തൃശൂർ: വാണിയമ്പാറയിലെ തറവാട്ടിൽ വന്ന നേരം എസ്ഐ ഏബ്രഹാമിനു പെട്ടെന്നു ഡ്യൂട്ടിക്കു പോകാനുള്ള വിളി വന്നു. യൂണിഫോം താമസസ്ഥലത്തു പോയി എടുത്തു വരാൻ വൈകും. എന്തു ചെയ്യും. ? നോക്കുമ്പോൾ അനിയൻ പൗലോസ് കിടന്നു നല്ല ഉറക്കം. പുള്ളിയുടെ യൂണിഫോമെടുത്തിട്ട് ഏബ്രഹാം ഒറ്റപ്പാച്ചിൽ
ഇങ്ങനെ പല കൗതുകങ്ങളും സംഭവിക്കാറുണ്ട് വാണിയമ്പാറയിലെ ‘എസ്ഐ വീട്ടിൽ’, കൊമ്പഴം വാണിയമ്പാറയ്ക്കുമിടയിലുള്ള മുടിനാട്ട് വീട്ടിലെ 3 ആൺ മക്കൾ എസ്ഐമാരാണ്. പരേതനായ വർഗീസിന്റെയും അച്ചാമ്മയുടെയും മക്കൾ. ജോയി, ഏബ്രഹാം, പൗലോസ്. അതും ഒരേ റാങ്ക് പട്ടികയിൽ ഇടം നേടി ഒരേ വർഷം ജോലിക്കു കയറിയവർ.
മൂത്തയാൾ ജോയി ഇന്നു വിരമിക്കുന്നു. രണ്ടാമൻ ഏബ്രഹാമാണു മൂന്നുപേരുടെയും അപേക്ഷ 1991ൽ വാണിയമ്പാറ തപാൽ ഓഫിസ് വഴി അയച്ചത്. 1992ൽ മൂന്നുപേരും കോൺസ്റ്റബിൾമാരായി. പിന്നീട് പ്രമോഷൻ ലഭിച്ച് എസ്ഐ പദവിയിലെത്തി.
വിരമിക്കുമ്പോൾ ജോയി പാലക്കാട് ജില്ലയിലെ നെന്മാറ സ്റ്റേഷനിൽ എസ്ഐയാണ്. ഏബ്രഹാം തൃശൂരിലെ വിയ്യൂർ സ്റ്റേഷനിലും പൗലോസ് നെടുപുഴയിലും. മൂന്നുപേരും പൊലീസ് യൂണിഫോമിൽ ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങുന്നത് അഭിമാനമുഹൂർത്തമാണെന്ന് അച്ചാമ്മ പറയുന്നു. മൂത്തയാൾ വിരമിക്കുമ്പോൾ ഒരാഗ്രഹം മാത്രം ബാക്കി. മൂന്നുപേരും ഒരുമിച്ച് ഒരു സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന മോഹം.