ഇന്ത്യയിൽ 4 നിറത്തിലുള്ള പാസ്‌പോര്‍ട്ട്, നിങ്ങൾക്കറിയാമോ.

 എല്ലാ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും ഒരു നിറമല്ല. മറിച്ച് വ്യത്യസ്തമായ നാലു നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രികര്‍ക്ക് അനുവദിക്കാറുള്ളത്. സാധാരണ യാത്രികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അടിയന്തര യാത്രികര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ യാത്രികര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടാണുള്ളത്. നിറങ്ങള്‍ക്കനുസരിച്ചുള്ള പാസ്‌പോര്‍ട്ടിന്റെ വ്യത്യാസത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് യാത്രികര്‍ക്കും ഗുണം ചെയ്യും. സുരക്ഷയും സ്വകാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ അടുത്തിടെ പാസ്‌പോര്‍ട്ട് നിയമങ്ങളിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
നിങ്ങള്‍ കണ്ടിട്ടുള്ള പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗത്തിന്റേയും പുറം ചട്ടക്ക് നീലനിറമാവും. കാരണം ഇന്ത്യയില്‍ അനുവദിക്കുന്ന സാധാരണ പൗരന്മാര്‍ക്കുള്ള പാസ്‌പോര്‍ട്ടിന്റെ നിറമാണ് നീല. ബിസിനസിനോ വിനോദ സഞ്ചാരത്തിനോ വിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങള്‍ക്കോ വിദേശത്തേക്കു പോവുന്ന സാധാരണ പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ടാണ് അനുവദിക്കുന്നത്. സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വ്യക്തിത്വവും വിലാസവും ജനനതീയതിയും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. പത്തുവര്‍ഷത്തേക്കാണ് ഈ പാസ്‌പോര്‍ട്ട് അനുവദിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്കും അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും നീല പാസ്‌പോര്‍ട്ട് ലഭിക്കും.

ഔദ്യോഗിക പാസ്‌പോര്‍ട്ട്- വെള്ള

നയതന്ത്ര ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് അനുവദിക്കുക. ഇത്തരം പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് അതാത് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഔദ്യോഗിക ചുമതലയുടെ കാലാവധി വരെ മാത്രമേ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്ക് നിയമസാധുതയുണ്ടാവൂ.

നയതന്ത്ര പാസ്‌പോര്‍ട്ട്- മെറൂണ്‍

 ഉയര്‍ന്ന പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ നയതന്ത്രജ്ഞര്‍ക്കും ഐഎഫ്എസ് അംഗങ്ങള്‍ക്കും രാജ്യത്തിന്റെ പ്രതിനിധികളായി അയക്കുന്നവര്‍ക്കുമെല്ലാമാണ് ഈ മെറൂണ്‍ പാസ്‌പോര്‍ട്ട് അനുവദിക്കുക. നയതന്ത്രപരമായ സവിശേഷ അധികാരങ്ങളും ആനുകൂല്യങ്ങളും ഈ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ലഭിക്കും. രാജ്യാന്തര തലത്തിലുള്ള നയതന്ത്രങ്ങള്‍ ഫലപ്രദമായും വേഗത്തിലും നടപ്പിലാക്കാന്‍ വേണ്ടിയാണിത്. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പ്രത്യേകം കത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കൂ. നയതന്ത്ര ചുമതലയുടെ കാലാവധി തന്നെയാണ് ഇത്തരം പാസ്‌പോര്‍ട്ടുകളുടേയും കാലാവധി.


 അടിയന്തര സര്‍ട്ടിഫിക്കറ്റ് – ചാരം


 എന്തെങ്കിലും കാരണവശാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള താല്‍ക്കാലിക യാത്രാ രേഖയാണ് ചാര നിറത്തിലുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്. ഇത് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് നഷ്ടമായെന്നോ മോഷ്ടിക്കപ്പെട്ടെന്നോ പറയുന്ന പൊലീസ് റിപ്പോര്‍ട്ടും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയിലേക്ക് അടിയന്തര സാഹചര്യത്തില്‍ തിരിച്ചുവരാന്‍ മാത്രമാണ് ഈ രേഖ ഉപയോഗിക്കാനാവുക

 പാസ്‌പോര്‍ട്ട് നിയമത്തിലെ മാറ്റങ്ങള്‍

സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നിരവധി മാറ്റങ്ങളാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ അടുത്തിടെ വരുത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ജന്മദിനരേഖയായി പരിഗണിക്കുകയുള്ളൂ. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ താമസസ്ഥലത്തിന്റെ വിലാസം ഇനി മുതല്‍ അച്ചടിക്കില്ല. ഈ വിവരം ഇനി മുതല്‍ ബാര്‍ക്കോഡ് രൂപത്തിലാണ് പാസ്‌പോര്‍ട്ടില്‍ നല്‍കുക. ഇത് സുരക്ഷ വര്‍ധിപ്പിക്കും. പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ രക്ഷിതാക്കളുടെ പേര് നല്‍കുന്നത് നിര്‍ബന്ധമായിരിക്കില്ല

ഈ മാറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 442ല്‍ നിന്നും 660ലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഇതും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം; ശമ്പളം 82,000 രൂപ, 38 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം.

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്. ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ 50 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്. ‌‌

പത്താം ക്ലാസും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ തതുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷകരുടെ പ്രായം 38ൽ വയസിൽ കവിയാൻ പാടില്ല. 35,000 മുതൽ 82,660 വരെയാണ് ശമ്പളം.
എഴുത്ത് പരീക്ഷയ്‌ക്ക് പുറമേ സ്‌കിൽ ടെസ്റ്റും അഭിമുഖവും നടത്തിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടൊപ്പം മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റും ഉണ്ടാകും. അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച ശേഷം ഹാർഡ്‌കോപ്പി സ്‌പീഡ് പോസ്റ്റ് വഴി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് അയക്കണം. വിശദാംശങ്ങൾക്കായി www. bmrc.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ നാലാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒമ്പതാണ്.

പഴങ്ങള്‍ നല്ലതാണ്, പക്ഷേ തോന്നുന്ന സമയത്തെല്ലാം കഴിക്കരുത്.

വിറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം. ഒപ്പം, നാച്ചുറൽ ഷുഗറും. പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കാരണങ്ങളേറെയുണ്ട്. എന്നാൽ, തോന്നുന്ന സമയത്തെല്ലാം പഴങ്ങൾ കഴിക്കാമോ? അങ്ങനെ കഴിച്ചാൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും അത് തോന്നുന്ന സമയത്ത് ആകുന്നത് ദോഷകരമാകുമെന്ന് ഇമോഷണൽ ഈറ്റിങ് കോച്ച് രാധിക ഷാ പറയുന്നു.

“പഴങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില സമയങ്ങളുമുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം. വെറുംവയറ്റിൽ പഴങ്ങൾ കഴിക്കരുത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ അസന്തുലിതാവസ്ഥയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ വെറുംവയറ്റിൽ പഴങ്ങൾ മാത്രം കഴിക്കുന്നത് ഷുഗർ നില പൊടുന്നനെ ഉയരാനും താഴാനും വഴിവെക്കും. ഇത് തളർച്ച അനുഭവപ്പെടാനും വേഗം വിശക്കാനും കാരണമാകും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കാലത്ത് വെറുംവയറ്റിൽ പഴങ്ങൾ കഴിക്കുന്നതെങ്കിൽ ഇത് ഉദ്ദേശിച്ച ഫലം തരില്ലെന്ന് ചുരുക്കം. വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നവരുമുണ്ടാകും. ചെറിയൊരു ആശ്വാസം എന്ന നിലയ്ക്ക് ചെയ്യുന്നതാണെങ്കിലും ഇതും ആരോഗ്യകരമായ ഒരു ശീലമല്ല. കാരണം പ്രോട്ടീനുകളെയും കൊഴുപ്പിനെയും അപേക്ഷിച്ച് പഴങ്ങൾ വേഗം ദഹിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ഗ്യാസിനും അസ്വസ്ഥതകൾക്കും വഴിവെക്കുമെന്ന് രാധിക കൂട്ടിച്ചേർക്കുന്നു. രാത്രി വിശപ്പുതോന്നുന്നപക്ഷം പഴങ്ങളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ, ഇതും അത്ര നല്ലതല്ല. ഉറങ്ങാൻ പോകുന്നതിന് മുൻപ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില ഉയരാൻ കാരണമാകും. മാത്രമല്ല ഉറക്കത്തെയും ബാധിക്കും. പാലിനൊപ്പം പഴങ്ങൾ ചേർത്തു കഴിക്കുന്നത് ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നത് കൂടാതെ ത്വക്കിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധുക്കൾ, പ്രധാനമന്ത്രിയുടെയും ക്ഷണം.

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സുനിത വില്യംസ് കുടുംബത്തോടൊപ്പം ധാരാളം സമയം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവളുടെ ഇഷ്ടം ആയിരിക്കുമെന്നും ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചു.

59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും അവൾ ഒരു മാതൃകയാണ്. ഫാൽഗുനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. പ്രധാനമന്ത്രി മാർച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്സിൽ പങ്കുവെച്ചത്. യുഎസ് സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോൾ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി മോദി കത്തിൽ പറയുന്നു.

1.4 ബില്യൺ ഇന്ത്യക്കാർ നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങൾ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുറിച്ചു.

ഇനി കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് ഡിജിറ്റലായി പണം നൽകാം.

കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് ചാർജ് ഡിജിറ്റൽ പേയ്മെന്റ് വഴി നൽകാവുന്ന രീതി ഒരുമാസത്തിനകം സംസ്ഥാനത്തെമ്പാടും നടപ്പാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈരീതിക്ക് നല്ല സ്വീകാര്യത ലഭിച്ചതിനാലാണ് എല്ലാ ഡിപ്പോകളിലെയും സർവീസുകൾക്ക് ബാധകമാക്കുന്നത്. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ക്യുആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റെടുക്കാം. വിവിധ കാർഡുകൾ ഉപയോഗിച്ചും പേമെന്റ് നടത്താം.

കെഎസ്ആർടിസിയുടെ മെയിൻ അക്കൗണ്ടിലേക്ക് ഈ പണം നേരിട്ടെത്തുന്ന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലടക്കം കോർപ്പറേഷനിൽ മൊത്തം ഇങ്ങനെ പണമടയ്ക്കാവുന്ന രീതി മൂന്നുമാസത്തിനകം നടപ്പാകും. കോഴിക്കോട് ജില്ലയിൽ ടിക്കറ്റ് തുക ഡിജിറ്റൽ പേയ്മെന്റ് വഴി നൽകാവുന്ന സംവിധാനം ഏപ്രിൽ ആദ്യവാരത്തോടെ നിലവിൽവരും. യു.പി.ഐ. അടക്കം എല്ലാതരം ഡിജിറ്റൽ പേമെന്റും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.


വിവിധ ആപ്പുകൾ ഉപയോഗിച്ച് പണമടയ്ക്കാവുന്ന പുതിയതരം ചലോ ടിക്കറ്റ് മെഷീൻ കണ്ടക്ടർമാർക്ക് നൽകിവരുന്നുണ്ട്. സ്വിഫ്റ്റ് അടക്കം വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ദീർഘദൂരബസുകളിലാണ് ഈ പ്രോജക്ട് ആദ്യം ലോഞ്ചുചെയ്തത്. കെഎസ്ആർടിസി. ഐടി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ ചേർന്ന് ദ്രുതഗതിയിൽ ഇത് ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്.

യാത്രക്കാർക്കുള്ള പ്രയോജനങ്ങൾ : ചില്ലറപ്രശ്നവും അതേച്ചൊല്ലിയുള്ള തർക്കങ്ങളും ഒഴിവാക്കാം. ടിക്കറ്റ് ചാർജിനുള്ള പണം കൈയിൽ കരുതണമെന്നില്ല. ബാക്കി വാങ്ങാൻ മറന്നുപോകുമെന്ന പ്രശ്നമില്ല. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാൻസ്ഫർചെയ്തു എന്നതിന് തെളിവുണ്ടാകും.

യാത്രക്കാർക്ക് സൗകര്യപ്രദം: ഡിജിറ്റൽ പേമെന്റ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവും. നിലവിലുള്ള രീതിയിൽ പണം നൽകി നേരിട്ട് ടിക്കറ്റെടുക്കുന്ന സംവിധാനം ഇനിയും തുടരും. ഏതുരീതി വേണമെന്നത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. ഒരുമാസത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ബസുകളിലും ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണ്. – പി.എസ്. പ്രമോജ് ശങ്കർ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി)”

പകുതിവില മാത്രം! ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വി‍ൽപന

ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വി‍ൽപന. ബ്ലൂ ഓഷ്യൻ ബവ്റിജസ് എന്ന കമ്പനിയാണു ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1,310 രൂപയ്ക്കു വിറ്റിരുന്ന  കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റുതീർക്കുകയാണു ലക്ഷ്യം. സർക്കാരിനുള്ള നികുതി, ബവ്കോയുടെ കമ്മിഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.

ഏപ്രിൽ 1 മുതൽ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം.

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏ‍ര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. വേനൽക്കാലത്തെ തിരക്ക് മുന്നിൽ കണ്ടാണ് കോടതിയുടെ നടപടി. ഏപ്രിൽ 1 മുതൽ ജൂൺ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എൻ സതീശ് കുമാർ, ജസ്റ്റിസ് ഡി ഭാരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രവ‍ര്‍ത്തി ദിനങ്ങളിൽ ഊട്ടിയിലേയ്ക്ക് 6000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8000 വാഹനങ്ങളും മാത്രമേ കടത്തി വിടാൻ പാടൂള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നത്. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000, 6000 എന്നാക്കി ചുരുക്കുകയും ചെയ്തു. പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവ‍ര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ഇ-പാസുകൾ നൽകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. നീലഗിരിയിൽ പ്രതിദിനം 20,000 വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിന് പിന്നാലെയാണ് 2024 ഏപ്രിൽ 29ന് ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് ഇ-പാസുകൾ നിർബന്ധമാക്കി കോടതി ഉത്തരവിട്ടത്. 

സുനിതയെ കാത്ത് ഭൂമി ; ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങുന്നത് ഇന്ന് രാവിലെ 10.35

ചരിത്ര നിമിഷം നാളെ 3.27 A.M

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയുടെ മടിത്തട്ടിലേക്ക്. മനുഷ്യൻ ആർജ്ജിച്ച ശാസ്ത്ര വിജ്ഞാനത്തിന്റെ മഹത്തായ വിജയമായി മാറുകയാണ് സുനിതയുടെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര. ഇവർക്കൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്.

ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുന്ന സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങും.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലിൽ മെല്ലെ വന്നുപതിക്കും. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും.

വാതായനം തുറന്ന് ഭൂമിയുടെ ശുദ്ധ വായുവിലേക്ക് സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുൾമുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ അന്ത്യം.

കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്. 

287 ദിവസമാണ് സുനിത ഇപ്പോൾ ബഹിരാകാശത്ത് ചെലവഴിച്ചത്.

ഭൂമിയിലും അവർക്ക് വെല്ലുവിളികൾ

പേശികൾ ദുർബലമാകും,തുലനനില താളംതെറ്റും,രക്തയോട്ടത്തിൽ വ്യതിയാനം, പ്രതിരോധ ശേഷി കുറയും, തലകറക്കം, ഛർദ്ദി, പനി,  മറ്റ് ശാരീരിക  ബുദ്ധിമുട്ടുകൾ, നിരീക്ഷണവും പരിചരണവും അനിവാര്യം.


കേരളത്തിൽ വേനൽമഴ സജീവമാകുന്നു; ഇന്ന് വൈകുന്നേരം മിക്ക ജില്ലകളിലും മഴ സാധ്യത.

സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ജില്ലകളിൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (2025 മാർച്ച് 16) കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. തുടക്കത്തിൽ മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ  വടക്കൻ ജില്ലകളിലും  മഴ പെയ്തേക്കും. തുടർന്നുള്ള ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും. മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിൽ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; കൊല്ലം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കൽ കല്ല്.

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലയിലാണ് ഇല്ലിക്കൽ കല്ലുള്ളത്. മൂന്ന് ഭീമൻ പാറക്കെട്ടുകൾ ഒരുമിച്ച് ചേ‍ർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായത്. ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ളതിനാൽ കുടക്കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ മലയിൽ നിരവധി അരുവികൾ ഉണ്ട്. അവ താഴേക്ക് ഒഴുകി ശാന്തമായ മീനച്ചിൽ നദിയായി മാറുന്നു. 

ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. മുത്തശ്ശി കഥകളിലും സിനിമകളിലുമൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്. സമ്പത്ത് വർദ്ധിപ്പിക്കാനും സമൃദ്ധമായ വിളവ് ഉറപ്പാക്കാനും കഴിയുന്ന അമാനുഷിക ശക്തികൾ നീലക്കൊടുവേലിയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മലഞ്ചെരിവുകളെ നീലനിറത്തിൽ കുളിപ്പിക്കുന്ന നീല കൊടുവേലിയ്ക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്നാണ് പഴമക്കാ‍‍ർ പറയുന്നത്. കൂനുകല്ലിന് കുറുകെ നരകപാലം (നരകത്തിലേക്കുള്ള പാലം) എന്നറിയപ്പെടുന്ന 1/2 അടി വീതിയുള്ള പാലം ഉണ്ട്. ഇതിന് 20 അടിയിലേറെ താഴ്ചയുള്ള ഒരു വിടവുണ്ടെന്നും നീലക്കൊടുവേലി വളരുന്നത് ഇവിടെയാണെന്നുമാണ് പറയുന്നത്.

നീലക്കൊടുവേലി തേടി പണ്ടുകാലത്ത് നിരവധിയാളുകൾ ഇല്ലിക്കൽ കല്ല് കയറിയെന്നും അപകടങ്ങൾ സംഭവിച്ചെന്നും കഥകളുണ്ട്. എന്നാൽ, നീലക്കൊടുവേലിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിൽ എപ്പോഴും ശക്തമായ കാറ്റ് വീശാറുണ്ട്. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. മഴയും തണുപ്പുമുള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ലിനെ കോടമഞ്ഞ് മൂടും. ഇത്തരം സന്ദർഭങ്ങളിൽ പലർക്കും ഇല്ലിക്കൽ കല്ല് നേരിൽ കാണാൻ സാധിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതി പോലും ഉണ്ടാകാറുണ്ട്. മലമുകളിൽ നിന്ന് നോക്കിയാൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം. ഓറഞ്ച് നിറത്തിലുള്ള സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാൻ കഴിയുന്ന പൂർണ്ണചന്ദ്ര ദിനത്തിലെ സൂര്യാസ്തമയം അതിമനോഹരമായ കാഴ്ചയാണ്.

Verified by MonsterInsights