ഓണാവധിക്ക് കുറഞ്ഞ ചെലവില്‍ ആലപ്പുഴയില്‍ ബോട്ട് സവാരി നടത്താനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. കായല്‍യാത്രകള്‍ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് കുറഞ്ഞ ചെലവിലുള്ള ബോട്ട് യാത്രകളുമായി സംസ്ഥാന ജലഗതാഗത വകുപ്പ് എത്തിയിരിക്കുന്നത്. വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂര്‍ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രകള്‍ക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് തിരിച്ചെത്തുന്ന വേഗ ബോട്ട് യാത്രയാണ് വകുപ്പിന്റെ പ്രധാന സര്‍വീസ്. ഈ യാത്രയില്‍ അലപ്പുഴയിലെ പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, ആര്‍ ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെ ബോട്ട് സഞ്ചരിക്കും. വളരെ കുറഞ്ഞ നിരക്കില്‍ പാതിരാമണല്‍, പുത്തന്‍കായല്‍, തണ്ണീര്‍മുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, കുട്ടനാട് എന്നിവടങ്ങള്‍ യാത്രയില്‍ കാണാനാകും. 40 എ സി സീറ്റുകളും 80 നോണ്‍ എ സി സീറ്റുകളുമാണ് കാറ്റമറൈന്‍ ബോട്ടിലുളളത്. എ സി സീറ്റിന് 600 രൂപയും നോണ്‍ എസിക്ക് 400 രൂപയുമാണ് നിരക്ക്.