തിരുവമ്പാടിയിലെ ഫാം ടൂറിസം പദ്ധതി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ വിവിധ ഫാമുകൾ കോർത്തിണക്കി ആരംഭിച്ച ഫാം ടൂറിസം പദ്ധതി കാണുന്നതിനും പഠിക്കുന്നതിനുമായി കണ്ണൂർ ജില്ലാ കലക്ടറും സംഘവുമെത്തി. ഇരുവഴിഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാണ് കലക്ടർ എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്. 

ഫാം ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിൽ നടപ്പാക്കുന്നതിന്റെ സാധ്യതകൾ നേരിട്ട് പഠിക്കുന്നതിനാണ് സംഘം എത്തിയത്.

കണ്ണൂർ ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ, ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ ഇ. കെ, കണ്ണൂർ ടൂറിസം ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടർ ഷൈൽ എം.എം എന്നിവരടങ്ങുന്ന സംഘം എട്ടോളം ഫാമുകൾ സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി, അഗ്രി നഴ്‌സറികൾ, കന്നുകാലി ഫാം, ആടു വളർത്തൽ ഫാം, കരകൗശല നിർമ്മാണ കേന്ദ്രം എന്നിങ്ങനെ വിവിധ ഫാമുകളാണ് സംഘം സന്ദർശിച്ചത്. 

ഫാം ടൂറിസത്തിന്റെ സാധ്യതകളുള്ള, വീടുകൾ ഉൾപ്പെടെ അമ്പതിൽപ്പരം കേന്ദ്രങ്ങളാണ് മലയോരമേഖലയി ലുള്ളത്. പ്രകൃതിഭംഗി ആസ്വദിക്കു ന്നതോടൊപ്പം ഇഷ്ടമുള്ള കാർഷിക വിഭവങ്ങളും വളർത്തുമൃഗങ്ങളും സ്വ ന്തമാക്കാനും അവയെക്കുറിച്ച് പഠിക്കാനും സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നതാണ് ഫാം ടൂറിസം പദ്ധതി. 

 

ഫാം ടൂർ പ്രോഗ്രാം ഉൾപ്പെടെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെ വിവിധ പദ്ധതികൾ ഇവിടെ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണ്. പച്ചക്കറി, തെങ്ങ്, ജാതി, കൊക്കോ തുടങ്ങിയ കാർഷിക വിളഭൂമികളും പച്ചക്കറി കൃഷിയും മത്സ്യകൃഷി, പശു, ആട്, മുയൽ, കോഴി, അലങ്കാര പക്ഷികൾ എന്നിവയടങ്ങുന്ന എല്ലാവിധ പക്ഷി-മൃഗ ഫാമുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മാതൃകാ ഫാം സ്റ്റേ, ഫാം വിസിറ്റ്, ഫാം പഠനം തുടങ്ങിയ ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ ബിന്ദു ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, നവ കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, മറ്റു ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Verified by MonsterInsights