ഭക്ഷണം, ആരോഗ്യം, വസ്ത്രമുൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനിൽപ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികാധ്വാനത്തെ തിരസ്കരിക്കുന്ന വർത്തമാന സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം വരേണ്ടതുണ്ട്. അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന തലമുറ മണ്ണിനെ സ്നേഹിച്ചും അധ്വാനിച്ചും ജീവിച്ചതിന്റെ തുടർച്ചയാണ് നമ്മൾ അനുഭവിക്കുന്നത്. പുതുമയെ വാരിപ്പുണരുകയും വിവര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിലെത്തുമ്പോഴും അന്നത്തിനപ്പുറമൊന്നുമില്ല എന്ന ചിന്ത നമുക്കുണ്ടാകണം. മണ്ണ് ശരീരത്തിൽ പറ്റിയാൻ മോശമാണെന്ന ധാരണ നമുക്കുണ്ട്. മണ്ണിനെ ഉപേക്ഷിക്കുന്ന തലമുറ രോഗങ്ങളിലേക്കായിരിക്കും എത്തുക.
അതു കൊണ്ട് തന്നെ എല്ലാം വലിച്ചെറിയാനുള്ള ഇടമല്ല മണ്ണ്. മനുഷ്യൻ പ്രകൃതിക്കേൽപ്പിച്ച ആഘാതങ്ങളുടെ തുടർച്ചയാണ് ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങൾ. മണ്ണ് സംരക്ഷണമെന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തത്തിനപ്പുറം ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും ബാധ്യതയായി മാറണം. സമയമില്ലെന്ന പതിവ് ചൊല്ലുകൾക്കപ്പുറം മണ്ണിനും കൃഷിക്കും വേണ്ടി കൂടി ജീവിതം മാറ്റിവെക്കണം. വിദ്യാർത്ഥികളുൾപ്പെടെയുളള പുതുതലമുറ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാൻ മണ്ണ് ദിനാചരണം പ്രേരണയാകട്ടെയെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം മികച്ച സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ച മന്ത്രി മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മൽസരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികൾക്കും കർഷകർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
മണ്ണ് സംരക്ഷണ- പര്യവേക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.ജി. പ്രതാപ് രാജ് തുടങ്ങിയവർ സംബന്ധിച്ചു.