഞു.

പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് സ്‌തംഭിച്ചതിനാൽ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. അഞ്ചാം ഗ്രേഡ് 176 രൂപയായി താഴ്‌ന്നു. വിദേശ മാർക്കറ്റുകളിലും റബറിന് തിരിച്ചടി നേരിട്ടു. ജപ്പാൻ, ചൈനീസ് റബർ അവധി വിലകളിൽ അനുഭവപ്പെട്ട വിൽപന തരംഗം മുഖ്യ കയറ്റുമതി രാജ്യങ്ങളായ തായ്‌ലന്റിലും മലേഷ്യയിലും റബറിന് തിരിച്ചടിയായി.
ഏഷ്യൻടയർ ഭീമൻമാർ ഷീറ്റ് സംഭരണത്തിൽ കാകാണിച്ച തണുപ്പൻ മനോഭാവം വിലത്തകർച്ചക്ക് ഇടയാക്കി.