ധാക്ക: ബംഗ്ലാദേശിലെ ഏറ്റവുംവലിയ പാലം പ്രധാനമന്ത്രി ശൈഖ് ഹസീന ശനിയാഴ്ച ഉദ്ഘാടനംചെയ്തു. തെക്കുപടിഞ്ഞാറൻമേഖലയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റെയിൽ-റോഡ് പാലം പദ്മ നദിക്ക് കുറുകെ 6.15 കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിട്ടുള്ളത്.മൊത്തമായും ആഭ്യന്തര മുതൽമുടക്കോടെ നിർമിച്ചുവെന്നതും ഇതിന്റെ സവിശേഷതയാണ്. വിദേശസഹായമില്ലാതെ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്ന അഭിപ്രായം ശക്തമായിരുന്നു. ‘‘ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും പദ്മപാലം യാഥാർഥ്യമാകില്ലെന്ന് പറഞ്ഞവർ ആത്മവിശ്വാസക്കുറവുള്ളവരാണ്. ഈപാലം അവരുടെ കാഴ്ചപ്പാടുകൾ തിരുത്തട്ടെ’’ -ഉദ്ഘാടനവേളയിൽ ശൈഖ് ഹസീന പറഞ്ഞു. പദ്ധതിക്ക് 30,000 കോടിയോളം രൂപ ചെലവായി. ലോകബാങ്ക് കൺസോർഷ്യത്തിന്റെ സഹായത്തോടെ നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, 2012-ൽ അഴിമതിയാരോപിച്ച് ലോകബാങ്ക് പിന്മാറി. ഇതോടെ പദ്ധതി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.