വ്യാഴവും സൂര്യനും മുഖാമുഖം.

പോസ്റ്റ്മാന്‍ ഇനി ഇന്റര്‍നെറ്റും വീട്ടിലെത്തിക്കും; ധാരണയിലെത്തി തപാല്‍ വകുപ്പും ബി.എസ്.എന്‍.എല്ലും.

വീടുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലും തപാല്‍വകുപ്പും ധാരണയായി. ഇതിനായി പോസ്റ്റ്മാന്‍ വീടുകള്‍ കയറിയിറങ്ങി ഉപഭോക്താക്കളെ ചേര്‍ക്കും. ബി.എസ്.എന്‍.എല്‍. ഫൈബര്‍ സര്‍വീസില്‍ ആളെ ചേര്‍ക്കലാണ് ആദ്യഘട്ടജോലി.

താത്പര്യമുള്ളവരെ അപ്പോള്‍തന്നെ ഉപഭോക്താവാക്കാന്‍ ‘മിത്ര’ എന്നപേരില്‍ ആപ്പും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാന് 50 രൂപ ഫീസ് നല്‍കിയാല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ഉടനടി ലഭ്യമാക്കും. ഉപഭോക്താവില്‍നിന്നും സര്‍വീസ് ഫീസായി ഈടാക്കുന്ന ഈ തുകയാണ് പോസ്റ്റുമാന്റെ സേവനത്തിനുള്ള കമ്മിഷന്‍. ഉപഭോക്താവിന്റെ ആദ്യബില്ലില്‍ ഈ തുക കുറച്ചുനല്‍കും.

നിലവില്‍ ബി.എസ്.എന്‍.എലിന് 6.75 ലക്ഷം ഫൈബര്‍ സര്‍വീസ് ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. പോസ്റ്റോഫീസ് കൗണ്ടറുകളില്‍ ചെന്നാല്‍ ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് ഉപഭോക്താവാകാനുള്ള സൗകര്യം നിലവിലുണ്ട്.

ബി.എസ്.എന്‍.എലിന്റെ മറ്റുസേവനങ്ങളും വൈകാതെ വീടുകളിലെത്തും. പുതിയ മൊബൈല്‍ കണക്ഷന്‍, പഴയ സിം മാറ്റിയെടുക്കല്‍, മൊബൈല്‍ റീച്ചാര്‍ജിങ് തുടങ്ങിയ സേവനങ്ങളും താമസിയാതെ വീട്ടുപടിക്കലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

കത്തിടപാടുകള്‍ കുറഞ്ഞതോടെ പോസ്റ്റ്മാന് വീടുകളില്‍ കത്തുകളെത്തിക്കേണ്ട ജോലി കുറവാണ്. സര്‍ക്കാര്‍ അറിയിപ്പും ജപ്തിനോട്ടീസും പോലുള്ള ഔദ്യോഗിക ആവശ്യങ്ങളാണ് ഇപ്പോള്‍ പ്രധാനമായും തപാല്‍വഴി നിറവേറ്റപ്പെടുന്നുള്ളൂ.

അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കരുത്, കാര്യം ഗുരുതരമാണ്, ഉപഭോക്താക്കളോട് എസ്ബിഐ.

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അവബോധം നല്കാൻ സഹായിക്കുന്നതാണ് ഈ നടപടി.

എന്താണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ

സാധാരണയായി, രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടന്നില്ലെങ്കിൽ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും. അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കൾ വീണ്ടും കെവൈസി നൽകേണ്ടതുണ്ട്. അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാതെ ഇരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്താനും ഉപഭോക്താക്കൾ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു

എസ്ബിഐ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു.

അതേസമയം, രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് ഒന്നും രണ്ടും കോടിയല്ല 42,207 കോടി രൂപയാണ് 10 വർഷമായി പ്രവർത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കിൽ 10 വർഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങൾ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ നിക്ഷേപകർക്ക് ആർബിഐയുടെ ഉദ്‌ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) പോർട്ടലിൽ തിരയാവുന്നതാണ്.

പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു മെസേജ് കിട്ടിയാൽ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ്.

പാസ്‍പോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.

ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നത്. എന്നാൽ ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണം. പാസ്പോർട്ടുമായി ബന്ധപെട്ട ഏത് പ്രവർത്തനത്തിനും പാസ്‍പോർട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അല്ലെങ്കിൽ ഔദ്യോഗിക പാസ്‍പോർട്ട് സേവാ വെബ്‍സൈറ്റോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിക്കുാം.

എന്നാൽ പാസ്‍പോർട്ട് സേവനങ്ങൾ നൽകുന്നുവെന്ന് അവകാശപെടുന്ന അനൗദ്യോഗിക വെബ്‍സൈറ്റുകളിൽ പ്രവേശിക്കുകയോ അതിലൂടെ ഫീസ് അടക്കുകയോ ചെയ്യരുത്. നിങ്ങൾ പ്രവേശിക്കുന്നതും അപേക്ഷിക്കുന്നതും ഇടപാടുകൾ നടത്തുന്നതും ഔദ്യോഗിക വെബ്‍സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാൻ വെബ്സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം. .gov.in എന്നതിൽ അവസാനിക്കുന്നവയല്ലെങ്കിൽ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്.

വ്യാജ വെബ്‍സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

പത്താം ക്ലാസ് പാസാണോ? ‌പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം; 723 ഒഴിവുകൾ, സമയം കളയാതെ അപേക്ഷിക്കൂ.

പത്താം ക്ലാസുകാർക്ക് പ്രതിരോധ വകുപ്പിന് കീഴിൽ ജോലി സ്വന്തമാക്കാം. MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് (MA), ടെലി ഓപ്പറേറ്റർ ഗ്രേഡ്-II, ഫയർമാൻ, കാർപെൻ്റർ & ജോയിനർ, പെയിൻ്റർ & ഡെക്കറേറ്റർ തസ്തികയിലേക്ക് ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ അപേക്ഷ ക്ഷണിച്ചു.

723 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 22-ആണ് അവസാന തീയതി. പ്രായപരിധിക്കും മറ്റ് വിവരങ്ങൾക്കുമായി aocrecruitment.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയിട്ടില്ല. എന്നാൽ, നാളെ (07-12-2024) തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. സോമാലിയൻ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

08/12/2024 : തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09/12/2024 : സോമാലിയൻ തീരം, വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

വിറ്റാമിൻ ഇ ഗുളിക കയ്യിലുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമെല്ലാം ഇപ്പോൾ പലരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ ഗുളികകൾ. ശരീരത്തിനകത്തും പുറത്തും ഇവ ഉപയോഗിക്കാം. ഡോക്ടറുടെ കൃത്യമായ നിർദേശങ്ങൾപാലിച്ചുകൊണ്ടു മാത്രമേ ഇവ ഉള്ളിൽ കഴിക്കാവൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറി മുടി വളരാനും, മുഖത്തിനുമെല്ലാം അത്യുത്തമമാണ് വിറ്റാമിൻ ഇ ഗുളികകൾ. വിപണികളിൽ ഇന്ന് സുലഭമായി ഇവ ലഭിക്കാറുണ്ട്. വിറ്റാമിൻ ഇ ഗുളികകളുടെ ഉള്ളിൽ ആയിട്ടുള്ള എണ്ണ തലമുടിയിലായി തേയ്‌ക്കുന്നത് മുടി വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ മറ്റേതെങ്കിലും എണ്ണയോടൊപ്പമോ, ഹെയർ പായ്‌ക്കുകൾക്കൊപ്പമോ ഒന്നോ രണ്ടോ ഗുളികകൾ പൊട്ടിച്ച് അതിനുള്ളിലെ എണ്ണ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം തലയിൽ നന്നായി മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ഓരോ ഗുളികയ്‌ക്കുള്ളിലും വളരെ ചെറിയ അളവിലുള്ള മിശ്രിതം മാത്രമായിരിക്കും ഉള്ളത്. എന്നാൽ ഒന്നോ രണ്ടോ എണ്ണം തന്നെ മുടിയ്‌ക്ക് ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

“അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇവ ഉപയോഗിച്ചാൽ മതിയാകും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ കൂടുതൽ ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുന്നത്. മുഖത്തും സമാനമായ രീതിയിൽ ഒരു ക്യാപ്‌സ്യൂൾ പൊട്ടിച്ച് എണ്ണയ്‌ക്കൊപ്പമോ അല്ലെങ്കിൽ ഫെയ്‌സ് പായ്‌ക്കുകൾക്കൊപ്പമോ ചേർത്ത് ഉപയോഗിക്കാം. നല്ലൊരു ആന്റി ഏജിങ് എലമെന്റ് കൂടിയാണിത്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും, തിളക്കം വർദ്ധിപ്പിക്കാനുമെല്ലാം ഇത് സഹായകമാണ്. അതേപോലെ ഡോക്ടറുടെ നിർദ്ദേശാനുസരണമല്ലാതെ ഗുളികകൾ മേടിച്ച് കഴിക്കുന്നവരും കുറവല്ല. എന്നാൽ അത്‌ ക്ഷീണം, ഛർദ്ദിൽ, പേശികളുടെ ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. വിറ്റാമിൻ ഇയുടെ അളവ് കൂടിപ്പോയാൽ അമിത രക്തസ്രാവത്തിനും കാരണമാകും. സാധാരണയായി ഭക്ഷണത്തിൽ നിന്ന് തന്നെ ആവശ്യമായ വിറ്റാമിൻ ഇ ലഭിക്കാറുണ്ട്. ബദാം, പാൽ, ഗോതമ്പ്, ഇലക്കറികൾ, ഒലിവ് ഓയിൽ, മത്തൻ, മാങ്ങ, നിലക്കടല, ധാന്യങ്ങൾ, പരിപ്പ്, മുട്ട, ബ്രൊക്കോളി, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

വിദ്യാർഥിയാണോ? ഇൻഡിഗോ വിമാനത്തിൽ കിട്ടും ഈ ഇളവുകൾ.

വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൽ 6 ശതമാനം വരെ കിഴിവ് ലഭിക്കും

∙അധിക 10 കിലോ ലഗേജ് വിദ്യാർത്ഥികൾക്ക്  കൊണ്ടുപോകാം.

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഓഫർ 

ചെക്ക്-ഇൻ സമയത്ത്  സ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐഡി പോലുള്ള  വിദ്യാർത്ഥി തിരിച്ചറിയൽ രേഖ  സമർപ്പിക്കണം. ഐഡി ഹാജരാക്കിയില്ലെങ്കിൽ ഓഫ്ഫർ നിരക്കിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല .

ബുക്ക് ചെയ്ത ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും നേരിട്ട് ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അടുപ്പും തീയും വേണ്ടാ, വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; ‘മാജിക്കൽ റൈസ്’ കേരളത്തിലും വിളഞ്ഞു.

അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തിൽ അരിയിട്ടുവെച്ചാൽ, അരമണിക്കൂർകൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാർ. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കൽ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങൾ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറൻ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തിൽ അരിയിട്ട് അടച്ചുവെച്ചാൽ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കിൽ 15 മിനിറ്റു മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്ക്ക് പ്രശ്നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യൻ, എം.ഡി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.

ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. അസമിൽനിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങൾക്കുശേഷമാണ് നട്ടത്. നടുന്നതിനു മുൻപ്, ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയിൽ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തിൽ നെൽച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റിൽനിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടിൽ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്. പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.

മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതൽ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങൾ അത്താച്ചി ഫാമിൽ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്ന പേരിൽ സൂക്ഷിച്ചിട്ടുമുണ്ട്.

കറുപ്പ് കൗനി (തമിഴ്നാട്), ജോഹ (അസം), ജാസ്മിൻ റൈസ് (തായ്ലാൻഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയിൽ ചിലതാണ്. തവളക്കണ്ണൻ, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ഇങ്ങനെയൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായി വീശിയടിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശം സംഭവിച്ചതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറെ നാളുകളായി വലിയ ഉള്ളി, വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില താഴാതെ നില്‍ക്കുകയാണ്. ഒക്ടോബറില്‍ 35 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 65-80 രൂപ വരെ വിലയുണ്ട്. മാസങ്ങളായി 300 – 330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ 420 രൂപയിലെത്തി. മണ്ഡലകാലമായാല്‍ പച്ചക്കറിക്ക് പൊതുവെ വിലയുയരുമെങ്കിലും ഇത്തവണ കനത്തെ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുകള്‍ വരാത്തതാണ് വില വര്‍ദ്ധനയ്ക്ക് കാരണം. പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്.

“മുരിങ്ങക്കായ(400 രൂപ), നാളികേരം(70), തക്കാളി(50), അമര(80), ചെറിയ ഉള്ളി(80) എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് കാര്യമായി വില വര്‍ദ്ധന ഉണ്ടായിട്ടില്ല. പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ 70 ശതമാനത്തോളവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. സവാളയും ഉരുളക്കിഴങ്ങും ചെറിയുള്ളിയും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്‍പേട്ട, ഒട്ടന്‍ചത്രം എന്നിവിടങ്ങളില്‍ നിന്നുമാണ്.

വില വിവരം

മുരിങ്ങക്കായ: 400 രൂപ
തക്കാളി: 50രൂപ
വലിയ ഉള്ളി: 65 രൂപ
ചെറിയ ഉള്ളി: 80 രൂപ
വെളുത്തുള്ളി: 420 രൂപ
ഉരുളക്കിഴങ്ങ്: 50 – 58 രൂപ
തേങ്ങ: 70 രൂപ
വെണ്ടയ്ക്ക: 44 രൂപ
പാവയ്ക്ക: 40 രൂപ
വെള്ളരിയ്ക്ക: 40 രൂപ
പടവലം: 40 രൂപ
വഴുതനങ്ങ: 48 രൂപ
ക്യാരറ്റ്: 55 – 60 രൂപ
ചേമ്പ്: 100 രൂപ
ചേന: 68 രൂപ
മത്തന്‍: 20 രൂപ
പച്ച ഏത്തന്‍: 70 രൂപ
ബീറ്റ്രൂട്ട്: 50 – 60 രൂപ
ബീന്‍സ്: 60 രൂപ
പയര്‍: 50 രൂപ
ഇഞ്ചി: 80 രൂപ
ചെറുനാരങ്ങ: 80 രൂപ.

Verified by MonsterInsights