കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടികൾ യു.എ.ഇ. കൂടുതൽ ശക്തമാക്കുന്നു. കോവിഡ് ബാധിതരുടെ പ്രതിദിന സംഖ്യ നൂറിൽ താഴെയായിരുന്നത് രണ്ടാഴ്ചകൊണ്ട് 2500 കവിഞ്ഞതോടെയാണ് മുൻകരുതൽ കടുപ്പിക്കാനുള്ള തീരുമാനം. യു.എ.ഇ.യിലെ ഒട്ടുമിക്ക കമ്പനികളും വീണ്ടും ഹൈബ്രിഡ്, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ, രാജ്യത്ത് പുതിയ വാരാന്ത്യ അവധിപ്രഖ്യാപനം പ്രാബല്യത്തിലായതും മിക്ക സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ വീണ്ടും ആരംഭിച്ചതുമെല്ലാമായി പൊരുത്തപ്പെടാൻ വർക്ക് ഫ്രം ഹോം സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ക്രമേണ സ്വകാര്യമേഖലയും പുതിയ പ്രവൃത്തിദിനങ്ങളിലേക്ക് മാറിയേക്കുമെന്നാണ് വിവരം. ടെക്‌നോളജി, മൊത്തവ്യാപാരം, കസ്റ്റമർ കോൺടാക്ട് സെന്ററുകൾ, പ്രൊഫഷണൽ സർവീസുകൾ എന്നിവയാണ് പ്രധാനമായും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാനിരിക്കുന്നതെന്ന് റിക്രൂട്ട്‌മെന്റ്, എച്ച്.ആർ. ഇൻഡസ്ട്രി എക്സിക്യുട്ടീവുകൾ വ്യക്തമാക്കി.
കോവിഡ് ഗുരുതരമല്ലാത്തവർ അധികവും വീടുകളിൽത്തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഫലം നെഗറ്റീവ് ആകുന്നവർ വീടുകളിരുന്ന് ജോലി പുനരാരംഭിക്കുന്നതും സാധാരണമാണ്. ജീവനക്കാർക്ക് ഇത്തരം സംവിധാനങ്ങൾ നേരത്തേമുതൽ ഏർപ്പെടുത്തിവരുന്നതായി വിവിധ ബിസിനസ് കൺസൾട്ടൻസി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ യു.എ.ഇ. നിവാസികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിൽ മുന്നിലാണ് യു.എ.ഇ. എന്ന് അന്താരാഷ്ട്ര പഠനങ്ങൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യയെക്കാൾ ഏറ്റവും മികച്ചരീതിയിലാണ് യു.എ.ഇ.യിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ആഗോളതലത്തിലെ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കോവിഡ് വ്യാപനം യു.എ.ഇ.യിൽ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കുറവാണെന്നാണ് പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
യു.എ.ഇ.യിൽ പുതുതായി 2581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധമന്ത്രാലയം അറിയിച്ചു. 796 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം ഇതോടെ 2170 ആയി. ആകെ രോഗികൾ 7,72,189 ആണ്. ഇവരിൽ 7,48,511 പേരും രോഗമുക്തി നേടി. പുതുതായി 18,821 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ആകെ ഡോസുകളുടെ എണ്ണം ഇതോടെ 22,72,111 ആയി.