വിലയില്‍ മാറ്റം വരുത്തി സപ്ലൈക്കോ.

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം

അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണ ഇനി മുതല്‍ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി.

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളുടെ വില നേരത്തെ പരിഷ്‌കരിച്ചിരുന്നു.

പൊതു വിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുളകിന്റെയും വെളിച്ചെണ്ണയുടെയും വിലയില്‍ മാറ്റം വരുത്തിയതെന്ന് ഭക്ഷ്യ വിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പൊതു വിപണിയില്‍ മുളകിന്റെ വില കുറയുകയും വെളിച്ചെണ്ണയ്ക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സപ്ലൈക്കോയില്‍ വില മാറ്റം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

കേരം തിങ്ങും കേരളനാടൊക്കെ പണ്ട്‌.

നാളികേര ഉത്‌പാദനത്തിൽ കേരളത്തെ കടത്തിവെട്ടി കർണാടക. രാജ്യത്തെ നാളികേര വിപണിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയാണ് ഒന്നാമത്. 2016 മുതൽ ഏറ്റവും കൂടുതൽ നാളികേര ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിത്.

കേന്ദ്രത്തിന്റെ നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച് 2022-2023 ൽ കർണാടക ഉത്പാദിപ്പിച്ചത് 595 കോടി തേങ്ങയാണ്. 563 കോടിയുമായി കേരളം തൊട്ടുപിന്നിലുണ്ട്. 2021-22 കാലയളവിൽ കേരളം 552 കോടിയും കർണാടക 518 കൊടിയുമായിരുന്നു നാളികേര ഉത്പാദനം.

2023 -24 ലെ ആദ്യ രണ്ട് പാദങ്ങളിലെ സിഡിബിയുടെ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, കേരളം ബഹുദൂരം പിന്നോട്ട് പോയി. നാളികേര ഉത്പാദനത്തിൽ 726 കോടിയുമായി കർണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോൾ തമിഴ്നാടാണ് (578 കോടി) രണ്ടാം സ്ഥാനത്ത്. 564 കോടിയുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ നാളികേര ഉത്പാദനത്തിന്റെ 28.5 ശതമാനവും കർണാടകയാണ് സംഭാവന ചെയ്യുന്നത്. ബോൾ കൊപ്ര ഉത്‌പാദനത്തിലും കർണാടക കേരളത്തെ പിന്തള്ളി.

ഡാറ്റ ആവശ്യമില്ലാത്തവരാണോ? പരിധിയില്ലാത്ത കോളും SMSഉം മാത്രം മതിയോ? രണ്ട് കിടിലൻ പ്ലാനുകളുമായി ജിയോ.

ഡാറ്റയുടെ ആവശ്യമില്ലാത്തവർക്ക്, അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവർക്ക് അനുയോജ്യമായ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ട്രായ്‌യുടെ പുതുക്കിയ നിയമപ്രകാരമാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

448 രൂപയുടെ പ്ലാൻ

84 ദിവസത്തെ കാലാവധിയാണ് ഈ പ്ലാൻ നൽകുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. 1,000 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭ്യമാകും.

 

1,748 രൂപയുടെ പ്ലാൻ

 

336 ദിവസത്തെ കാലവധി. അൺലിമിറ്റഡ് വോയ്സ് കോളുകളും 3,600 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൗഡ് എന്നിവയും പ്ലാനിൽ ലഭ്യമാകും.

 

വോയ്സ്- ഒൺലി പ്ലാനുകളായാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റാ ബൂസ്റ്റർ റീചാർജുകൾ ഈ പ്ലാനിൽ ലഭ്യമല്ല. അതിനാൽ തന്നെ 2ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കായിരിക്കും ഈ പ്ലാനുകൾ അനുയോജ്യമാവുക.

ലക്ഷങ്ങള്‍ ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാം.

സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍/ഇഹെല്‍ത്ത് കേരളയില്‍ ജോലി നേടാന്‍ അവസരം. ഇ ഹെല്‍ത്ത് കേരളയുടെ  തിരുവനന്തപുരം യൂണിറ്റില്‍ വിവിധ തസ്തികകളിലായി 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. 
താല്‍പര്യമുള്ളവര്‍ ജനുവരി 31ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഇ ഹെല്‍ത്ത് കേരളയില്‍ സോഫ്‌റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ്, സീനിയര്‍ സിസ്റ്റം അഡ്മിന്‍, സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ), സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ), സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (യുഐ/യുഎക്‌സ് ഡവലപ്പര്‍), ജൂനിയര്‍ ഡവലപ്പര്‍ (പിഎച്ച്പി) റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

സാഫ്‌റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ് : 32 വയസിനും 40 വയസിനും ഇടയില്‍.

സീനിയര്‍ സിസ്റ്റം അഡ്മിന്‍ = 32 വയസിനും 40 വയസിനും ഇടയില്‍.

സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ) = 32 വയസിനും 40 വയസിനും ഇടയില്‍.

സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ) = 25 വയസിനും 40 വയസിനും ഇടയില്‍.

സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (യുഐ/യുഎക്‌സ് ഡവലപ്പര്‍) = 28 വയസിനും 35 വയസിനും ഇടയില്‍.

ജൂനിയര്‍ ഡവലപ്പര്‍ (പിഎച്ച്പി) = 21 നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

സോഫ്‌റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ് 

ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. ഏഴ് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

സീനിയര്‍ സിസ്റ്റം അഡ്മിന്‍ 


ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. പത്ത് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 


സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ)


ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. ആറ് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 


സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ) 


ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. മൂന്ന് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 


സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (യുഐ/യുഎക്‌സ് ഡവലപ്പര്‍) 


ബിഇ/ബിടെക്/എംടെക് (ഇസിഇ/സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. മൂന്ന് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


ജൂനിയര്‍ ഡവലപ്പര്‍ (പിഎച്ച്പി) 


ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്),യോഗ്യതയുണ്ടായിരിക്കണം. അനുബന്ദ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


അപേക്ഷ


യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 31ന് മുന്‍പായി ehealth@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ നല്‍കണം

കോൾ– എസ്എംഎസ് റീചാർജിന് നിരക്ക് കുറച്ച് 3 കമ്പനികൾ.

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വാളോങ്ങും മുൻപേ 3 ടെലികോം കമ്പനികളും പുതിയ ‘കോൾ ആൻഡ് എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകളുടെ നിരക്ക് കുറച്ചു. പുതിയ പ്ലാനുകൾ അവതരിപ്പിച്ചെങ്കിലും നിരക്കിൽ കാര്യമായ കുറവുണ്ടായില്ലെന്ന ആക്ഷേപങ്ങളെത്തുടർന്ന് പ്ലാനുകൾ പരിശോധിക്കുമെന്ന് ട്രായ് അറിയിച്ചിരുന്നു. എയർടെൽ ആണ് ആദ്യം കുറച്ചത്. 84 ദിവസം വലിഡിറ്റിയുള്ള കോൾ, എസ്എംഎസ് മാത്രമുള്ള പ്ലാനിൽ 30 രൂപയും ഒരു വർഷം വലിഡിറ്റിയുള്ള പ്ലാനിൽ 110 രൂപയും കുറച്ചു. ഏകദേശം 6 ശതമാനത്തോളം കുറവാണ് വരുത്തിയത്.
 ഇന്റർനെറ്റ് കൂടി ഉൾപ്പെട്ട പ്ലാനിനെക്കാൾ 8% നിരക്കു കുറഞ്ഞു. ആദ്യഘട്ടത്തിൽ 2% കുറവ് മാത്രം നൽകാൻ കമ്പനികൾ തയാറായതാണ് പ്രതിഷേധത്തിനു കാരണമായത്. റിലയൻസ് ജിയോ 84 ദിവസത്തെ പ്ലാനിൽ 30 രൂപയും വാർഷിക പ്ലാനിൽ 210 രൂപയും കുറച്ചു. ഒപ്പം വാലിഡിറ്റിയിൽ 29 ദിവസം കുറയ്ക്കുകയും ചെയ്തു. എയർടെലിനു സമാനമായ പുതിയ 2 പ്ലാനുകളാണ് വോഡഫോൺ–ഐഡിയ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന 1,460 രൂപയുടെ പ്ലാൻ പിൻവലിക്കുകയും ചെയ്തു.

പുതിയ നിരക്കുകൾ ഇങ്ങനെ (ബ്രാക്കറ്റിൽ പഴയനിരക്ക്)

റിലയൻസ് ജിയോ

 448 രൂപ (458 രൂപ): 84 ദിവസം വലിഡിറ്റി. അൺലിമിറ്റഡ് കോൾ, 1,000 എസ്എംഎസ്

∙ 1,748 രൂപ (1,958 രൂപ): 336 ദിവസം (മുൻപ് 365 ദിവസം) വലിഡിറ്റി. അൺലിമിറ്റഡ് കോൾ, 3,600 എസ്എംഎസ്

അധിക സേവനം: ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൗഡ്

എയർടെൽ

469 രൂപ (499 രൂപ): 84 ദിവസം വലിഡിറ്റി. അൺലിമിറ്റഡ് കോൾ, 900 എസ്എംഎസ്:

 1,849 രൂപ (1,959 രൂപ): 365 ദിവസം വലിഡിറ്റി. അൺലിമിറ്റഡ് കോൾ, 3,600 എസ്എംഎസ്

വോഡഫോൺ–ഐഡിയ

470 രൂപ: 84 ദിവസം വലിഡിറ്റി, അൺലിമിറ്റഡ് കോൾ, 900 എസ്എംഎസ്

1,849 രൂപ: 365 ദിവസം വലിഡിറ്റി, അൺലിമിറ്റഡ് കോൾ, 3,600 എസ്എംഎസ്”

പ്രായമായാൽ താരങ്ങൾക്ക് താമസിക്കാൻ ​ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാനൊരുങ്ങി ‘അമ്മ’

 പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുകൂടി താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ താരസംഘടനയായ അമ്മ. ഇതിനുള്ള ശ്രമം ആരംഭിച്ചതായി നടന്‍ ബാബുരാജ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്‌നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള്‍ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങും. അതിനുള്ള ധൈര്യം നമുക്കുണ്ട്’, വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടി ബാബുരാജ് പറഞ്ഞു.

‘ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം. പണ്ട് തമിഴ്‌നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല’, പിന്നീട് സംസാരിച്ച മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ഓഫീസില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ്. നടന്‍ ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി.

സംഘടനയിലെ 82 അംഗങ്ങള്‍ക്ക് സ്ഥിരമായി ജീവന്‍രക്ഷാ- ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി. ഒരംഗത്തിന് പ്രതിവര്‍ഷം ഒരുലക്ഷം രൂപയുടെ മരുന്നാണ് സംഘടന എത്തിച്ചുനല്‍കുക.

റെയിൽവേയിൽ 32,438 അവസരം; പത്താംക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ./തത്തുല്യം യോഗ്യത.

റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. രാജ്യത്തെ മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയിൽവേയിൽ 540 പേർക്കാണ് ഈ വിഭാഗത്തിൽ അവസരം. ഓൺലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.

പരസ്യവിജ്ഞാപന നമ്പർ: 08/2024

തസ്തികകൾ: അസിസ്റ്റന്റ് (സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്‌നർ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്‌ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിലാണിവ.

അടിസ്ഥാന ശമ്പളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എൽ.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരിൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യത: പത്താംക്ലാസ്. അല്ലെങ്കിൽ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി.). അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാനർഹരല്ല. അപേക്ഷ: വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ ലഭിക്കും. ചെന്നൈ ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ് വിലാസം: www.rrbchennai.gov.in അവസാന തീയതി: ഫെബ്രുവരി 22.

കൊച്ചിയുടെ തലവര മാറ്റി ഇലക്ടിക് ബസ്; യാത്ര ചെയ്തത് 15,500 പേർ

 കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ഹിറ്റ്. ആലുവ-വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളജ്, കളമശേരി–കുസാറ്റ് റൂട്ടുകളിൽ ജനുവരി 16ന് ആരംഭിച്ച സർവീസിൽ വെള്ളിയാഴ്ച വരെ 15,500 ഓളം പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 1900 ത്തിലേറെ പേർ സർവീസ് പ്രയോജനപ്പെടുത്തുന്നു. ഇലക്ടിക് ബസ് സർവീസ് ആരംഭിച്ചതോടെ ആലുവ, കളമശേരി മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.


ആലുവ-വിമാനത്താവളം റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്രാ നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. വിമാനത്താവളം റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ആണ് സർവീസ് നടത്തുന്നത്.

വിമാനത്താവളം റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുണ്ടാകും. രാവിലെ 6.45 മുതല്‍ സർവീസ് ആരംഭിക്കും. രാത്രി 11നാണ് വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവീസ്. കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവീസ്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിങ്. കാഷ് ട്രാന്‍സാക്‌ഷനുമുണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.

 ഇൻഫോപാർക്ക് റൂട്ടിൽ 29ന് സർവീസ് ആരംഭിക്കും 
കൊച്ചി വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ജനുവരി 29ന് ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7.15 വരെ  25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസ് ഉണ്ടാകും.
വൈകിട്ട്, തിരിച്ച് 7.15ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിയിലേക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കലക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവീസ്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്രയൽ റണ്ണിന് ഇൻഫോപാർക്ക് ഡിജിഎം ശ്രീജിത് ചന്ദ്രൻ, എജിഎം വി.ആർ.വിജയൻ, മാനേജർ ടിനി തോമസ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൈക്കോടതി-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി സർവീസ് ആരംഭിക്കും.

ഇലക്ട്രിക്കൽ, പ്ലംബിങ് മേഖലകളിൽ സ്ത്രീകൾക്ക് പരിശീലനം.

വീടുകളിലെ ദൈനംദിന ആവശ്യങ്ങളുടെ ഭാഗമായുള്ള ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾക്ക് സ്ത്രീകൾക്കു പരിശീലനം നൽകാൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. ജില്ലകളിലെ 30 സ്ത്രീകൾക്കു വീതമായിരിക്കും പരിശീലനം. പരിശീലന ശേഷം സഖി പദ്ധതിയുടെ മൊബൈൽ ആപ്പിലൂടെ ഇവരുടെ സേവനം പൊതുജനങ്ങൾക്കു ലഭ്യമാക്കി തുടങ്ങും.

വീട്ടിലെ ഇലക്ട്രിക്കൽ ജോലികൾക്കു പുറമേ രോഗീപരിചരണത്തിനും പ്രസവ ശ്രുശ്രൂഷയ്ക്കും വരെ പരിശീലനം നൽകുന്നുണ്ട്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഈ മൊബൈൽ ആപ്പിലൂടെ സ്ത്രീകളുടെ സേവനം ഉറപ്പാക്കാനും ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനുമാണ് പദ്ധതി. പരിശീലന പദ്ധതി ആദ്യം തുടങ്ങുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും. നാല് ജില്ലകളിലും സ്ത്രീകൾക്കു പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ പൊതുജനങ്ങൾക്കു ‘സഖി’ ആപ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം നൽകും. പരിശീലനം ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴി സ്കൂട്ടറിനും മറ്റും വായ്പ നൽകുന്നതിനും ആലോചനയുണ്ട്. രോഗീപരിചരണത്തിന് ആയുഷ് വകുപ്പുമായി ചേർന്നാണ് പരിശീലനം നൽകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി.

കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. കേരളത്തിലുടനീളം 19 ഇടങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയിലാണ് പുതിയ നിയമനം. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 29ന് മുന്‍പായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് IV പ്ലാനിങ് വിങ്) കളില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ റിക്രൂട്ട്‌മെന്റ്. ആകെ 19 ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍ : 721/2024

പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

“ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപമുതല്‍ 11,5300 രൂപ വരെ ശമ്പളമായി ലഭിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റി/ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ച്ചര്‍/ ഫിസിക്കല്‍ പ്ലാനിങ്ങിലുള്ള ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29 ആണ്.

Verified by MonsterInsights