നിലമ്പൂർ ചുറ്റിക്കാണാൻ മൂന്നാർ മാതൃകയിൽ വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി ഡിപ്പോ. “നിലമ്പൂർ ടീക്ക് ലാൻഡ് സഫാരി എന്നു പേരിട്ട സർവീസ് 27ന് തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ് ഉദ്ദേശിക്കുന്നത്. രാവിലെ 9ന് നിലമ്പൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7ന് തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ്.
കനോലി പ്ലോട്ട്, ബംഗ്ലാവ്കുന്ന്, തേക്ക് മ്യൂസിയം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവ കാണാം. വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് അടക്കം ആകെ 610 രൂപയാണ് നിരക്ക്. ഭക്ഷണച്ചെലവ് യാത്രക്കാർ വഹിക്കണം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നിലമ്പൂരിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികൾ എത്താറുണ്ട്. നിലവിൽ സ്വന്തം വാഹനമുള്ളവർക്കോ ടാക്സികളെ ആശ്രയിച്ചോ ആണ് വിവിധ കേന്ദ്രങ്ങളിൽ എത്താറുള്ളത്.
കെഎസ്ആർടിസി ബസിൽ നിലമ്പൂരിലെത്തുന്നവർക്കും ഇനി ഒരു പകൽ കാണാവുന്നത്രയും സ്ഥലങ്ങളിലെത്തിക്കുകയാണ് പുതിയ പാക്കേജിന്റെ ഉദ്ദേശം. നിലവിൽ മൂന്നാറിലാണ് സമാന പാക്കേജുള്ളത്. മൂന്നാറിൽ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തുന്ന വിധത്തിലുള്ള ഈ പാക്കേജിലേക്ക് ബന്ധിപ്പിച്ച് മറ്റ് ഡിപ്പോകളിൽ നിന്ന് “ഉല്ലാസയാത്ര പദ്ധതികൾ പ്രഖ്യാപിച്ചതോടെ വൻ ഹിറ്റായി. സമാന രീതിയിൽ നിലമ്പൂർ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യമൊരുങ്ങുകയാണ്.