250 രൂപയുണ്ടെങ്കിൽ 25 ലക്ഷം രൂപ സമ്പാദിക്കാം, ഇതിലും മികച്ച സേവിംഗ് പ്ലാൻ സ്വപ്നങ്ങളിൽ മാത്രം.

എല്ലാവരും അവർക്ക് ലഭിക്കുന്ന വരുമാത്തിൽ നിന്നും ചെറിയ തുക ലാഭിക്കാനും അത് ഏതെങ്കിലും സാമ്പത്തിക പദ്ധതിയിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുള്ളത് കൊണ്ട് തന്നെ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ചിലപ്പോൾ ഉണ്ടായേക്കാം. കുറഞ്ഞ തുകയിൽ ദീർഘകാല നിക്ഷേപ പദ്ധതികൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് ആണ്.

പിപിഎഫ് നിക്ഷേപത്തിലൂടെ പ്രതിദിനം 250 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ പോലും ഏകദേശം 24 ലക്ഷം രൂപയോളം സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. വിശ്വാസം വരുന്നില്ലേ… നമുക്ക് വിശദമായി നോക്കാം.
കാലാവധിയും പലിശ നിരക്കും: ദീർഘകാലത്തേക്ക് നിക്ഷേപിച്ച് മികച്ച നേട്ടം കൈവരിക്കാനാകുന്ന ഒരു സേവിംഗ്സ് സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നല്ല രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന സമ്പാദ്യപദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. കൂട്ടുപലിശയുടെ ഗുണം നിക്ഷേപത്തിന് ലഭിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്.


രാജ്യത്തെ ഏതൊരു പൗരനും പിപിഎഫിൽ നിക്ഷേപിക്കാം. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. വാർഷികാടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.

നികുതി ആനുകൂല്യങ്ങൾ: പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലെ നിക്ഷേപത്തിന് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, നിക്ഷേപത്തിൻ്റെ സുരക്ഷ സർക്കാർ തന്നെ ഉറപ്പ് നൽകുന്നു. പിപിഎഫ് അക്കൗണ്ട് ‘E-E-E’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിൽ ഒരു വർഷത്തേക്കുള്ള 1.5 ലക്ഷം വരെയുള്ള ഡെപ്പോസിറ്റ്, ലഭിക്കുന്ന പലിശ, മെച്യൂരിറ്റി തുക എന്നിവയ്ക്കെല്ലാം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

24 ലക്ഷം രൂപ എങ്ങനെ കണ്ടെത്തും..?

വെറും 250 രൂപയുടെ പ്രതിദിന നിക്ഷേപത്തിലൂടെ 24 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ കണ്ടെത്താൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.

നിങ്ങൾ പ്രതിദിനം 250 രൂപ പിപിഎഫ് നിക്ഷേപത്തിനായി നീക്കിവെക്കുന്നു എന്ന് കരുതുക. അതായത് പ്രതിമാസം 7500 രൂപ. ഒരു വർഷം നിക്ഷേപിക്കേണ്ട തുക 90,000 രൂപ എന്ന് ചുരുക്കം. 15 വർഷത്തേക്ക് നിങ്ങൾ ഈ പണം എല്ലാ വർഷവും പിപിഎഫിൽ നിക്ഷേപിക്കണം.
15 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 13,50,000 രൂപയായിരിക്കും. എന്നാൽ 7.1 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നത് കൊണ്ട് തന്നെ പലിശയിനത്തിൽ ഏകദേശം 10,90,926 രൂപയും ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 24,40,926 രൂപ സമ്പാദിക്കാൻ സാധിക്കും.

15 വർഷം കൊണ്ട് 40 ലക്ഷം രൂപ

പിപിഎഫ് നിക്ഷേപത്തിലൂടെ 40 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.


 

Verified by MonsterInsights