അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് മയോണൈസ്. ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരുടേയും ജീവന് എടുക്കുന്ന വില്ലനായി മയോണൈസ് മാറുന്നത്. മുട്ടയുടെ വെള്ളയും ഓയിലും അതിലേയ്ക്ക് നാരങ്ങാ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ചേര്‍ത്ത് നല്ലപോലെ അടിച്ച് പതപ്പിച്ച് ഒരു ക്രീം പരുവത്തില്‍ ഉണ്ടാക്കി എടുക്കുന്നതിനെയാണ് മയോണൈസ് എന്ന് പറയുന്നത്.
നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന ഈ മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നിവയുടെ കൂടെയാണ് വിളമ്പുന്നത്.
നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്.
എന്നാല്‍, ഇതില്‍ അമിതമായി കലോറി അടങ്ങിയിരുന്നു.
ഡയറ്റ് എടുക്കുന്നവര്‍ മയോണൈസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. പച്ചമുട്ടയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇതില്‍ അടങ്ങിയിരിക്കുന്ന സാല്മോണെല്ല ബാക്ടീരിയ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് വരാം.
ഇത് വായുവില്‍ തുറന്ന് ഇരിക്കും തോറും ഇതിലെ ബാക്ടീരിയയുടെ എണ്ണവും പെരുകികൊണ്ടിരിക്കും. ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഡയേറിയ, പനി, വയറുവേദന എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകാം.ഈ ബാക്ടീരിയ രക്തത്തില്‍ പ്രവേശിച്ചാല്‍ ഇത് മരണത്തിന് വരെ കാരണമാകാം.