കെഎസ്ആർടിസി ബസിനുനേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ടുദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. പടയപ്പ എന്ന കാട്ടാനയാണ് ബസിനുനേരെ ആക്രമണം നടത്തിയത്. പടയപ്പയുടെ ആക്രമണത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് തകർന്നു. ബസിനുനേരെ പാഞ്ഞടുത്ത ആന കൊമ്പ് കൊണ്ട് ചില്ല് കുത്തി പൊട്ടിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ നയമക്കാട് എസ്റ്റേറ്റ് പരിസരത്തായിരുന്നു ആക്രമണം. മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. ഗ്ലാസ് തകര്‍ത്തതിനാല്‍ സര്‍വീസ് ഉപേക്ഷിച്ചു. ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
രണ്ടുദിവസം മുമ്പും കെഎസ്ആർടിസി ബസിന് നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. മൂന്നാറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റിന് നേരെയാണ് അക്രമണമുണ്ടായത്. ബസിന് നേരെ പാഞ്ഞടുത്ത ആന മുൻഭാഗത്തേ ചില്ലുകൾ തകർത്തു.മൂന്നാർ നയമക്കാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു പടയപ്പയുടെ ആക്രമണം. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടൽ യാത്രക്കാരെ രക്ഷിക്കാനായി. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. ഇടുക്കി മൂന്നാറിലെ ഒറ്റയാനാണ് പടയപ്പയെന്നറിയപ്പെടുന്നത്. മൂന്നാറിൽ പടയപ്പ സജീവ സാന്നിദ്ധ്യം ആണ്.